മഴക്കെടുതി തുടരുന്നു: അല്‍ബാഹയില്‍ പ്രളയം: വന്‍ നാശനഷ്ടം
text_fieldsജിദ്ദ: അല്‍ബാഹ, അസീര്‍ എന്നീ പ്രവിശ്യകളിലുണ്ടായ ശക്തമായ പേമാരിയെ തുടര്‍ന്ന് വന്‍ നാശ നഷ്ടം. അല്‍ബാഹയിലും അസീറിലുമാണ് മഴ കൂടുതല്‍ ദുരന്തം വിതച്ചത്. അനവധി വാഹനങ്ങള്‍ വെളളത്തിനടിയിലാണ്. റോഡുകള്‍ പലയിടങ്ങളിലും ഒലിച്ചു പോയി. സഹായം തേടി മൂവായിരത്തിലധികം ഫോണ്‍കാളുകളാണ് അധികൃതര്‍ക്ക് ലഭിച്ചത്. മഴക്കെടുതികള്‍ അല്‍ബാഹ മേഖല ഗവര്‍ണര്‍ അമീര്‍ മിശാരി ബിന്‍ സഊദ് ബിന്‍ അബ്ദുല്‍ അസീസ് നേരിട്ട് വിലയിരുത്തി. വെള്ളപ്പൊക്കത്തെ നേരിടാന്‍ പ്രദേശത്ത് സിവില്‍ ഡിഫന്‍സ് വിഭാഗവും മറ്റും നടത്തിയ സുരക്ഷ പ്രവര്‍ത്തനങ്ങള്‍ നേരില്‍ കണ്ട് വിലയിരുത്തി. വെള്ളപ്പൊക്കം മൂലം ദുരിതമനുഭവിക്കുന്ന പ്രദേശത്തെ സ്വദേശികളും വിദേശികളുമടങ്ങുന്ന മുഴുവന്‍ താമസക്കാര്‍ക്കും ഏറ്റവും മികച്ച സേവനം ലഭ്യമാക്കാന്‍ സിവില്‍ ഡിഫന്‍സ് വിഭാഗത്തോട് അമീര്‍ മിശാരി ബിന്‍ സഊദ് ബിന്‍ അബ്ദുല്‍ അസീസ് ആവശ്യപ്പെട്ടതായി അല്‍ബാഹ ഗവര്‍ണറേറ്റ് പബ്ളിക് റിലേഷന്‍ മേധാവി ഖിദ്ര്‍ അല്‍ഖാമിദി പറഞ്ഞു. അല്‍ബാഹയില്‍ മഴ തുടരുന്നത് കാരണം ആവശ്യമായ സുരക്ഷ മുന്നൊരുക്കങ്ങള്‍ സ്വീകരിക്കാനും അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പ്രദേശത്ത് ഇടിമിന്നലോട് കൂടിയ കനത്ത മഴയുണ്ടാകാന്‍ സാധ്യതയുള്ളതായി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്ന് സിവില്‍ ഡിഫന്‍സ് ഒൗദ്യോഗിക വാക്താവ് കേണല്‍ ജംആന്‍ അല്‍ഖാമിദി പറഞ്ഞു. അല്‍ബാഹ, അല്‍ജര്‍ശി, അതാവില, മന്തഖ് തുടങ്ങിയ നഗരങ്ങളിലും സമീപ പ്രദേശങ്ങളിലുമാണ് മഴക്ക് സാധ്യത. മക്കക്ക് സമീപം വാദി അലൈത്ത് താഴ്വരയില്‍ കഴിഞ്ഞ ദിവസമുണ്ടായ പേമാരിയില്‍ നാല് പേര്‍ മരിച്ചിരുന്നു. ത്വാഇഫ് മേഖലയില്‍ വന്‍ നാശ നഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്തത്. അസീര്‍ പ്രവിശ്യയില്‍ കഴിഞ്ഞ ഒരാഴ്ചയായി തുടരുന്ന മഴക്ക് ശമനമായില്ല. വ്യാഴാഴ്ച തുടങ്ങിയ മഴ ശനിയാഴ്ചയും പല സ്ഥലങ്ങളിലും ശക്തമായി തന്നെ പെയ്തു. അബഹ, ഖമീസ് മുശൈത്, അല്‍ ബാഹ, ദഹ്റാന്‍ ജുനൂബ്, നജ്റാനിലെ വിവിധ ഭാഗങ്ങള്‍, തത്ലീസ്, ബിശ എന്നിവിടങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴയില്‍ പല സ്ഥലങ്ങളിലും വെള്ളം കയറിയതിനെ തുടര്‍ന്ന് ഗതാഗതം താറുമാറായിരുന്നു. അബഹ-അല്‍ ബാഹ റോഡില്‍ പല ദിവസങ്ങളിലും ഗതാഗതം പൂര്‍ണമായും നിലച്ചിരുന്നു. വാഹനങ്ങള്‍ പലതും വെള്ളത്തിനടിയില്‍ പെട്ടു. ദിവസവും നിരവധി അപകടങ്ങളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തത്. പല സ്ഥലങ്ങളിലും ശക്തമായ ആലിപ്പഴ വര്‍ഷവും ഉണ്ടായി. വെള്ളിയാഴ്ച ഖമീസില്‍ പൂര്‍ണമായ രൂപത്തില്‍ മഴവില്ല് പ്രത്യക്ഷപ്പെട്ടു. സാധാരണ അവധി ദിവസങ്ങളില്‍ വൈകുന്നേരങ്ങളില്‍ നല്ല തിരക്ക് ഉണ്ടാകുന്ന ഖമീസിലെ പ്രധാന ചന്തകളില്‍ മഴ മൂലം വെള്ളിയാഴ്ച തിരക്ക് നന്നേ കുറവായിരുന്നു. മണിക്കൂറുകളോളം നീണ്ട മഴ കാരണം ഖമീസ്-അബഹ പല ഭാഗങ്ങളും വെള്ളത്തിനടിയിലായിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ നജ്റാനിലും ഇടിയോടുകൂടിയ ശക്തമായ മഴ ലഭിച്ചു. നജ്റാന്‍ ഖമീസ് റോഡില്‍ പല ഭാഗങ്ങളിലും ഗതാഗതം തടസ്സമാകും വിധം മലയുടെ ഭാഗങ്ങള്‍ റോഡിലേക്ക് ഇടിഞ്ഞ് വീണു. ആലിപ്പഴ വര്‍ഷം മൂലം പല വാഹനങ്ങള്‍ക്കും കേടുപാട് സംഭവിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
