Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസംവാദത്തിന്‍െറ...

സംവാദത്തിന്‍െറ പോര്‍ക്കളം തീര്‍ത്ത് നവോദയയുടെ പോരാട്ടം

text_fields
bookmark_border

ജിദ്ദ: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേരളത്തിലെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രവാസി സംഘടനകളിലെ നേതാക്കളെ  പങ്കെടുപ്പിച്ച് ജിദ്ദ നവോദയയുടെ നേതൃത്വത്തില്‍ നടന്ന ‘പോരാട്ടം’ സംവാദപരിപാടി  വീറുറ്റ വാദപ്രതിവാദം കൊണ്ട് ആവേശഭരിതമായി. ഇരുമുന്നണിക്കാരും നതാക്കള്‍ക്കുനേരെ ചോദ്യശരങ്ങളുതിര്‍ത്ത് മുന്നോട്ട് നീങ്ങിയ ചര്‍ച്ച പ്രവാസികളുടെ ജനാധിപത്യബോധത്തിന്‍െറ അടയാളമായി മാറി.
തെരഞ്ഞെടുപ്പിലെ പ്രധാന ചര്‍ച്ചാവിഷയം ഭരണ തലത്തിലെ അഴിമതയാണെന്നും, പുതുതലമുറയിലെ വലിയൊരു വിഭാഗം രാഷ്ട്രീയത്തോട് പുറം തിരിഞ്ഞു നില്‍ക്കുന്നത് ഇത്തരം അഴിമതിയും സ്വജനപക്ഷപാതവും മൂലമാണെന്നും  സംവാദം ഉദ്ഘാടനം ചെയ്ത് മാധ്യമപ്രവര്‍ത്തകനായ മുസാഫിര്‍  പറഞ്ഞു. 
സംസ്ഥാനം കഴിഞ്ഞ അഞ്ചു വര്‍ഷം ഭരിച്ച ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അഴിമതിയില്‍ റിക്കോര്‍ഡ് സൃഷ്ടിക്കുകയും, ഭരണരംഗമാകെ മലീമസമാക്കുകയും ചെയ്യുകയായിരുന്നുവെന്നും, ഈ അഴിമതി ഭരണത്തിനും, വര്‍ഗീയ ഫാസിസത്തിനും എതിരെ മതനിരപേക്ഷ ചേരി ശക്തമാകേണ്ടതിനാല്‍ മികച്ച ഭൂരിപക്ഷത്തോടെ ഇടതുപക്ഷത്തെ അധികാരത്തിലത്തെിക്കാന്‍ കേരള ജനത തയാറാവുമെന്ന് ഇടതുപക്ഷാനുകൂല പ്രവാസി സംഘടനകളുടെ പ്രതിനിധികളായി സംവാദത്തില്‍ പങ്കെടുത്ത വി. കെ. റഊഫ് (നവോദയ), പി. പി. റഹീം (ന്യൂ ഏജ്), ഗഫൂര്‍ (ഐ. എം. സി. സി.) എന്നിവര്‍ അഭിപ്രായപ്പെട്ടു.
ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ കഴിഞ്ഞ അഞ്ചു വര്‍ഷം നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ സമാനതകളില്ലാത്തവയാണെന്നും, അതിനു തുടര്‍ച്ചയുണ്ടാവുന്നതിനായി ഐക്യ ജനാധിപത്യ മുന്നണി അധികാരത്തില്‍ വരേണ്ടത് അനിവാര്യമാണെന്നും യു. ഡി. എഫ് അനുകൂല പ്രവാസി സംഘടനകളുടെ പ്രതിനിധികളായ കെ. ടി. എം, മുനീര്‍ (ഒ. ഐ, സി സി) അബൂബക്കര്‍ അരിമ്പ്ര (കെ. എം. സി. സി) എന്നിവര്‍ വാദിച്ചു.
രണ്ടു മുന്നണികളിലും വിശ്വാസം നഷ്ടപ്പെട്ട കേരള ജനത മാറ്റത്തിന്‍െറ സന്ദേശവും ഉയര്‍ത്തിപ്പിടിച്ചു വരുന്ന പുതിയ പരീക്ഷണങ്ങളെ നെഞ്ചേറ്റുമെന്ന് വെല്‍ഫയര്‍ പാര്‍ട്ടിയുടെ പ്രാവാസി സംഘടനയായ ‘പ്രവാസി ജിദ്ദ’ യുടെ പ്രതിനിധി ഇസ്മായില്‍ കല്ലായി അഭിപ്രായപ്പെട്ടു.
 ഫാഷിസത്തെ തടുത്തു നിര്‍ത്താന്‍ ഇരുമുന്നണികളും കര്‍മപദ്ധതികള്‍ ആവിഷ്കരിക്കണമെന്ന് മാധ്യമപ്രവര്‍ത്തകനായ പി.ഷംസുദ്ദീന്‍ പറഞ്ഞു. ഫാഷിസ്റ്റുകള്‍ അധികാരത്തിലേക്ക് വഴിതുറക്കാറുള്ളത് വര്‍ഗീയധ്രുവീകരണത്തിലൂടെയും കലാപത്തിലൂടെയുമാണ്. ഇതിനെതിരായ ജാഗ്രതയാണ് ഇരുമുന്നണികളില്‍ നിന്നും കേരളജനത പ്രതീക്ഷിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.
ചര്‍ച്ച  ചൂടുപിടിച്ചപ്പോള്‍ തങ്ങള്‍ സൗദി അറേബ്യയിലാണെന്ന കാര്യം പോലും മറന്ന് പ്രകോപിതരായ അണികളെ നിയന്ത്രിക്കാന്‍ പാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത വിവിധ സംഘടനാ നേതാക്കള്‍ നടത്തിയ ഇടപെടല്‍ മാതൃകാപരമായി.നവോദയ പ്രസിഡന്‍റ് ഷിബു തിരുവനന്തപുരം മോഡറേറ്റരായിരുന്നു.  ആക്ടിംഗ് സെക്രട്ടറി ശ്രീകുമാര്‍ മാവേലിക്കര സ്വാഗതവും, അര്‍ഷദ് ഫറോക്ക് നന്ദിയും പറഞ്ഞു.

Show Full Article
TAGS:saudi 
Next Story