സൗദി ദേശീയോത്സവം: തീയില്‍ കുരുത്ത കരുത്തുമായി അലി ഗാമിരി
text_fieldsറിയാദ്: ജനാദിരിയയില്‍ അരങ്ങേറുന്ന സൗദി ദേശീയോത്സവത്തിന്‍െറ കരുത്തുറ്റ കാഴ്ചകളിലൊന്നാണ് അലി ഗാമിരിയെന്ന അറബി കൊല്ലന്‍. തീയിലിട്ട് പഴുപ്പിച്ച് സ്വര്‍ണ നിറത്തില്‍ തിളങ്ങുന്ന ഇരുമ്പ് കഷ്ണങ്ങള്‍ ഉലയില്‍ നിന്ന് പുറത്തേക്ക് എടുത്ത് പ്രായം തളര്‍ത്താത്ത കൈ കരുത്തുമായി അദ്ദേഹം പ്രഹരിക്കുമ്പോള്‍ മഴുവും കത്തിയുമൊക്കെയായി അത് മാറുന്നത് നിമിഷങ്ങള്‍കൊണ്ട്. ഉലയില്‍ നിന്ന് പാറുന്ന സ്വര്‍ണ വര്‍ണത്തിലെ തീ നാളങ്ങള്‍ക്ക് മുന്നിലിരുന്ന് ഈ ഗ്രാമീണ അറബി ചുറ്റിക വീശുമ്പോള്‍ ഇരുമ്പു കഷ്ണങ്ങള്‍ക്കും ജീവന്‍ വെക്കുന്നു. ഉലയില്‍ നിന്നെടുക്കുന്ന തിളങ്ങുന്ന പാളികള്‍ കൊടിലുകൊണ്ട് പിടിച്ച് മരക്കട്ടയില്‍ തറപ്പിച്ചു നിര്‍ത്തിയ ഉരുക്കു കട്ടയില്‍ വെച്ചാണ് പ്രയോഗം. ഓരോ അടിയിലും ഇരുമ്പിന് പതിയെ രൂപം മാറുന്നു. കാഴ്ചക്കാരുടെ കണ്‍മുന്നില്‍ അത് ഭംഗിയുള്ള ഒന്നാന്തരം ആയുധങ്ങളായി മാറുന്നു. വാര്‍ധ്യകത്തിലും ഗാമിരിയുടെ കൈകള്‍ക്ക് ചെറുപ്പത്തിന്‍െറ കരുത്തുണ്ട്. വര്‍ഷങ്ങളുടെ തഴക്കം അതിന് കൃത്യമായ താളം നല്‍കുന്നു. ചുറ്റികകൊണ്ടുള്ള ഓരോ പ്രഹരവും കണിശമാണ്. അതൊരിക്കലും പിഴക്കുന്നില്ല. നിറയെ കാണികളുടെ മുന്നിലും ചുറ്റിക കൃത്യമായി വന്നു വീഴുന്നു. കത്തിയും മഴുവുമൊക്കെ സന്ദര്‍ശകരുടെ കണ്‍മുന്നില്‍ പിറവികൊള്ളുന്നു. സൗദിയുടെ ഒൗദ്യോഗിക ചാനലിലെ സുഹൃത്താണ് ഗാമിരിയെ കാണിച്ചു തന്നത്. ഗ്രാമീണ മേഖലയായ ഹാഇലില്‍ നിന്നാണ് അദ്ദേഹത്തിന്‍െറ വരവ്. കേരളത്തില്‍ നിന്നുള്ള പത്രമാണെന്ന് സൗദി സുഹൃത്ത് പരിചയപ്പെടുത്തിയതോടെ അപ്പോഴുണ്ടാക്കിയ ചൂടാറാത്ത മഴു സമ്മാനമായി നീട്ടി. ഹാഇലില്‍ ജോലി ചെയ്യുന്ന മലയാളികളില്‍ നിരവധി പേര്‍ താനുണ്ടാക്കിയ ആയുധങ്ങളുമായി വിവിധ കൃഷിയിടങ്ങളില്‍ ജോലി ചെയ്യുന്നുണ്ടെന്ന് ഗാമിരി പറഞ്ഞു. കാമറക്കുമുന്നില്‍ അദ്ദേഹം വീണ്ടും ഉല പ്രവര്‍ത്തിപ്പിച്ചു. മെഷീന്‍ ഉപയോഗിച്ചാണ് കനലുകള്‍ ചൂടാക്കുന്നത്. കാറ്റിന് ശക്തി കൂടിയതോടെ തീപ്പൊരി ചുറ്റും ചിതറി. കൂടി നിന്നവര്‍ വസ്ത്രങ്ങളിലേക്ക് തീ പടരാതിരിക്കാന്‍ അല്‍പം മാറി നിന്നെങ്കിലും ഗാമിരി കസേരയില്‍ നിന്ന് അനങ്ങിയില്ല. തീയില്‍ കുരുത്തവന്‍െറ വഴക്കമാണത്. അദ്ദേഹത്തിന്‍െറ ചുറ്റിക വീണ്ടും ഇരുമ്പു കട്ടയില്‍ വീഴാന്‍ തുടങ്ങി. ചെറിയ താഴിന് പാകമുള്ള മഴുവായി ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ ഉലയില്‍ നിന്നെടുത്ത ഇരുമ്പു കഷ്ണം മാറി. അദ്ദേഹത്തിന് പിറകിലുള്ള ചെറിയ സ്റ്റാളില്‍ ഗ്രാമീണ അറബികള്‍ ഉപയോഗിക്കുന്ന അരപ്പട്ടയും കത്തിയും വരിവരിയായി തൂക്കിയിട്ടിരിക്കുന്നു. എല്ലാം ഗാമിരിയുടെയും സഹപ്രവര്‍ത്തകരുടെയും കരവിരുതില്‍ തീര്‍ത്തവ. പരമ്പരാഗത രീതിയില്‍ നിര്‍മിക്കുന്ന ആയുധങ്ങള്‍ക്ക് ഗ്രാമീണ സൗദിയില്‍ ഇപ്പോഴും ആവശ്യക്കാരുണ്ടൈന്ന് ഗാമിരി സാക്ഷ്യപ്പെടുത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
