വേതന സുരക്ഷ പദ്ധതിയുടെ പത്താം ഘട്ടം ആരംഭിച്ചു
text_fieldsജിദ്ദ: വേതന സുരക്ഷപദ്ധതിയുടെ പത്താം ഘട്ടം ആരംഭിച്ചതായി സൗദി തൊഴില്‍ മന്ത്രാലയം അറിയിച്ചു.
80 ഉം അതില്‍ കൂടുതലും ജീവനക്കാരുള്ള സ്ഥാപനങ്ങളിലാണ് പദ്ധതി നിര്‍ബന്ധമായും നടപ്പാക്കേണ്ടത്. ഇത്തരത്തില്‍ രാജ്യത്ത് 4087 സ്ഥാപനങ്ങളുണ്ടെന്നാണ് മന്ത്രാലയത്തിന്‍െറ കണക്ക്. ഈ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ എണ്ണം 3,26,949 വരും. ശമ്പളം കൃത്യ സമയത്തുതന്നെ നല്‍കുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനായി വേതന സുരക്ഷ നിയമം മുഴുവന്‍ സ്വകാര്യ സ്ഥാപനങ്ങളിലും നടപ്പാക്കണമെന്നും മന്ത്രാലയം വ്യക്തമാക്കി. എല്ലാ തൊഴിലുകള്‍ക്കും ശമ്പളം നിര്‍ണയിക്കുക, തൊഴിലാളിയും തൊഴില്‍ ദാതാവും തമ്മിലുണ്ടായേക്കാവുന്ന പ്രശ്നങ്ങള്‍ ലഘൂകരിക്കുക തുടങ്ങിയവയും ഇതിന്‍െറ ഭാഗമാണ്. സ്വകാര്യ മേഖലയിലെ മുഴുവന്‍ സ്ഥാപനങ്ങളിലും പദ്ധതി സമയ ബന്ധിതമായി നടപ്പാക്കുമെന്നും മന്ത്രാലയം അറിയിച്ചു.
തിങ്കളാഴ്ച മുതലാണ് ഇത് പ്രാബല്യത്തില്‍ വന്നത്. സഹകരിക്കാത്ത സ്ഥാപനങ്ങളുടെ സേവനം നിര്‍ത്തലാക്കും. രണ്ട് മാസത്തിനകം സ്ഥാപനത്തിലെ ജീവനക്കാരുടെ ശമ്പള വിവരങ്ങള്‍ മന്ത്രാലയത്തിന് നല്‍കണം.
മൂന്നുമാസത്തിന് ശേഷം വിവരങ്ങള്‍ കൈമാറാത്ത സ്ഥാപനങ്ങള്‍ക്കുള്ള സേവനങ്ങള്‍ നിര്‍ത്തലാക്കുകയും ഇവിടെയുള്ള ജീവനക്കാരെ സ്ഥാപന ഉടമയുടെ സമ്മതമില്ലാതെതന്നെ സ്പോണ്‍സര്‍ഷിപ്പ് മാറാന്‍ അനുവദിക്കുകയും ചെയ്യും. സ്വകാര്യ സ്ഥാപനങ്ങള്‍ മുഴുവന്‍ ജീവനക്കാരുടെയും വേതന വിവരങ്ങള്‍ എത്രയും വേഗം തൊഴില്‍മന്ത്രാലയത്തിലെ അവരുടെ ഇലക്ട്രോണിക് അക്കൗണ്ടില്‍ ലഭ്യമാക്കണം.
വേതന വിവരം സുതാര്യമാക്കുന്നതിലൂടെ തൊഴില്‍ തര്‍ക്കങ്ങള്‍ കുറക്കാനും ആരോഗ്യകരമായ തൊഴിലന്തരീക്ഷം സൃഷ്ടിച്ച് ഉല്‍പാദനക്ഷമത വര്‍ധിപ്പിക്കാനും അവകാശങ്ങള്‍ സംരക്ഷിക്കാനും കഴിയുമെന്ന് മന്ത്രാലയം കണക്കുകൂട്ടുന്നു.
ഇത്തരം വിവരങ്ങള്‍ ലഭ്യമാകുന്നതോടെ ആവശ്യമായ നടപടികള്‍ സ്വീകരിക്കാനും കൃത്യമായ വിവരം പ്രസിദ്ധപ്പെടുത്താനും കഴിയും.
പദ്ധതിയുടെ ഭാവി പ്രവര്‍ത്തനങ്ങള്‍ മനസിലാക്കാന്‍ www.mol.gov.sa എന്ന വെബ് സൈറ്റ് പരിശോധിക്കാവുന്നതാണെന്നും തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.