മക്ക ഹറം ക്രയിന്‍ അപകടം; 13 പേരുടെ വിചാരണ വ്യാഴാഴ്ച
text_fieldsമക്ക: പരിശുദ്ധ ഹറമില്‍ നടന്ന ക്രയിന്‍ അപകടത്തിലെ സ്വദേശികളും വിദേശികളുമായ 13 പ്രതികളെ മക്ക ക്രിമിനല്‍ കോടതി വ്യാഴാഴ്ച വിചാരണ ചെയ്യും. സൗദി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പബ്ളിക് പ്രോസിക്യുട്ടറുടെയും പ്രതിഭാഗം അഭിഭാഷകരുടെയും വാദം കേള്‍ക്കല്‍ പൂര്‍ത്തിയായ സാഹചര്യത്തിലാണ് കോടതി പ്രതികളെ നേരിട്ട് വിചാരണ ചെയ്യുന്നത്. 107 പേരുടെ മരണത്തിനും 238 പേരുടെ പരിക്കിനും കാരണമായ അപകടത്തില്‍ ഹറം വികസന പദ്ധതി കരാറെടുത്ത കമ്പനി മേധാവികളെയും ക്രയിന്‍ വാടകക്ക് നല്‍കിയ കമ്പനിയുടെ എഞ്ചിനീയര്‍മാരെയും പ്രതികളാക്കിയാണ് കേസെടുത്തിരുന്നത്. അപകടത്തില്‍ നേരിട്ട് പങ്കില്ളെന്നും അതിനാല്‍ തങ്ങള്‍ നിരപരാധികളാണെന്നും പ്രതികള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. അസാധാരണമായ കാലാവസ്ഥ വ്യതിയാനം മക്കയിലും പരിസരത്തും നടന്നതിനാല്‍ സംഭവം ദൈവവിധിയാണെന്ന വാദമാണ് പ്രതിചേര്‍ക്കപ്പെട്ടവര്‍ തങ്ങളുടെ ഭാഗം വിശദീകരിച്ചുകൊണ്ടുള്ള സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്. പ്രതികളെ വിസ്തരിച്ചതിന് ശേഷം പബ്ളിക് പ്രോസിക്യൂട്ടര്‍ തയ്യാറാക്കിയ 59 പേജുവരുന്ന റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തിലാണ് വ്യാഴാഴ്ചയിലെ വിചാരണ നടക്കുക. വ്യാഴാഴ്ച വിചാരണ നേരിടുന്ന 13 പ്രതികളില്‍ എത്രപേരാണ് സ്വദേശികളെന്നോ വിദേശികള്‍ ഏത് രാജ്യക്കാരാണെന്നോ കോടതി വിവരത്തില്‍ വ്യക്തമാക്കിയിട്ടില്ല. മരണപ്പെട്ടവര്‍ക്ക് സൗദി സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം കോണ്‍ട്രാക്ടിങ് കമ്പനിയില്‍ നിന്ന് ഈടാക്കുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. മരിച്ചവരും പരിക്കേറ്റവരുമായ തീര്‍ഥാടകരില്‍ ഭൂരിപക്ഷവും വിദേശികളായിരുന്നു. മരിച്ചവരുടെ ആശ്രിതര്‍ക്ക് തൊട്ടടുത്ത വര്‍ഷം സൗജന്യമായി ഹജ്ജ് നിര്‍വഹിക്കാര്‍ സൗദി ഭരണകൂടം സൗകര്യം ഒരുക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
