മരുഭൂമിയില്‍ കാറപകടത്തില്‍ പെട്ട സൗദി പൗരന്‍െറ രക്ഷകനായി മലയാളി യുവാവ്
text_fieldsറിയാദ്: ആരുമില്ലാത്ത മരുഭൂമിയില്‍ അപകടത്തില്‍ പെട്ട കാറിനുള്ളില്‍ കുടുങ്ങിപ്പോയ സൗദി പൗരനെ രക്ഷിച്ച മലയാളി യുവാവിന് സൗദി പൊലീസിന്‍െറ നല്ല വാക്കുകള്‍. കോഴിക്കോട് മുക്കം ചെറുവാടി സ്വദേശി നൗഷാദാണ് കാറിനുള്ളില്‍ പരിക്കേറ്റ് കിടന്ന സ്വദേശിയുടെ രക്ഷകനായത്. ദമ്മാമില്‍ നിന്ന് ഹുഫൂഫ് വഴിയുള്ള ഹറദ് ഹൈവേയില്‍ ഹുദൈലിയ എന്ന സ്ഥലത്ത് ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. പ്രശസ്തമായ അല്‍മറായി ഡയറി കമ്പനിയിലെ ട്രെയ്ലര്‍ ഡ്രൈവറായ നൗഷാദ് കുവൈത്ത് അതിര്‍ത്തിയായ ഖഫ്ജിയില്‍ ലോഡിറക്കി അല്‍ഖര്‍ജിലേക്ക് മടങ്ങുമ്പോഴാണ് വിജനമായ പ്രദേശത്ത് റോഡില്‍ നിന്ന് കുറച്ചകലെ മണല്‍ കുന്നിന് മുകളില്‍ കാറിന്‍െറ മിന്നിക്കൊണ്ടിരുന്ന പാര്‍ക്ക് ലൈറ്റ് കണ്ടത്. വാഹനത്തിന്‍െറ വേഗത കുറച്ച് ശ്രദ്ധിച്ചപ്പോള്‍ അപകടത്തില്‍ പെട്ടതാണെന്നും കാറിനുള്ളില്‍ ആളുണ്ടെന്നും മനസിലായി. വാഹനം നിറുത്തി ഇറങ്ങി ഓടി ചെന്നു. റോഡില്‍ നിന്ന് തെറിച്ച് പലകരണം മറിഞ്ഞാണ് കാര്‍ കുന്നിന്‍മുകളിലത്തെിയതെന്ന് മനസ്സിലായി. സീറ്റിനും ഡാഷ് ബോര്‍ഡിനും ഇടയില്‍ വീണുകിടക്കുന്ന മനുഷ്യന്‍ ഞരങ്ങുന്നുണ്ടായിരുന്നു. ഡോര്‍ തുറന്ന് അയാളെ എഴുനേല്‍പിച്ച് സീറ്റില്‍ കിടത്തി. റോഡ് മുതല്‍ കാറില്‍ നിന്ന് തെറിച്ച പല സാധനങ്ങളും ചിതറി കിടന്നിരുന്നു. പൊലീസിന്‍െറ 999 എന്ന നമ്പറിലേക്ക് വിളിച്ചപ്പോള്‍ ഹൈവേ പട്രോളിങ് വിഭാഗത്തിന്‍െറ 996ലേക്ക് വിളിക്കാന്‍ നിര്‍ദേശം കിട്ടി. ഇതിനിടയില്‍ കാറില്‍ നിന്ന് പുകയുയരുന്നത് കണ്ടപ്പോള്‍ തീപിടിക്കുമെന്ന് ഭയം തോന്നി. ഇക്കാര്യവും പൊലീസിനോട് പറഞ്ഞു.
തീ പിടിക്കാതിരിക്കാന്‍ ചെയ്യേണ്ട നിര്‍ദേശങ്ങള്‍ പൊലീസ് നല്‍കി. കരണം മറിച്ചിലിനിടയില്‍ പകുതി തുറന്ന ബോണറ്റ് വലിച്ചുയര്‍ത്തി ബാറ്ററി ടെര്‍മിനലിലെ വയര്‍ മുറിച്ചു. ആള്‍പ്പാര്‍പ്പുള്ള മേഖലയില്‍ നിന്നെല്ലാം അകലെയായതിനാല്‍ പൊലീസ് എത്താന്‍ 40 മിനിറ്റ് എടുത്തു. ഇതിനിടയില്‍ റോഡില്‍ കയറി നിന്ന് മറ്റ് വാഹനങ്ങള്‍ തടഞ്ഞു നിറുത്തി സഹായം ചോദിച്ചു. അപകടത്തില്‍ പെട്ട് കിടക്കുന്നവരെ തൊടരുത്, കേസുണ്ടാകും പുലിവാലാകും, എത്രയും പെട്ടെന്ന് ഇവിടെ നിന്ന് പോകാന്‍ നോക്കൂ എന്ന് ഉപദേശമായിരുന്നു പല രാജ്യക്കാരായ യാത്രക്കാരില്‍ നിന്ന് കിട്ടിയത്. ഒടുവില്‍ ഒരു സുഡാന്‍ പൗരന്‍ വാഹനം നിറുത്തുകയും നൗഷാദിനോടൊപ്പം പൊലീസ് വരുന്നതും കാത്തുനില്‍ക്കുകയും ചെയ്തു. പൊലീസും ഹുഫൂഫ് സൗദി അരാംകോ പ്ളാന്‍റിലെ ഫയര്‍ഫോഴ്സും സെക്യൂരിറ്റി ഉദ്യോഗസ്ഥരും ആംബുലന്‍സ് അടക്കമുള്ള സൗകര്യങ്ങളും എത്തി. കാറിനുള്ളില്‍ അപ്പോഴും ഞരങ്ങുകയായിരുന്ന യുവാവിനെ ഉടന്‍ പുറത്തെടുത്ത് ആംബുലന്‍സില്‍ കിടത്തി പ്രാഥമിക ശുശ്രൂഷ നല്‍കി. പോകും മുമ്പ് പാലീസും അരാംകോ സംഘവും നൗഷാദിനെ അനുമോദിക്കാന്‍ മറന്നില്ല. പുറത്ത് തെറിച്ചുകിടന്ന തിരിച്ചറിയല്‍ കാര്‍ഡില്‍ നിന്നാണ് സൗദി പൗരനാണെന്ന് മനസിലാക്കിയത്. ഒരു ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞതിന്‍െറ ധന്യതയിലാണ് നൗഷാദ്്. അപകടങ്ങളില്‍ പരിക്കേറ്റ് വഴിയില്‍ കിടക്കുന്നവരെ കണ്ടാല്‍ എടുത്ത് ആശുപത്രിയില്‍ കൊണ്ടുപോകാന്‍ സിവിലിയന്‍സിനും അനുമതി നല്‍കി സൗദി മന്ത്രിസഭ തീരുമാനം വന്നത് കഴിഞ്ഞയാഴ്ചയാണ്. അതുവരെ പൊലീസിന് മാത്രമേ ഇവരെ സംഭവസ്ഥലത്ത് നിന്നെടുത്ത് കൊണ്ടുപോകാന്‍ അനുവാദമുണ്ടായിരുന്നുള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
