പൂട്ടിയ പെട്രോള്‍ പമ്പുകള്‍ ഉടന്‍ തുറക്കും
text_fieldsജിദ്ദ: എക്സ്പ്രസ് റോഡുകളില്‍ അടച്ചു പൂട്ടിയ പെട്രോള്‍ പമ്പുകള്‍ തുറക്കാനൊരുങ്ങുന്നു. മുനിസിപ്പല്‍ ഗ്രാമ മന്ത്രാലയം അംഗീകരിച്ച കമ്പനികളുമായി ധാരണയുണ്ടാക്കാന്‍ ചില പമ്പ് ഉടമകള്‍ തയാറായതിനെ തുടര്‍ന്നാണിത്. സ്ഥാപനം പൂട്ടിയതിനെതിരെ ചില പമ്പ് ഉടമകള്‍ പരാതി നല്‍കിയിരുന്നു. ഇത് സംബന്ധിച്ച് തീരുമാനമെടുക്കുന്നതുവരെ 12 പമ്പുകള്‍ക്ക് താത്കാലികമായി പ്രവര്‍ത്തിക്കാനും അനുമതി നല്‍കിയിട്ടുണ്ട്. മുനിസിപ്പാലിറ്റി നിബന്ധനകള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് ജിദ്ദയിലെ പ്രധാന റോഡുകളിലെ പെട്രോള്‍ പമ്പുകള്‍ക്ക് കീഴിലെ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടിയിട്ട് ഒരു മാസത്തോളമായി. എങ്കിലും പെട്രോള്‍ വില്‍പനയും പള്ളിയും തുടരാന്‍ അനുമതി നല്‍കിയിരുന്നു. രണ്ട് വര്‍ഷം മുമ്പാണ് മുനിസിപ്പല്‍ മന്ത്രാലയം പമ്പുകള്‍ക്ക് നിബന്ധനകള്‍ ഏര്‍പ്പെടുത്തിയത്. ഹൈവേകളിലൂടെ പോകുന്ന യാത്രക്കാര്‍ക്ക് പമ്പുകളിലും ഒപ്പമുള്ള കച്ചവട സ്ഥാപനങ്ങളിലും ലഭിക്കുന്ന സേവനം മികച്ചതാക്കുകയായിരുന്നു ലക്ഷ്യം. പമ്പുകളുടെ പ്രവര്‍ത്തനത്തിന് അംഗീകൃത കമ്പനികളുമായി ധാരണയുണ്ടാക്കുക, പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും വെവ്വേറെ ശൗച്യാലയങ്ങള്‍ ഉണ്ടാക്കുക, അറ്റകുറ്റപ്പണിക്കും ശുചീകരണ ജോലികള്‍ക്കും കരാറുണ്ടാക്കുക, നിശ്ചിത വിസ്തീര്‍ണം ഉണ്ടായിരിക്കുക തുടങ്ങിവയാണ് പ്രധാന നിബന്ധനകള്‍. ഇത് പാലിക്കാന്‍ ഉടമകള്‍ മുന്നോട്ട് വന്നതോടെ പ്രതിസന്ധിക്ക് താത്കാലിക പരിഹാരമായിരിക്കയാണ്. മദീന മേഖലയിലും നിരവധി പെട്രോള്‍ പമ്പുകള്‍ അടച്ചുപൂട്ടിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.