യാത്ര മുടങ്ങി; പ്രവാസി യുവാവിന് വിവാഹ ചടങ്ങിന് എത്താനായില്ല
text_fieldsറിയാദ്: വിസ പ്രശ്നങ്ങളില്‍ കുടുങ്ങി യാത്ര മുടങ്ങിയതിനാല്‍ പ്രവാസി യുവാവിന് നിശ്ചയിച്ച സമയത്ത് വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ സാധിച്ചില്ല. റിയാദില്‍ ജോലി ചെയ്യുന്ന കൊല്ലം വെളിയം സ്വദേശി ഹാരിസ് ഖാനാണ് നിയമ കുടുക്കില്‍പെട്ട് വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയാതെ പോയത്. എങ്കിലും നാട്ടില്‍ വിവാഹ ചടങ്ങുകള്‍ മുടക്കമില്ലാതെ നടന്നു. ഹാരിസ്ഖാന്‍െറ സഹോദരി മണവാട്ടിയെ മഹര്‍ മാല അണിയിക്കുകയും ചെയ്തു.
റിയാദ് അസീസിയയില്‍ സ്വകാര്യ കമ്പനിയില്‍ സെയില്‍സ്മാനായി ജോലി ചെയ്യുന്ന ചരുവിള പുത്തന്‍ വീട്ടില്‍ ഹാരിസ് ഖാനും മക്കയിലെ കിങ് ഫഹദ് ആശുപത്രിയില്‍ നഴ്സായി ജോലി ചെയ്യുന്ന ആലപ്പുഴ താമരക്കുളം സ്വദേശി ഷംലയും തമ്മിലുള്ള വിവാഹം വ്യാഴാഴ്ച ആലപ്പുഴ താമരക്കുളം തമ്പുരാന്‍ ലാന്‍റ് ഗ്രാന്‍റ് ഓഡിറ്റോറിയത്തില്‍ നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത്. മൂന്ന് മാസം മുമ്പാണ് വീട്ടുകാര്‍ വിവാഹം നിശ്ചയിച്ചത്. മക്കയില്‍ വെച്ചാണ് പെണ്ണുകാണല്‍ ചടങ്ങ് നടന്നത്. ഹാരിസ് നാട്ടില്‍ പോയിട്ട് രണ്ടു വര്‍ഷമായി. വിവാഹത്തിനായി നവംബര്‍ 15ന് നാട്ടിലേക്ക് പോകാന്‍ ഒരുങ്ങിയിരുന്നു.
എന്നാല്‍ ഇഖാമ കാലാവധി 10 ദിവസം മുമ്പ് അവസാനിച്ചിരുന്നു. നിതാഖാത്ത് പ്രകാരം കമ്പനി മഞ്ഞ ഗണത്തിലായതിനാല്‍ ഇഖാമ പുതുക്കാന്‍ സാധിച്ചില്ല.
മൂന്ന് സ്വദേശികള്‍ ഒരുമിച്ച് രാജിവെച്ചതിനാലാണ് ഗ്രീന്‍ കാററ്റഗറിയിലെ കമ്പനി പെട്ടെന്ന് മഞ്ഞയിലേക്ക് മാറിയത്. ഇഖാമ പുതുക്കി റീ എന്‍ട്രി വിസ അടിക്കാന്‍ കമ്പനി ഉടമകളായ സൗദി പൗരന്‍മാര്‍ കിണഞ്ഞ് പരിശ്രമിച്ചെങ്കിലും നടന്നില്ല. യാത്ര മുടങ്ങിയെങ്കിലും ചടങ്ങുകള്‍ മുടക്കമില്ലാതെ നടത്താന്‍ തീരുമാനിക്കുകയായിരുന്നു. ഇരു വീട്ടുകാരും നാട്ടുകാരും പൂര്‍ണ്ണ പിന്തുണ നല്‍കി. ഹാരിസ് ഖാന്‍െറ സഹോദരി നജിതയാണ് ഷംലയുടെ കഴുത്തില്‍ മാലയണിയിച്ചത്. നാട്ടില്‍ ചടങ്ങുകള്‍ നടന്നപ്പോള്‍ ഇവിടെയും ആഘോഷത്തിന് കുറവുണ്ടായില്ല. കമ്പനിയിലെ മുഴുവന്‍ ജീവനക്കാര്‍ക്കും ഉടമയുടെ വക വിവാഹ സദ്യയൊരുക്കി. നിയമ കുരുക്കഴിച്ച് അടുത്ത ദിവസം തന്നെ നാട്ടിലേക്ക് പോകാമെന്ന പ്രതീക്ഷയിലാണ് ഹാരിസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
