യമനില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍; സമാധാന ചര്‍ച്ച 18ന്
text_fieldsറിയാദ്: യമനില്‍ ആഭ്യന്തര യുദ്ധത്തിന് നേതൃത്വം നല്‍കുന്ന ഹൂതി വിമതരും മുന്‍ പ്രസിഡന്‍റ് അലി സാലിഹ് അനുകൂലികളുമായി സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേന പ്രഖ്യാപിച്ച വെടി നിര്‍ത്തല്‍ ഞായറാഴ്ച അര്‍ധ രാത്രി മുതല്‍ നിലവില്‍ വന്നു. ഐക്യരാഷ്ട്ര സഭ നിയോഗിച്ച യമന്‍ ദൂതന്‍ ഇസ്മാഈല്‍ ഒൗദ് അഹ്മദാണ് വെടിനിര്‍ത്തല്‍ തീരുമാനം പ്രഖ്യാപിച്ചത്. യു.എന്‍ നേതൃത്വത്തില്‍ ഈ മാസം 18ന് കുവൈത്തില്‍ നടക്കാനിരിക്കുന്ന സമാധാന ചര്‍ച്ചയുടെ മുന്നോടിയായാണ് ഇരു വിഭാഗവും ആക്രമണം നിര്‍ത്തുന്നത്. ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള സമാധാന ശ്രമങ്ങള്‍ക്ക് വെടിനിര്‍ത്തല്‍ പ്രഖ്യാപനം ഗുണകരമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. തഅസ്, ഹജ എന്നീ ഗവര്‍ണറേറ്റുകളിലാണ് ഇത് ആദ്യമായി നടപ്പില്‍ വന്നത്.
ഞായറാഴ്ച അര്‍ധ രാത്രിക്ക് തൊട്ടു മുമ്പും ഹൂതി വിമതരുടെ ഭാഗത്തു നിന്ന് നിരവധി ആക്രമണങ്ങളുണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്. 2014 സെപ്റ്റംബറിലാണ് ഇറാന്‍െറ പിന്തുണയുള്ള ഹൂതി വിമതര്‍ സൈനിക നീക്കത്തിലൂടെ യമന്‍െറ തലസ്ഥാനം പിടിച്ചടക്കിയത്. തുടര്‍ന്ന് യമന്‍ പ്രസിഡന്‍റ് അബ്ദുറബ്ബ് മന്‍സൂര്‍ ഹാദി റിയാദില്‍ അഭയം തേടി. അദ്ദേഹത്തിന്‍െറ അഭ്യര്‍ഥനയെ തുടര്‍ന്നാണ് സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യ സേന ഹൂതി വിമതര്‍ക്കെതിരെ സൈനിക നടപടി തുടങ്ങിയത്.
2015 മാര്‍ച്ചിലാണ് സൗദി ആക്രമണം തുടങ്ങിയത്. അതിനിടെ, വെടിനിര്‍ത്തല്‍ നിലവില്‍ വരുന്നതിന്‍െറ തൊട്ടുമുമ്പും സനയില്‍ ആക്രമണങ്ങള്‍ നടന്നു. യമന്‍ സൈന്യവും വിമതരും തമ്മിലാണ് ആക്രമണമുണ്ടായത്. ഇതിന് മുമ്പുണ്ടായ വെടി നിര്‍ത്തല്‍ ഹൂതി വിമതര്‍ തുടര്‍ച്ചയായി ലംഘിച്ചതിനെ തുടര്‍ന്ന് പരാജയപ്പെട്ടിരുന്നു. സഖ്യസേനക്കെതിരെ പല തവണ ആമ്രകണമുണ്ടാവുകയും സൈനികര്‍ രക്തസാക്ഷികളാവുകയും ചെയ്തു. ഇതേ തുടര്‍ന്നാണ് വെടിനിര്‍ത്തല്‍ പിന്‍വലിച്ചത്. അതേസമയം, പുതിയ പ്രഖ്യാപനം സമാധാനത്തിന്‍െറ മാര്‍ഗത്തിലേക്ക് വരാന്‍ ഹൂതികളെ പ്രേരിപ്പിക്കുമെന്നാണ് അന്താരാഷ്ട്ര സമൂഹം പ്രതീക്ഷിക്കുന്നത്.