ജുബൈലില്‍ നിന്ന് ഉംറക്ക് പോയ പിതാവും മകളും വാഹനാപകടത്തില്‍ മരിച്ചു
text_fieldsജുബൈല്‍: ഉംറക്ക് പോയ കുടുംബം സഞ്ചരിച്ച വാഹനം അപകടത്തില്‍ പെട്ട് മംഗലാപുരം സ്വദേശികളായ പിതാവും മകളും മരിച്ചു. റിയാദ് -ജിദ്ദ റോഡില്‍ ത്വാഇഫിന് സമീപം ദിലമില്‍ ഞായറാഴ്ച ഉച്ചക്ക് 1.40 നായിരുന്നു അപകടം. ജുബൈല്‍ നഗരത്തില്‍ റിദ്വ എന്നപേരില്‍ തുണിക്കട നടത്തുന്ന ഭട്കല്‍ മദീന കോളനിയില്‍ ഫയാസ് ഗവൈ (45), മകള്‍ ഫിസ (7) എന്നിവരാണ് മരിച്ചത്.
ഫയാസിന്‍െറ ഭാര്യ ഫൈസ (38) മക്കളായ ഉമര്‍ (4) ഫൈഹാന്‍ (2) ബന്ധുക്കളായ അന്‍സാര്‍ ശിങ്ങേതി (46), യാസിര്‍ മന്ന (40) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ ത്വാഇഫ് കിങ് അബ്ദുല്‍ അസീസ് ആശുപത്രിയില്‍ ചികിത്സയിലാണ്. മരിച്ച ഫയാസും മകള്‍ ഫിസയും വാഹനത്തിന്‍െറ പിറകിലായിരുന്നു. ഇവര്‍ സഞ്ചരിച്ചിരുന്ന ഫോര്‍ച്യുണര്‍ കാറിന്‍െറ പിറകില്‍ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു. ഇരുവരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. മൃതദേഹം ദിലം ആശുപത്രി മോര്‍ച്ചറിയില്‍.
യാസിര്‍ മന്നയായിരുന്നു വാഹനം ഓടിച്ചിരുന്നത്. ഭട്കല്‍ മുസ്ലിം അസോസിയേഷന്‍ ഭാരവാഹികളുടെ നേതൃത്വത്തില്‍ മൃതദേഹങ്ങള്‍ നാട്ടില്‍ കൊണ്ടുപോകാനുള്ള ശ്രമം നടക്കുന്നു.