ഖതീഫിലെ അവാമിയയില്‍ വെടിവെപ്പ്; കഴുത്തില്‍ വെടിയുണ്ട തറച്ച ഇന്ത്യക്കാരന്‍ മരിച്ചു
text_fieldsഖതീഫ്: നഗരത്തിലെ അവാമിയയില്‍ സുരക്ഷ ഉദ്യോഗസ്ഥരും തീവ്രവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ വെടിയേറ്റ ഇന്ത്യക്കാരന്‍ മരിച്ചതായി കിഴക്കന്‍ പ്രവിശ്യ പൊലീസ് വക്താവ് സ്ഥിരീകരിച്ചു. യു.പി ബനാറസ് സ്വദേശി മന്‍സൂര്‍ ആണ് മരിച്ചത്. സൈന്യവും തീവ്രവാദികളും തമ്മില്‍ വെടിവെപ്പ് തുടരുന്നതിനിടെ യുവാവ് താമസിക്കുന്ന മുറിയുടെ ചുമര്‍ തുളച്ചു കയറിയ വെടിയുണ്ട കഴുത്തിലും ചുമലിലും തറക്കുകയായിരുന്നു. അവാമിയയിലെ ഫയര്‍ സര്‍വീസിന് പിറകിലായി താമസിക്കുന്ന പാലക്കാട് ആലത്തൂര്‍ സ്വദേശി ശംസുദ്ദീനും സംഭവത്തില്‍ പരിക്കേറ്റിരുന്നു. ഹൗസ് ഡ്രൈവറായ ഇയാളുടെ മുറിയുടെ ചുമരില്‍ വെടിയുണ്ട തുളഞ്ഞു കയറിയതിനെ തുടര്‍ന്ന് തെറിച്ച കല്‍ചീളുകള്‍ പിരടിയില്‍ തട്ടിയാണ് നിസ്സാര പരിക്കേറ്റത്. മുറിക്കകത്തേക്ക് വന്ന വെടിയുണ്ടയില്‍ നിന്ന് തലനാരിഴക്കാണ് ശംസു രക്ഷപ്പെട്ടത്. ഇതേ മുറിയില്‍ താമസിക്കുന്ന കൊല്ലം അഞ്ചല്‍ അയ്യൂര്‍ സ്വദേശി രാഹുലിന് കൈയിലാണ് വെടിയേറ്റത്. ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. 10 ദിവസം മുമ്പാണ് രാഹുല്‍ ഹൗസ് ഡ്രൈവര്‍ വിസയിലത്തെിയത്. യു.പിക്കാരനായ മുഹമ്മദ് വാസിം ആരിഫ് എന്നയാള്‍ക്കും പരിക്കേറ്റിട്ടുണ്ട്. എല്ലാവരും അടുത്തടുത്ത മുറിയില്‍ താമസിക്കുന്നവരാണ്. ചൊവ്വാഴ്ച വൈകിട്ട് 3.50 ഓടെയാണ് പ്രദേശത്തെ മലയാളികളുള്‍പ്പെടെ പ്രവാസികളെ നടുക്കിയ സംഭവ പരമ്പരകളുടെ തുടക്കം. ഇത് സംബന്ധിച്ച് ‘ഗള്‍ഫ് മാധ്യമം’ ബുധനാഴ്ച വാര്‍ത്ത നല്‍കിയിരുന്നു. നിരവധി കേസുകളില്‍ പിടികിട്ടാനുള്ള തീവ്രവാദി അലി മഹ്മൂദ് അലി അബ്ദുല്ല അവാമിയയിലെ കൃഷിയിടങ്ങളിലൊന്നില്‍ ഒളിവില്‍ താമസിക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് പ്രദേശം വളഞ്ഞ സൈന്യം ഇയാളെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ വെടിവെപ്പുണ്ടാവുകയായിരുന്നു. സേനയുടെ പ്രത്യാക്രമണത്തില്‍ അലി കൊല്ലപ്പെട്ടു. തുടര്‍ന്നാണ് തീവ്രവാദികളും സേനാംഗങ്ങളും തമ്മില്‍ വെടിവെപ്പുണ്ടായത്. ബുധനാഴ്ച പുലര്‍ച്ചെയാണ് ഏറ്റുമുട്ടല്‍ അവസാനിച്ചത്. സംഭവം നടക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി ചുമര്‍ തുരന്നത്തെിയ വെടിയുണ്ട യു.പി സ്വദേശിയുടെ തലയില്‍ തറച്ചത്. മുറിക്ക് പുറത്ത് വെടിവെപ്പ് തുടര്‍ന്നതിനാല്‍ പുറത്തിറങ്ങാനോ ആശുപത്രിയില്‍ കൊണ്ടുപോകാനോ കഴിയാതെ രക്തം വാര്‍ന്നാണ് മരണം. സംഭവം നടക്കുമ്പോള്‍ പുറത്തായിരുന്ന ഇയാളുടെ സഹോദരന് മുറിയിലത്തൊന്‍ കഴിയാത്തതും തിരിച്ചടിയായി. രാവിലെ അധികൃതരത്തെിയാണ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയത്. തീവ്രവാദികള്‍ റോഡില്‍ ടയര്‍ കത്തിച്ചും മറ്റും തീയിട്ടതിനാല്‍ രാത്രി മുഴുവന്‍ ഭീകരാന്തരീക്ഷമായിരുന്നുവെന്ന് പരിസരത്ത് താമസിക്കുന്ന മലയാളികള്‍ അറിയിച്ചു.