ചെറുകിട സംരംഭങ്ങളുടെ പ്രോത്സാഹനത്തിന് മന്ത്രിസഭയുടെ അംഗീകാരം
text_fieldsറിയാദ്: സൗദി സാമ്പത്തിക മേഖല സജീവമാക്കാന്‍ ലക്ഷ്യമിട്ട് ചെറുകിട സംരംഭങ്ങളെ പ്രോത്സഹിപ്പിക്കാനുള്ള തീരുമാനത്തിന് മന്ത്രിസഭ അംഗീകാരം നല്‍കി. സല്‍മാന്‍ രാജാവിന്‍െറ അധ്യക്ഷതയില്‍ തലസ്ഥാനത്തെ അല്‍യമാമ കൊട്ടാരത്തില്‍ തിങ്കളാഴ്ച ചേര്‍ന്ന മന്ത്രിസഭ യോഗമാണ് സാമ്പത്തിക മേഖലയില്‍ ഉണര്‍വുണ്ടാക്കാനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും കാരണമാവുന്ന തീരുമാനത്തിന് അംഗീകാരം നല്‍കിയത്. പെട്രോള്‍ ഇതര വരുമാനം പ്രോത്സാഹിപ്പിക്കുക, സ്വദേശികളുടെ മുതല്‍ മുടക്ക് സംരംഭങ്ങള്‍ ആകര്‍ഷിക്കുക, യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്നീ ലക്ഷ്യങ്ങള്‍ ഇതിലൂടെ നേടാനാവുമെന്ന് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.
സല്‍മാന്‍ രാജാവിന്‍െറ ഈജിപത്, തുര്‍ക്കി സന്ദര്‍ശനങ്ങളും അതോടനുബന്ധിച്ച് ഒപ്പുവെച്ച കരാറുകളും മന്ത്രിസഭ അവലോകനം ചെയ്തു. ഒ.ഐ.സി സമ്മേളനത്തില്‍ സൗദി സംഘത്തിന് നേതൃത്വം നല്‍കി സല്‍മാന്‍ രാജാവ് നടത്തിയ പ്രസംഗം കാലഘട്ടത്തിന്‍െറ ഇസ്ലാമിക ലോകത്തിന്‍െറ ആവശ്യങ്ങള്‍ക്ക് നിരക്കുന്നതായിരുന്നുവെന്ന് മന്ത്രിസഭ വിലയിരുത്തി. ഇറാനിലെ സൗദി നയതന്ത്ര കാര്യാലയങ്ങള്‍ക്ക് നേരെ നടന്ന ആക്രമണത്തെ അപലപിച്ച ഒ.ഐ.സി തീരുമാനത്തെ സ്വാഗതം ചെയ്തു. ഹിസ്ബുല്ല തീവ്രവാദ പട്ടികയില്‍ ഉള്‍പ്പെടുത്തുകയും മേഖലയിലെ രാജ്യങ്ങളില്‍ ഇറാന്‍െറ ഇടപെടലിനെ വിമര്‍ശിക്കുകയും ചെയ്ത ഒ.ഐ.സി പ്രമേയങ്ങള്‍ സൗദിയുടെ നിലപാടിന് ലഭിച്ച അന്താരാഷ്ട്ര പിന്തുണക്ക് തെളിവാണെന്നും മന്ത്രിസഭ അഭിപ്രായപ്പെട്ടു. ബഹ്റൈനിലെ കര്‍ബാബാദില്‍ നടന്ന തീവ്രവാദ ആക്രമണത്തെ അപലപിച്ച മന്ത്രിസഭ തീവ്രവാദത്തെ ചെറുക്കുന്നതില്‍ ബഹ്റൈന് സൗദിയുടെ പിന്തുണ ആവര്‍ത്തിച്ച് പ്രഖ്യാപിച്ചു. കുവൈത്തില്‍ വെച്ച് വിളിച്ചുകൂട്ടിയ യമന്‍ ചര്‍ച്ച സ്വാഗതം ചെയ്ത യോഗം യു.എന്‍ കരാര്‍ അനുസരിച്ചുള്ള തീരുമാനങ്ങള്‍ക്ക് പിന്തുണയും പ്രഖ്യാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
