ഒളിച്ചോടിയ വേലക്കാരികള്‍ക്ക് അഭയം നല്‍കല്‍ തൊഴില്‍ മന്ത്രാലയത്തിന്‍െറ ബാധ്യത: സൗദി മന്ത്രിസഭ
text_fieldsറിയാദ്: സ്പോണ്‍സര്‍മാരില്‍ നിന്ന് ഒളിച്ചോടിയ ശേഷം തങ്ങളുടെ സേവന, വേതന അവകാശങ്ങള്‍ ലഭിക്കാനുള്ള വേലക്കാരികള്‍ക്ക് അഭയം നല്‍കല്‍ തൊഴില്‍ മന്ത്രാലയത്തിന്‍െറ പരിധിയില്‍ വരുന്നതാണെന്നും ഇത്തരം ബാധ്യതകള്‍ ആഭ്യന്തര മന്ത്രാലയമോ അതിന് കീഴിലെ പാസ്പോര്‍ട്ട് വിഭാഗമോ (ജവാസാത്ത്) ഏറ്റെടുക്കേണ്ടതില്ളെന്നും സൗദി മന്ത്രിസഭ വ്യക്തമാക്കി. രാജ്യത്തെ വിവിധ വിമാനത്താവളങ്ങളില്‍ വന്നിറങ്ങുന്ന വീട്ടുവേലക്കാരികളെ സ്പോണ്‍സര്‍മാര്‍ ഏറ്റുവാങ്ങാന്‍ വൈകുന്ന വേളയിലും തൊഴില്‍ മന്ത്രാലയമാണ് അവര്‍ക്ക് അഭയം നല്‍കേണ്ടത്. വിദേശ പര്യടനം നടത്തുന്ന സല്‍മാന്‍ രാജാവിന്‍െറ അഭാവത്തില്‍ കിരീടാവകാശിയും ആഭ്യന്തര മന്ത്രിയുമായ അമീര്‍ മുഹമമ്മദ് ബിന്‍ നായിഫിന്‍െറ അധ്യക്ഷതയിയില്‍ തലസ്ഥാനത്തെ അല്‍യമാമ കൊട്ടാരത്തില്‍ തിങ്കളാഴ്ച ചേര്‍ന്ന മന്ത്രിസഭയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സൗദി ഉന്നതസഭ ഉത്തരവാദപ്പെടുത്തിയതനുസരിച്ച് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ ഉപസമിതി നടത്തിയ പഠനറിപ്പോര്‍ട്ടിന്‍െറ വെളിച്ചത്തിലാണ് തീരുമാനമെന്ന് സാംസ്കാരിക, വാര്‍ത്താവിനിമയ മന്ത്രി വ്യക്തമാക്കി. സിവില്‍ സര്‍വീസ് മന്ത്രാലവുമായി സഹകരിച്ച് തൊഴില്‍ മന്ത്രാലയമാണ് അഭയകേന്ദ്രം ഒരുക്കേണ്ടത്. രാജ്യത്തെ വിവിധ മേഖലകളില്‍ ആരംഭിക്കുന്ന അഭയകേന്ദ്രങ്ങളുടെ മേല്‍നോട്ടം സിവില്‍ സര്‍വീസ് മന്ത്രാലയത്തിനായിരിക്കും. എന്നാല്‍ ഈ അഭയകേന്ദ്രങ്ങളില്‍ കഴിയുന്ന വേലക്കാരികളുടെ സംരക്ഷണവും അവരുടെ അവകാശങ്ങള്‍ ഉറപ്പുവരുത്തലും സ്പോണ്‍സര്‍മാരുമായി ബന്ധപ്പെടലും തൊഴില്‍ മന്ത്രാലയത്തിന്‍െറ ബാധ്യതയായിരിക്കുമെന്നും മന്ത്രിസഭ തീരുമാനത്തില്‍ പറയുന്നു. സല്‍മാന്‍ രാജാവിന്‍െറ ഈജിപ്ത് സന്ദര്‍ശനവും കരാറുകളും യോഗം അവലോകനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.