ശമ്പളം വൈകിയ സ്ഥാപനങ്ങള്‍ക്കുള്ള സേവനം റദ്ദ് ചെയ്തിട്ടില്ല - സൗദി തൊഴില്‍ മന്ത്രാലയം
text_fieldsറിയാദ്: സൗദിയില്‍ ആയിരക്കണക്കിന് തൊഴിലാളികളുടെ ശമ്പളം വൈകിയ പ്രശ്നം നേരിടുന്ന കമ്പനികള്‍ക്കുള്ള സേവനം നിര്‍ത്തിവെച്ചിട്ടില്ളെന്ന് തൊഴില്‍ മന്ത്രാലയ വക്താവ് ഖാലിദ് അബല്‍ഖൈല്‍ പറഞ്ഞു. സേവനം നിര്‍ത്തിവെച്ചത് തൊഴിലാളികളുടെ പ്രയാസം വര്‍ധിക്കാന്‍ കാരണമായി എന്ന് വിവിധ മാധ്യമങ്ങളില്‍ പ്രചരിച്ച വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്ന തരത്തിലുള്ള നീക്കങ്ങളും തീരുമാനങ്ങളുമാണ് തൊഴില്‍ മന്ത്രാലയത്തിന്‍െറ ഭാഗത്തുനിന്നുണ്ടായിട്ടുള്ളത്. പ്രയാസം നേരിട്ട തൊഴിലാളികള്‍ക്ക് വിവിധ പരിഹാര മാര്‍ഗങ്ങളും തൊഴില്‍ മന്ത്രാലയം മുന്നോട്ടുവെച്ചിട്ടുണ്ട്. ശമ്പളം വൈകുന്ന സാഹചര്യത്തില്‍ തൊഴിലുടമയുടെ അനുമതി കൂടാതെ മറ്റൊരു സ്ഥാപനത്തിലേക്ക് സ്പോണ്‍സര്‍ഷിപ്പും ജോലിയും മാറാന്‍ തൊഴിലാളിക്ക് അവകാശമുണ്ട്. പ്രശ്ന പരിഹാരത്തിനായി മന്ത്രാലയം ഇടപെട്ട കമ്പനികളിലെ ജോലിക്കാരുടെ ഇഖാമ പുതുക്കി നല്‍കാന്‍ മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. ഇതിനുള്ള ഫീസ് തൊഴിലാളിയില്‍ നിന്ന് ഈടാക്കുകയില്ല. മറിച്ച് കമ്പനിയുടെ എക്കൗണ്ടില്‍ ചേര്‍ക്കുകയും പിന്നീട് വസൂലാക്കുകയും ചെയ്യും. റീ-എന്‍ട്രിക്കോ എക്സിറ്റിലോ പോകാന്‍ സന്നദ്ധരായ തൊഴിലാളികള്‍ക്ക് അതിനും തൊഴില്‍ മന്ത്രാലയം അവസരം ഒരുക്കിയിട്ടുണ്ട്. സേവനാനുകൂല്യങ്ങള്‍ ലഭിക്കാനുള്ള തൊഴിലാളിക്ക് മറ്റൊരാളെ അതിന് വക്കാലത്ത് ഏല്‍പിക്കാവുന്നതാണ്. എംബസിയും കോണ്‍സുലേറ്റും ഇടപെട്ട കേസുകളില്‍ ഇത്തരം സ്ഥാപനങ്ങളെ വക്കാലത്ത് ഏല്‍പിക്കാനും അവസരം നല്‍കിയിരുന്നു. തൊഴില്‍ മന്ത്രാലയത്തിന് കീഴിലെ പ്രശ്നപരിഹാര സമിതി തൊഴിലാളികളുടെ പ്രശ്നങ്ങള്‍ കേള്‍ക്കാനും പരിഹരിക്കാനും സന്നദ്ധമാണെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
