വിസ്മയ കാഴ്ചയൊരുക്കി യാമ്പുവിലെ തീരോത്സവം
text_fieldsയാമ്പു: സൗദിയുടെ കടലോര മേഖലയുടെ പൈതൃകവും ചരിത്രവും വിളിച്ചോതി കടലില്‍ വിസ്മയ കാഴ്ചകളൊരുക്കി യാമ്പു റോയല്‍ കമീഷന്‍ സാമൂഹ്യ ക്ഷേമ വകുപ്പ് യാമ്പു ബീച്ചിലൊരുക്കിയ മേള വന്‍ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. വ്യവസായ നഗരത്തിലെ ഈ വേനല്‍ക്കാല ഉത്സവം കാണാന്‍ സ്വദേശികളും വിദേശികളുമായ സന്ദര്‍ശകരുടെ വന്‍ തിരക്കാണ് മേളയുടെ മൂന്ന് ദിനങ്ങളിലും അനുഭവപെട്ടത്. ചെറുതും വലുതുമായ നിരവധി സ്പീഡ് ബോട്ടുകളും കപ്പലുകളും അണിനിരത്തിയ ഉത്സവനഗരിയില്‍ വര്‍ണാഭമായ ദൃശ്യങ്ങളാണ് ഒരുക്കിയിരുന്നത്. സര്‍ക്കാറിന്‍െറ വിവിധ വകുപ്പുകള്‍ സഹകരിച്ചു സംഘടിപ്പിച്ച മേളയില്‍ കടലിലെ സാഹസിക പ്രകടനങ്ങള്‍ കാണികളില്‍ കൗതുകമുണര്‍ത്തി. നാവിക സാഹസികരുടെ വിവിധങ്ങളായ വിസ്മയ പരിപാടികള്‍ ഏറെ ഹര്‍ഷാരവത്തോടെയാണ് പ്രേക്ഷകര്‍ വരവേറ്റത്. യാമ്പു റോയല്‍ കമീഷനിലെ പബ്ളിക്ക് സര്‍വീസ് ഡയറക്ടര്‍ ജനറല്‍ എന്‍ജിനീയര്‍ മൂസ അല്‍ മലിക്കി പരിപാടിയുടെ ഒൗപചാരികമായ ഉദ്ഘാടനം നിര്‍വഹിച്ചു.
കടല്‍ സാഹസിക പരിപാടികള്‍ക്ക് പുറമെ വ്യത്യസ്ത കര കൗശല വസ്തുക്കള്‍, സമുദ്രോത്പന്നങ്ങള്‍, മത്സ്യ തൊഴിലാളികളുടെ വിവിധ ഉപകരണങ്ങള്‍, കൈത്തറി ഉത്പന്നങ്ങള്‍ തുടങ്ങി മികച്ച ശേഖരങ്ങളും കാണാന്‍ ബീച്ചില്‍ അവസരമൊരുക്കിയിരുന്നു. പുതു തലമുറക്ക് സൗദിയുടെ കടലോര മേഖലകളുടെ ചരിത്രവും പരമ്പരാഗത മത്സ്യബന്ധന രീതികളും ജീവിത ശൈലിയും പരിചയപ്പെടുത്താനുള്ള വിവിധ സംവിധാനങ്ങള്‍ ഒരുക്കിയതും ഏറെ ആകര്‍ഷകമായി.
കടലറിവുകള്‍ പകര്‍ത്താനുതകുന്ന വസ്തുക്കളും സാഹസിക പ്രകടനങ്ങളും സന്ദര്‍ശകരില്‍ ഏറെ ഹൃദ്യത പകര്‍ന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
