വധിക്കപ്പെട്ടവരില്‍ ഫ്രാങ്ക് ഗാര്‍ഡ്നര്‍ വധശ്രമക്കേസ് പ്രതിയും
text_fieldsജിദ്ദ: സൗദി അറേബ്യ കഴിഞ്ഞ ദിവസം വധശിക്ഷക്ക് വിധേയരാക്കിയവരില്‍ ലോകപ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ ഫ്രാങ്ക് ഗാര്‍ഡ്നറെ കൊല്ലാന്‍ ശ്രമിച്ചയാളും. ബി.ബി.സിയുടെ സെക്യൂരിറ്റി കറസ്പോണ്ടന്‍റായ ഗാര്‍ഡ്നര്‍ക്ക് നേരെ 2004 ല്‍ റിയാദില്‍ വെച്ചാണ് ആദില്‍ അല്‍ ദുബൈതി വെടിയുതിര്‍ത്തത്. അല്‍ഖാഇദയെ കുറിച്ചുള്ള റിപ്പോര്‍ട്ടിനായി യാത്ര ചെയ്യുമ്പോഴാണ് റിയാദിന് സമീപത്തുള്ള സുവൈദിയില്‍ മാധ്യമസംഘത്തിന് നേരെ ആക്രമണമുണ്ടായത്. വെടിയേറ്റ ബി.ബി.സി കാമറാമാന്‍ സൈമണ്‍ കമ്പേഴ്സ് സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ആറു വെടിയുണ്ടകളാണ് ഗാര്‍ഡ്നറുടെ ശരീരത്തില്‍ തുളച്ചുകയറിയത്. നെഞ്ചിലും വയറ്റിലും തോളിലും കാലിലുമൊക്കെ വെടിയേറ്റ നിലയിലാണ് മൃതപ്രായനായ ഗാര്‍ഡ്നറെ ആശുപത്രിയിലത്തെിച്ചത്. വെടിയുണ്ടകളില്‍ ഒന്നൊഴികെ ബാക്കിയെല്ലാം ശരീരത്തിലെ ജീവല്‍പ്രധാനമായ അവയവങ്ങളെ സ്പര്‍ശിക്കാതെ കടന്നുപോയത് അദ്ദേഹത്തെ ചികിത്സിച്ച ഡോക്ടര്‍മാരെ അത്ഭുതപ്പെടുത്തി. ആറുവെടിയുണ്ടകള്‍ ഏറ്റ ഒരാള്‍ മരണത്തെ അതിജീവിക്കുകയെന്ന വിസ്മയകരമായ വൈദ്യകൗതുകം പിന്നീട് വലിയ വാര്‍ത്തയായി. എന്നാല്‍, വയറുതുളച്ച് നട്ടെല്ലിനെ സ്പര്‍ശിച്ച വെടിയുണ്ട ഗാര്‍ഡ്നറെ ശയ്യാവലംബിയാക്കി. ശരീരം ഭാഗികമായി തളര്‍ന്നു. കാലുകള്‍ക്ക് ചലന ശേഷി നഷ്ടപ്പെട്ട അദ്ദേഹം വീല്‍ചെയറിലായി. 14 ശസ്ത്രക്രിയകളാണ് പിന്നീടുള്ള ഏഴുമാസങ്ങളില്‍ ഗാര്‍ഡ്നറിന്‍െറ ശരീരത്തില്‍ നടത്തിയത്. 54 കാരനായ അദ്ദേഹം തളര്‍ന്ന ശരീരത്തോട് പൊരുതി ജീവിതത്തിലേക്ക് തിരിച്ചു വന്നു. പത്ര പ്രവര്‍ത്തന ജീവിതവും പുനഃരാരംഭിച്ചു. മാസങ്ങള്‍ക്ക് ശേഷം വീല്‍ ചെയറില്‍ തന്നെ അദ്ദേഹം ടി.വിയില്‍ പ്രത്യക്ഷപ്പെട്ടു. ആക്രമണത്തെ തുടര്‍ന്നുള്ള മാസങ്ങളില്‍ തന്‍െറ പശ്ചിമേഷ്യന്‍ മാധ്യമ ജീവിതത്തെ കുറിച്ചുള്ള ‘ബ്ളഡ് ആന്‍ഡ് സാന്‍ഡ്’ എന്ന പുസ്തകം എഴുതി പൂര്‍ത്തിയാക്കി.
1998 ല്‍ ബി.ബി.സിയുടെ ഗള്‍ഫ് മേഖലയിലെ ആദ്യത്തെ മുഴുസമയ മാധ്യമപ്രവര്‍ത്തകനായാണ് ഗാര്‍ഡ്നര്‍ ഇവിടെയത്തെുന്നത്. അതിനും മുമ്പ്, ലോക പ്രശസ്ത അറേബ്യന്‍ സഞ്ചാരി വില്‍ഫ്രഡ് തെസീഗറിനെ പരിചയപ്പെടാന്‍ ബാല്യത്തില്‍ ലഭിച്ച അവസരം അറേബ്യയോടുള്ള അദ്ദേഹത്തിന്‍െറ താല്‍പര്യം ഊട്ടിയുറപ്പിച്ചിരുന്നു. തെസിഗറില്‍ ആകൃഷ്ടനായ ഗാര്‍ഡ്നര്‍ അറേബ്യയയിലും അതിന്‍െറ സംസ്കാരത്തിലും അനുരക്തനായി. ചെറുപ്പത്തില്‍ തന്നെ അറബിഭാഷ അഭ്യസിച്ചു.
വേള്‍ഡ് ട്രേഡ് സെന്‍റര്‍ ആക്രമണത്തിന് ശേഷം ‘ഭീകരവിരുദ്ധ യുദ്ധ’ റിപ്പോര്‍ട്ടിങ്ങില്‍ സ്പെഷലൈസ് ചെയ്തു. ഈ കഥകള്‍ പ്രതിപാദിക്കുന്ന 2006 പ്രസിദ്ധീകരിച്ച ‘ബ്ളഡ് ആന്‍ഡ് സാന്‍ഡ്’ ആ വര്‍ഷത്തെ ബെസ്റ്റ് സെല്ലറായി. അസാധാരണ യാത്രകളെയും പ്രദേശങ്ങളെയും കുറിച്ചുള്ള ‘ഫാര്‍ ഹൊറൈസന്‍’ എന്ന പുസ്തകം 2009 ല്‍ പ്രസിദ്ധീകരിച്ചു. പത്രപ്രവര്‍ത്തന രംഗത്തെ സംഭാവനകള്‍ക്ക് നിരവധി അവാര്‍ഡുകളും തേടിയത്തെി. ഗാര്‍ഡ്നറെ ആക്രമിച്ച ദുബൈതിയെ 2014 ലാണ് വധശിക്ഷക്ക് സൗദി കോടതി വിധിച്ചത്.
താനൊരിക്കലും ദുബൈതിക്ക് മാപ്പുനല്‍കില്ളെന്ന് അന്ന് ഗാര്‍ഡ്നര്‍ പറഞ്ഞിരുന്നു. ‘ഒരിക്കലും അയാള്‍ക്ക് തന്‍െറ പ്രവര്‍ത്തിയില്‍ ഖേദം ഉണ്ടായിരുന്നില്ല. മാപ്പുപറയാനും തയാറായിട്ടില്ല.
ഞങ്ങളെ ആക്രമിച്ച സമയത്തെ അതേ മാനസികാവസ്ഥയിലാണ് ഇപ്പോഴും അയാള്‍. അതുകൊണ്ട് തന്നെ അയാള്‍ക്ക് മാപ്പുനല്‍കുകയെന്നത് ഒരു സാധ്യതയേയല്ല’ -2014 ല്‍ ബ്രിട്ടീഷ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. ദുബൈതിയെ കാണാന്‍ വാഗ്ദാനം ചെയ്യപ്പെട്ട അവസരവും ഗാര്‍ഡ്നര്‍ നിരസിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.