ഹജ്ജിന് ഇന്ന് പരിസമാപ്തി
text_fieldsമിനാ: വിശുദ്ധ തീര്‍ഥാടനത്തിന് അവസാനം കുറിച്ച് പുണ്യനഗരിയോട് വിടചൊല്ലുന്ന വിശ്വാസിലക്ഷങ്ങളുടെ കണ്ണീരില്‍ കുതിര്‍ന്ന പ്രാര്‍ഥനയില്‍ ഈ വര്‍ഷത്തെ ഹജ്ജിന് വിരാമമാകുന്നു. ശനിയാഴ്ച മിനായിലെ മൂന്നു ജംറകളിലും കല്ളെറിഞ്ഞ് കഅ്ബയിലത്തെി വിടവാങ്ങല്‍ പ്രദക്ഷിണവും നിര്‍വഹിച്ച് 65 ശതമാനം ഹാജിമാരും മക്ക വിട്ടു. വിദേശ ഹാജിമാരില്‍ പകുതിയോളം പേര്‍ മദീന സന്ദര്‍ശനത്തിന് തിരിച്ചപ്പോള്‍ സ്വദേശി തീര്‍ഥാടകര്‍ നാടുകളിലേക്ക് മടങ്ങി. അവശേഷിക്കുന്നവര്‍ ഞായറാഴ്ച ജംറയിലെ അവസാന കല്ളേറും നിര്‍വഹിച്ച ശേഷം മടങ്ങും. ഇനി പ്രവാചകനഗരിയായ മദീനയാണ് തീര്‍ഥാടകരുടെ മുഖ്യകേന്ദ്രം.
ളുഹ്ര്‍ നമസ്കാരശേഷമാണ് അനുഷ്ഠാനപരമായി രണ്ടാം നാളിലെ കല്ളേറ് തുടങ്ങുന്നത്. എന്നാല്‍, തിരക്കൊഴിവാക്കാന്‍ സൂര്യോദയത്തോടെ കൃത്യം നിര്‍വഹിക്കാമെന്ന് പണ്ഡിതര്‍ മതവിധി നല്‍കിയതിനാല്‍ ഈ സൗകര്യം കൂടുതല്‍ പേര്‍ ഉപയോഗപ്പെടുത്തി. തീര്‍ഥാടനത്തിനിടയിലെ ഏറ്റവും തിരക്കുപിടിച്ച രണ്ടാം ദിവസം അധികൃതര്‍ പ്രത്യേക തയാറെടുപ്പ് നടത്തിയിരുന്നു. മിനായില്‍നിന്ന് ജംറയിലേക്കും അവിടെനിന്ന് ഹറമിലേക്കും തീര്‍ഥാടകര്‍ സംഘംചേര്‍ന്ന് പുറപ്പെടുമ്പോഴുള്ള തിരക്ക് മുന്നില്‍ക്കണ്ട്, മിനാ ദുരന്തത്തിന്‍െറ പശ്ചാത്തലത്തില്‍ പഴുതടച്ച സംവിധാനമാണ് ഏര്‍പ്പെടുത്തിയത്.ഇന്ത്യന്‍ ഹാജിമാരുടെ രണ്ടാം നാളിലെ മിനാപ്രയാണം ഉച്ചതിരിഞ്ഞാണ് ആരംഭിച്ചത്. മിക്കവരും മിനാ വിട്ട് മക്കയിലെ താമസസ്ഥലങ്ങളിലേക്ക് മടങ്ങി.
അവശേഷിക്കുന്നവര്‍ ഞായറാഴ്ച മടങ്ങുമെന്നും അവസാന ഹാജിയും മടങ്ങിയ ശേഷം മിനായിലെ ഇന്ത്യന്‍ മിഷന്‍ ഓഫിസ് ഞായറാഴ്ച അടക്കുമെന്നും ഹജ്ജ് കോണ്‍സല്‍ നൂര്‍ റഹ്മാന്‍ ശൈഖ് അറിയിച്ചു. മലയാളികളില്‍ പകുതിയിലേറെ പേര്‍ ശനിയാഴ്ച മിനാ വിട്ടു. അവശേഷിക്കുന്നവര്‍ ഞായറാഴ്ച മിനാ വിടുമെന്ന് മലയാളി വളന്‍റിയര്‍ ക്യാപ്റ്റന്‍ പി.ടി. മുഹമ്മദ് ഹനീഫ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
