പ്രതിരോധ സാമഗ്രികളുടെ പ്രദര്‍ശനം സമാപിച്ചു
text_fieldsറിയാദ്: സൗദി കമ്പനികള്‍ നിര്‍മിച്ച പ്രതിരോധ സാമഗ്രികളുടെ കൂറ്റന്‍ പ്രദര്‍ശനം സമാപിച്ചു. 40000 കമ്പനികള്‍ക്ക് നിക്ഷേപത്തിനുള്ള അവസരമൊരുക്കിയ മിഡ്ലീസ്റ്റിലെ ഏറ്റവും വലിയ പ്രദര്‍ശനത്തിനാണ് ശനിയാഴ്ചയോടെ തിരശ്ശീല വീണത്. വിവിധ തദ്ദേശ കമ്പനികള്‍ സ്വന്തമായി നിര്‍മിച്ച സൈനിക ഉപകരണങ്ങളുടെ പാര്‍ട്സുകളും സൈനിക വാഹനങ്ങളുമാണ് പ്രദര്‍ശനത്തിനുണ്ടായിരുന്നത്. സൈനിക ഉപകരണങ്ങളുടെ പാര്‍ട്സുകളുടെ നിര്‍മാണ രംഗത്ത് സ്വയം പര്യാപ്തത ലക്ഷ്യമിട്ടാണ് മേള സംഘടിപ്പിച്ചത്. പ്രതിരോധ രംഗത്തുള്ള 60 ശതമാനം പാര്‍ട്സുകളും സൗദിയില്‍ തന്നെയാണ് നിര്‍മിക്കുന്നത്. തദ്ദേശ കമ്പനികളുടെ സ്റ്റാളുകള്‍ക്ക് പുറമെ പ്രതിരോധ മേഖലയിലെ വന്‍കിട കമ്പനികളായ ബോയിംഗ്, ബി.എ.ഇ സിസ്റ്റംസ്, ജനറല്‍ ഡൈനാമിക്സ്, ലോക്ഹീഡ് മാര്‍ട്ടിന്‍, തെയില്‍സ്, ഓഷ്കോഷ് തുടങ്ങിയ കമ്പനികളുടെ ഉല്‍പന്നങ്ങളും പ്രദര്‍ശിപ്പിച്ചിരുന്നു. ഏഴു ദിവസം നീണ്ടു നിന്ന പ്രദര്‍ശനം വന്‍ നിക്ഷേപ സാധ്യതകള്‍ തുറന്നിട്ടാണ് സമാപിച്ചതെന്ന് നാഷണല്‍ ഗാര്‍ഡ് ബ്രിഗേഡിയര്‍ ജനറല്‍ അതിയ്യ ബിന്‍ സ്വാലിഹ് പറഞ്ഞു. അത്യാധുനിക യുദ്ധ വിമാനങ്ങളായ ടോര്‍പിഡോ, ടൊര്‍ണാഡോ, ഹോക്, എഫ് 16, അപ്പാച്ചെ ഹെലികോപ്റ്റര്‍ തുടങ്ങിയവയുടെ മാതൃകകളാണ് അന്താരാഷ്ട്ര കമ്പനികളുടെ സ്റ്റാളുകളില്‍ പ്രദര്‍ശിപ്പിച്ചിരുന്നത്. ഫോര്‍ഡ്, ടൊയോട്ട എന്നിവയുടെ അത്യാധുനിക കവചിത വാഹനങ്ങളും മേളയിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.