ശമ്പളമില്ല; പരാതി നല്‍കി അനുകൂല വിധി സമ്പാദിച്ച രണ്ട് മലയാളികള്‍ കൂടി നാടണഞ്ഞു
text_fieldsഖമീസ് മുശൈത്: ഹൗസ് ഡ്രൈവറായി എത്തി ആറുമാസം ജോലി ചെയ്തിട്ടും ശമ്പളം ലഭിക്കാതെ വന്നതോടെ ലേബര്‍ കോടതിയില്‍ നല്‍കിയ പരാതിയില്‍ അനുകൂല വിധി സമ്പാദിച്ച് രണ്ട് മലയാളികള്‍ കൂടി നാടണഞ്ഞു. തിരുവനന്തപുരം ബീമാപള്ളി സ്വദേശി ഷിദിലാല്‍ ത്വാഹ (28), പാലക്കാട് കൈപ്പറമ്പ് സ്വദേശി നൗഫല്‍ (26) എന്നിവരാണ് മടങ്ങിയത്.
ആറുമാസം മുമ്പാണ് രണ്ട് പേരും വ്യത്യസ്ത സ്പോണ്‍സറുടെ കീഴില്‍ അബഹയില്‍ എത്തുന്നത്. 1500 റിയാലാണ് ശമ്പളമായി പറഞ്ഞിരുന്നത്. ഷിദിലാല്‍ മൂന്ന് മാസം സ്വന്തം സ്പോണ്‍സറുടെ കീഴിലും ശേഷമുള്ള മൂന്ന് മാസം ഇദ്ദേഹത്തിന്‍െറ ബന്ധുവിന്‍െറ വീട്ടിലും ജോലി ചെയ്തു. എന്നാല്‍ ഈ ആറ് മാസകാലയളവില്‍ ആകെ 500 റിയാല്‍ മാത്രമേ സ്പോണ്‍സര്‍ നല്‍കിയിരുന്നുള്ളൂ. ലഭിക്കേണ്ട ബാക്കി ശമ്പളമായ 8,500 റിയാല്‍ ആവശ്യപ്പെട്ടപ്പോള്‍ തരാന്‍ കഴിയില്ളെന്നും പരാതി കൊടുക്കുവാനുമാണ് സ്പോണ്‍സര്‍ പറഞ്ഞത്. അങ്ങനെ, ഖമീസിലെ സാമൂഹിക പ്രവര്‍ത്തകന്‍ ഇബ്രാഹീം പട്ടാമ്പിയുമായി ബന്ധപ്പെട്ട് ലേബര്‍ കോടതിയില്‍ പരാതി നല്‍കി. ഇതറിഞ്ഞ സ്പോണ്‍സറും കൂട്ടാളികളും ചേര്‍ന്ന് ഷിദിലാലിനെ നിര്‍ബന്ധിപ്പിച്ച് ഇതുവരെയുള്ള മുഴുവന്‍ ശമ്പളവും ലഭിച്ചു എന്ന് എഴുതി അതില്‍ വിരലടയാളം പതിപ്പിച്ച് വാങ്ങി. എന്നാല്‍ പരാതി പരിഗണിച്ച ജഡ്ജിക്ക് സ്പോണ്‍സര്‍ ഹാജരാക്കിയ രേഖയിലെ വിരലടയാളത്തില്‍ സംശയം തോന്നിയതിനാല്‍ കേസ് ലേബര്‍ കോടതി മേധാവിയെ ഏല്‍പ്പിച്ചു. അദ്ദേഹത്തിന്‍െറ ആവശ്യപ്രകാരം കോടതിയില്‍ സത്യം ചെയ്യാനായി സ്പോണ്‍സറോട് ആവശ്യപ്പെട്ടു. ആദ്യം മടിച്ച് നിന്ന സ്പോണ്‍സര്‍ മണിക്കൂറുകള്‍ക്ക് ശേഷം 750 റിയാല്‍ മാത്രമേ താന്‍ ശമ്പളയിനത്തില്‍ കൊടുക്കാന്‍ ബാക്കിയുള്ളൂവെന്ന് സത്യം ചെയ്തു. അതോടെ ഷിദിലാലിന് 750 റിയാല്‍ നല്‍കാനും എക്സിറ്റ് അടിച്ച് പാസ്പോര്‍ട്ട് കൈമാറാനും കോടതി വിധിച്ചു. സ്വന്തമായി എടുത്ത ടിക്കറ്റില്‍ വ്യാഴാഴ്ച ഇദ്ദേഹം നാട്ടിലേക്ക് മടങ്ങി.
നൗഫല്‍ നാല് മാസം സ്പോണ്‍സറോടൊപ്പം ജോലി ചെയ്തു.
എന്നാല്‍ ശമ്പളം ചോദിച്ചപ്പോള്‍ ഓരോ കാരണം പറഞ്ഞ് താമസിപ്പിച്ചതോടെ ഖമീസിലെ ഒരു സാമൂഹിക പ്രവര്‍ത്തകന്‍െറ സഹായത്താല്‍ ലേബര്‍ കോടതിയില്‍ പരാതി നല്‍കി. പല തവണ കോടതി വിളിച്ചിട്ടും സ്പോണ്‍സര്‍ ഹാജരാകാതിരുന്നതിനെ തുടര്‍ന്ന് അദ്ദേഹത്തിന് സര്‍ക്കാരിന്‍െറ എല്ലാ സഹായങ്ങളും മരവിപ്പിച്ചു. അവസാനം സ്പോണ്‍സറും നൗഫലും തമ്മില്‍ 3,000 റിയാലിന് ഒത്തുതീര്‍പ്പാകുകയും പുതിയ സ്പോണ്‍സറില്‍ നിന്നും റീ എന്‍ട്രി വിസയില്‍ നൗഫല്‍ ഞായറാഴ്ച നാട്ടിലേക്ക് മടങ്ങുകയും ചെയ്തു.