നിക്ഷേപ രംഗത്ത് സാഹസിക കാല്‍വെപ്പുകളാണാവശ്യം -മോദി
text_fieldsറിയാദ്: നിക്ഷേപകരുടെ മുന്നില്‍ വാതിലുകള്‍ മലര്‍ക്കെ തുറന്നിട്ട രാജ്യമാണ് ഇന്ത്യയെന്നും മുന്നോട്ടുള്ള പ്രയാണത്തിന് സാഹസികമായ കാല്‍വെപ്പുകള്‍ ആവശ്യമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസ്താവിച്ചു. സൗദി കൗണ്‍സില്‍ ഓഫ് ചേംബേഴ്സ് ഹാളില്‍ സൗദി സംരംഭകരുമായി നടന്ന കൂടിക്കാഴ്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്തിന് മുന്നില്‍ ഇന്ത്യക്ക് സമര്‍പ്പിക്കാനുള്ളത് മികച്ച നിക്ഷേപക സൗഹൃദാന്തരീക്ഷമാണ്. വ്യത്യസ്ത മേഖലകളില്‍ വിദേശ സംരംഭകര്‍ക്ക് സധൈര്യം മുതല്‍ മുടക്കാം. ഏറ്റവും മികച്ച യുവ മാനവ ശേഷിയും ജനാധിപത്യ സംവിധാനവും മികച്ച ഭരണകൂടവുമുള്ള രാജ്യമാണിന്ത്യ. അതുകൊണ്ട് തന്നെ ലോകത്തിന് പ്രതീക്ഷയുടെ കിരണങ്ങളാണ് രാജ്യം നല്‍കുന്നത്. അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന സമ്പദ് വ്യവസ്ഥയാണ് ഇന്ത്യ. വിദേശ നിക്ഷേപത്തില്‍ 40 ശതമാനം വര്‍ധനവാണ് താന്‍ അധികാരമേറ്റതിന് ശേഷം കൈവരിച്ചത്. പെട്രോളിയം, പ്രതിരോധം, സാങ്കേതിക വിദ്യ, ആരോഗ്യ മേഖല, ആരോഗ്യ ഉപകരണങ്ങളുടെ നിര്‍മാണ വിതരണം, കീടനാശിനി നിര്‍മാണം എന്നീ മേഖലകളിലെല്ലാം സൗദി സംരംഭകര്‍ക്ക് നിക്ഷേപ സാധ്യതകള്‍ ഏറെയാണ്. റെയില്‍വേ, ഭക്ഷ്യ സംസ്കരണം തുടങ്ങിയ മേഖലകളില്‍ 100 ശതമാനം വിദേശ നിക്ഷേപം അനുവദിച്ചിട്ടുണ്ട്. റെയില്‍വേ രംഗത്ത് നിക്ഷേപകര്‍ക്ക് അനന്ത സാധ്യതകളാണുള്ളത്. ഊര്‍ജ മേഖലയില്‍ സാങ്കേതിക വിദ്യയുടെ അഭാവം ഇപ്പോഴുമുണ്ട്. ഏറ്റവും കൂടുതല്‍ എണ്ണയും പ്രതിരോധ സാമഗ്രികളും ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. ഈ മേഖലയില്‍ സൗദി സംരംഭകര്‍ക്ക് കടന്നുവരാം. ചുവപ്പു നാടകളും നിക്ഷേപകരെ ബുദ്ധിമുട്ടിക്കുന്ന നികുതി നടപടികളും പഴയ കഥയാണ്. അതിനിയുണ്ടാവില്ല. അതുപോലെ തന്നെ ദീര്‍ഘകാല നികുതി പ്രഖ്യാപിക്കുന്ന സംവിധാനം നടപ്പാക്കിയത് മികച്ച കാല്‍വെപ്പാണ്. സംരംഭകര്‍ക്ക് 10 വര്‍ഷത്തിന് ശേഷവും നല്‍കേണ്ട നികുതി നേരത്തേ തന്നെ അറിയാന്‍ ഇതുവഴി സാധിക്കും. ഖനന മേഖലയില്‍ അപാരമായ സാധ്യതകളാണ് നിക്ഷേപകര്‍ക്കുള്ളത്. സൗദിക്ക് ഭക്ഷ്യ വിഭവങ്ങള്‍ ആവശ്യമുണ്ട്. ഞങ്ങള്‍ക്ക് കീടനാശിനിയും ആവശ്യമുണ്ട്. നിങ്ങളുടെ കൈയില്‍ സ്വര്‍ണമുണ്ട്, ഞങ്ങള്‍ക്ക് കറുത്ത സ്വര്‍ണവുമുണ്ട്. ഈ മേഖലയിലെല്ലാം സംയുക്ത സംരംഭങ്ങളുണ്ടാവണം. എല്ലാവര്‍ക്കും വീട് എന്നതാണ് സര്‍ക്കാര്‍ നയം. വന്‍ പദ്ധതിയാണിത്. നിക്ഷേപകരുടെ മുന്നില്‍ സുവര്‍ണാവസരമാണ് ഇത് നല്‍കുന്നത്. സൈബര്‍ സുരക്ഷയാണ് കാലഘട്ടത്തിന്‍െറ ഏറ്റവും വലിയ ആവശ്യങ്ങളിലൊന്ന്. എത്ര ശ്രമിച്ചാലും സൈബര്‍ സുരക്ഷയില്‍ വിള്ളല്‍ വീഴുന്ന കാലത്താണ് നമ്മളുള്ളത്. നിരന്തരമായ നിരീക്ഷണവും സാങ്കേതിക വിദ്യകളുടെ നവീകരണവും വേണ്ട മേഖലയാണിത്. ഈ രംഗത്ത് വിദഗ്ധരുടെ നീണ്ട നിര തന്നെ ഇന്ത്യക്കുണ്ട്. അവരുടെ വൈദഗ്ധ്യം ഉപയോഗപ്പെടുത്താം. അതേസമയം, ഇസ്ലാമിക് ബാങ്കിങ് മേഖലയില്‍ ഇന്ത്യയുടെ സാധ്യതകളെന്താണെന്ന കൗണ്‍സില്‍ ഓഫ് സൗദി ചേംബേഴ്സ് ¥ൈവസ് ചെയര്‍മാന്‍ കാമില്‍ അല്‍മുന്‍ജിതിന്‍െറ ചോദ്യത്തിന് പ്രധാനമന്ത്രി വ്യക്തമായ മറുപടി നല്‍കിയില്ല. സൗദി ബാങ്കുകള്‍ക്ക് ഇന്ത്യയില്‍ പ്രവര്‍ത്തനാനുമതി നല്‍കുമോ എന്ന ചോദ്യത്തിന് നിരവധി വിദേശ ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഈ മേഖലയില്‍ ഇനിയും ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നുമായിരുന്നു മറുപടി. 30ലധികം സൗദി സംരംഭകര്‍ പങ്കെടുത്ത കൂടിക്കാഴ്ചയില്‍ ചേംബര്‍ ചെയര്‍മാന്‍ ഡോ. അബ്ദുറഹ്മാന്‍ അല്‍സാമില്‍ ചടങ്ങിന് സ്വാഗതം പറഞ്ഞു. വാണിജ്യ മന്ത്രി ഡോ. തൗഫീഖ് ഫൗസാന്‍ അധ്യക്ഷത വഹിച്ചു. സംരംഭകരില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട അഞ്ചു പേര്‍ പ്രധാനമന്ത്രിയുമായി ആശയ വിനിമയം നടത്തി. ഇന്ത്യന്‍ സംരംഭകരെ പ്രതിനിധീകരിച്ച് ടാറ്റ ചെയര്‍മാന്‍ സൈറസ് മിശ്ത്രി, ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
