സാമൂഹിക പ്രതിബദ്ധതയുള്ള പ്രഫഷനലുകളെ വാര്‍ത്തെടുക്കണം - പി.വി.സി
text_fieldsജിദ്ദ: സാമൂഹിക പ്രതിബദ്ധതയും ധാര്‍മികമൂല്യവുമുള്ള പ്രഫഷനലുകളുടെ തലമുറയെ വാര്‍ത്തെടുക്കുകയാണ് എ.പി.ജെ അബ്ദുല്‍കലാം കേരള ടെക്നോളജിക്കല്‍ യൂനിവേഴ്സിറ്റിയുടെ ലക്ഷ്യമെന്ന് പ്രോ വി.സി ഡോ. എം. അബ്ദുറഹ്മാന്‍. ആ രീതിയിലുള്ള പാഠ്യപദ്ധതിക്കാണ് സര്‍വകലാശാല ഊന്നല്‍ നല്‍കുന്നത്. വെറുതെയൊരു ബിരുദവും നേടി പോകുന്നത് മാത്രമാകരുത് വിദ്യാഭ്യാസം. അവനവന്‍െറ സാഹചര്യങ്ങളെയും പരിസരത്തെയും മനസ്സിലാക്കാനും അതിനിണങ്ങുന്ന ശൈലികള്‍ രൂപപ്പെടുത്താനും വിദ്യാഭ്യാസം ഉപകരിക്കണം. ആ രീതിയില്‍ മഹത്തായൊരു പരീക്ഷണമാണ് സാങ്കേതിക സര്‍വകലാശാല. സിലബസില്‍ മാത്രമല്ല, പഠന രീതിയിലും ശൈലിയിലും പരീക്ഷ നടത്തിപ്പിലുമൊക്കെ നവീനമായ പരിഷ്കാരങ്ങള്‍ കൊണ്ടുവരാനാണ് ശ്രമം. സെമസ്റ്റര്‍ എന്ന സാമ്പ്രദായിക സങ്കല്‍പം മാറ്റി ട്രൈമെസ്റ്റര്‍ ശൈലി സ്വീകരിച്ചതൊക്കെ ഇതിന്‍െറ ഭാഗമാണെന്നും കുടുംബത്തോടൊപ്പം ഉംറ ചെയ്യാനത്തെിയ ഡോ. അബ്ദുറഹ്മാന്‍ ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു.
കേരളത്തിലെ സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് ഒരുപാട് മാറ്റങ്ങള്‍ വരേണ്ടതുണ്ട്. പരീക്ഷ എങ്ങനെ ജയിക്കാം എന്നാണ് നിലവില്‍ വിദ്യാര്‍ഥികളെ പഠിപ്പിക്കുന്നത്. അത് മാറണം. എന്തു പഠിക്കുന്നു, എന്തിനുവേണ്ടി പഠിപ്പിക്കുന്നു എന്ന് വ്യക്തമാകാത്തിടത്തോളം പഠനം കൊണ്ടു ഗുണമില്ല. കേരളത്തില്‍ നിലവിലുള്ള സര്‍വകലാശാലകളെ പോലെ ആകരുത് എ.പി.ജെ അബ്ദുല്‍ കലാം സര്‍വകലാശാലയെന്ന് നിര്‍ബന്ധമുണ്ടായിരുന്നു. എന്തെങ്കിലും സമൂഹത്തിന് വേണ്ടി ചെയ്യണമെന്നായിരുന്നു ലക്ഷ്യം. നല്ല പിന്തുണയാണ് സര്‍ക്കാരിന്‍െറ ഭാഗത്ത് നിന്ന് ലഭിച്ചത്. ഇന്നത്തെ സാങ്കേതിക വിദ്യക്കൊപ്പം നില്‍ക്കുന്ന വിദ്യാഭ്യാസ സമ്പ്രദായമാണ് പരീക്ഷിക്കുന്നത്. എപ്പോള്‍ വേണമെങ്കിലും സിലബസ് പരിഷ്കരിക്കാവുന്ന വഴക്കം സര്‍വകലാശാലയുടെ ഘടനയിലുണ്ട്. പുതിയൊരു വിദ്യ പ്രാബല്യത്തില്‍ വരുമ്പോള്‍ സിലബസിലും അതിനനുസരിച്ച മാറ്റം വരും. പ്രാക്ടിക്കലിനാണ് കൂടുതല്‍ പ്രാധാന്യം. കാണാപ്പാഠം പഠിച്ചു എഴുതുകയെന്നതല്ല കാഴ്ചപ്പാട്. ഓരോ വര്‍ഷവും നിശ്ചിത എണ്ണം ബിസിനസ് ആശയങ്ങള്‍ നിര്‍ബന്ധമാക്കി. ധാര്‍മിക മൂല്യത്തിലും സാമൂഹിക പ്രതിബദ്ധതയിലും അധിഷ്ഠിതമാണ് പാഠ്യപദ്ധതിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സാങ്കേതിക വിദ്യയെ നല്ലകാര്യത്തിനും മോശം കാര്യത്തിനും ഉപയോഗിക്കാം. അതു തിരിച്ചറിയാന്‍ ഒരാളെ പ്രാപ്തനാക്കുകയെന്നതാകണം വിദ്യാഭ്യാസത്തിന്‍െറ ലക്ഷ്യം. വിദ്യാര്‍ഥി ചെയ്യുന്ന പ്രോജക്റ്റുകള്‍ക്ക് സാമൂഹിക പ്രസക്തിയുമുണ്ടാകണം. എന്‍.എസ്.എസ് പോലുള്ള സേവന സംവിധാനങ്ങള്‍ അതുകൊണ്ട് തന്നെ ഇവിടെ പഠനത്തിന്‍െറ ഭാഗമാണ്. 10 ക്ളസ്റ്ററുകളാണ് സംസ്ഥാനത്ത് നിലവിലുള്ളത്. ഓരോ ക്ളസ്റ്ററിനും അതാതിടത്തെ പ്രാദേശികമായ പ്രത്യേകതകള്‍ക്കനുസൃതമായി സിലബസ് നിശ്ചയിക്കാം. അത് നിരീക്ഷിക്കാന്‍ കൃത്യമായ സംവിധാനങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. സസ്റ്റൈനബിള്‍ എന്‍ജിനീയറിങ് എന്നൊരു വിഷയം തന്നെ ആദ്യ വര്‍ഷം കൊണ്ടുവന്നിരുന്നു. അതിന്‍െറ അടിസ്ഥാനത്തില്‍ അനവധി പ്രോജക്ടുകളാണ് വിദ്യാര്‍ഥികള്‍ തയാറാക്കിയത്.
ഇത്തവണ നടപ്പാക്കാനാകാതെ പോയ ഓണ്‍ലൈന്‍ പരീക്ഷ സംവിധാനം എന്തായാലും വന്നേ തീരൂവെന്നും ഡോ. അബ്ദുറഹ്മാന്‍ പറയുന്നു. പൂര്‍ണമായും കടലാസ് രഹിത സര്‍വകലാശാലയെന്ന ലക്ഷ്യത്തിലേക്കുള്ള പാതയിലാണ് സ്ഥാപനം. അതുകൊണ്ടുതന്നെ ഓണ്‍ലൈന്‍ പരീക്ഷയും മൂല്യനിര്‍ണയവും നിര്‍ബന്ധമാണ്. സാങ്കേതിക സര്‍വകാലാശാല അല്ളെങ്കില്‍ വേറെ ആരാണ് ഇത് കൊണ്ടുവരിക. പ്രവേശ നടപടികള്‍ മുഴുവന്‍ ഓണ്‍ലൈനിലാണ്. ചോദ്യപേപ്പറുകള്‍ തയാറാക്കുന്നതും പല തലങ്ങളിലൂടെ അത് പരീക്ഷ ഹാളില്‍ വിദ്യാര്‍ഥിയുടെ കൈകളിലത്തെുന്നതുമൊക്കെ കൃത്യമായ സുരക്ഷ സംവിധാനങ്ങള്‍ ഉറപ്പുവരുത്തിയാണ്. നിലവില്‍ ചോദ്യപേപ്പര്‍ കൈമാറുന്ന രീതിയേക്കാളും പതിന്‍മടങ്ങ് സുരക്ഷിതമാണ് ഈ രീതി. സാധാരണ നടക്കുന്ന ഒബ്ജക്റ്റീവ് രീതിയിലുള്ള ഓണ്‍ലൈന്‍ പരീക്ഷ അല്ലയിത്. വിവരണാത്മക രീതിയിലുള്ള പരീക്ഷയുടെ ഉത്തരക്കടലാസുകള്‍ അത് കഴിഞ്ഞയുടന്‍ തന്നെ സ്കാന്‍ ചെയ്ത് സര്‍വകലാശാലയുടെ സര്‍വറിലേക്ക് അപ്ലോഡ് ചെയ്യുന്നു. അവിടെ നിന്ന് മൂല്യനിര്‍ണയത്തിനായി ഓണ്‍ലൈന്‍ വഴി തന്നെ കൈമാറുന്നു. ഈ സംവിധാനങ്ങള്‍ക്കായി സര്‍വകലാശാല ടെണ്ടര്‍ ചെയ്തിരുന്നു. അതിനായി ഏജന്‍സിയെ നിശ്ചയിക്കുകയും ചെയ്തു. അപ്പോഴേക്കും പ്രശ്നങ്ങള്‍ ഉണ്ടായി. ചോദ്യം ഉണ്ടാക്കുന്നതും മൂല്യനിര്‍ണയം നടത്തുന്നതുമൊക്കെ ഈ ഏജന്‍സിയാണെന്നും പരീക്ഷയുടെ സ്വകാര്യത നഷ്ടപ്പെടുന്നുവെന്നുമൊക്കെ പറഞ്ഞ് വിവാദമുയര്‍ത്തി. അധ്യാപക, വിദ്യാര്‍ഥി സംഘടനകളൊക്കെ എതിര്‍പ്പുമായി രംഗത്തുവന്നു. യഥാര്‍ഥത്തില്‍ ഇതിനുള്ള സാങ്കേതിക സഹായം മാത്രമാണ് ഏജന്‍സി നല്‍കുന്നത് എന്ന വസ്തുത ആരും പരിഗണിച്ചില്ല. ഈ സഹായം നല്‍കാനുള്ള സര്‍ക്കാര്‍ ഏജന്‍സികളൊന്നും നിലവിലില്ല എന്നതും ശ്രദ്ധിക്കപ്പെട്ടില്ല. അവസാനം ആദ്യ സെമസ്റ്ററില്‍ ഈ സംവിധാനം വേണ്ടന്ന് മന്ത്രിതലത്തില്‍ നിന്ന് തീരുമാനമുണ്ടായി. സി ഡാകുമായി ഇക്കാര്യത്തില്‍ ഇപ്പോള്‍ ആശയ വിനിമയം നടന്നുവരുന്നു. എന്തായാലും ഈ സംവിധാനം വന്നേ പറ്റൂ. - അബ്ദുറഹ്മാന്‍ പറഞ്ഞു. ഭാര്യ പി.ഐ.ബി ഉദ്യോഗസ്ഥയായ നീതു സോന ഐ.എ.എസും ഒപ്പമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
