Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Sept 2015 2:53 PM IST Updated On
date_range 27 Sept 2015 2:53 PM ISTമിനാ: മരിച്ച മലയാളികളില്‍ അഞ്ചുപേരും റിയാദില്‍ നിന്ന് പോയവര്‍
text_fieldsbookmark_border
റിയാദ്: മിനാ ദുരന്തത്തില്‍ മരണം സ്ഥിരീകരിച്ച മലയാളികളില്‍ അഞ്ചുപേരും റിയാദില്‍ നിന്നുള്ള ആഭ്യന്തര ഹജ്ജ് സംഘത്തില്‍ ഉള്‍പ്പെട്ടവര്‍. കൊല്ലം കടയ്ക്കല്‍ ചിതറ പേഴുംമൂട് മണ്ണറക്കോട് സ്വദേശി സുല്‍ഫിക്കര്‍ അലി നഈമി (32), മലപ്പുറം ചേലേമ്പ്ര സ്വദേശി ആശാരിത്തൊടി അബ്ദുറഹ്മാന്‍ (51), കൊല്ലം പുനലൂര്‍ ചെമന്നൂര്‍ സ്വദേശി സലീന മന്‍സിലില്‍ ഹബീബിന്‍െറ മകന്‍ സജീവ് (44), കൊല്ലം കരുനാഗപ്പള്ളി കോഴിക്കോട് സ്വദേശി കടയില്‍ വീട്ടില്‍ ശാഫി മുസ്ലിയാരുടെ ഭാര്യ കോട്ടയം ചുങ്കം സ്വദേശിനി ആമിന ശാഫി (38), കോഴിക്കോട് ഫാറൂഖ് കല്ലമ്പാറ സ്വദേശി മുനീറിന്‍െറ മകന്‍ മുഹമ്മദ് ഫായിസ് (ഒന്നര വയസ്) എന്നിവരാണ് റിയാദില്‍ നിന്ന് ഹജ്ജിനത്തെി മരിച്ചത്. ഇവരെല്ലാം റിയാദിലെ മാംഗ്ളൂര്‍ ഹജ്ജ് ഗ്രൂപ്പിന് കീഴില്‍ ഈ മാസം 19, 20 തീയതികളില്‍ പുറപ്പെട്ട സംഘങ്ങളില്‍ ഉള്‍പ്പെട്ടവരാണ്.
ദുരന്തമുണ്ടായ വ്യാഴാഴ്ച തന്നെ ചേലേമ്പ്ര സ്വദേശി അബ്ദുറഹ്മാന്‍െറ മരണം സ്ഥിരീകരിച്ചിരുന്നു. ഇദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന ഭാര്യ സുലൈഖ സുരക്ഷിതയാണ്. മാംഗ്ളൂര്‍ ഹജ്ജ് ഗ്രൂപ്പിന്‍െറ ടെന്‍റില്‍ തന്നെ കഴിയുകയാണ്. ദമ്മാമില്‍ നിന്ന് മകന്‍ അശ്റഫ് മിനായില്‍ എത്തിയാണ് പിതാവിന്‍െറ മൃതദേഹം തിരിച്ചറിഞ്ഞത്. ശനിയാഴ്ച വൈകീട്ടോടെ മിനയില്‍ ഖബറടക്കി. 20 വര്‍ഷമായി റിയാദ് ന്യൂസനാഇയയിലെ യുനൈറ്റഡ് വുഡ് പ്രോഡക്ട്സ് കമ്പനിയില്‍ വെയര്‍ ഹൗസ് ജീവനക്കാരനാണ്. മറ്റു മക്കളായ ഹബീബ് സല്‍മാന്‍, മുംതാസ് എന്നിവര്‍ നാട്ടിലാണ്.
സുല്‍ഫിക്കര്‍ അലിയുടെ മൃതദേഹം അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട് മക്കയിലുള്ള പിതാവ് അബ്ദുല്‍ കലാം വെള്ളിയാഴ്ച വൈകീട്ടോടെയാണ് തിരിച്ചറിഞ്ഞ് അധികൃതരില്‍ നിന്ന് ഏറ്റുവാങ്ങിയത്. മിനയില്‍ ശനിയാഴ്ച വൈകീട്ടോടെ ഖബറടക്കി. മൂന്നുവര്‍ഷമായി റിയാദിലെ സ്വകാര്യ കമ്പനിയില്‍ ജീവനക്കാരനായ സുല്‍ഫീക്കര്‍ അലി അതിന് മുമ്പ് നാലുവര്‍ഷം കായംകുളത്തിന് അടുത്ത് താമരക്കുളം ജുമുഅ മസ്ജിദില്‍ ഇമാമായിരുന്നു. ഭാര്യ ഷാമിലയും മക്കളായ മുഹമ്മദ് സഹല്‍, ഹന്ന എന്നിവരും സന്ദര്‍ശക വിസയില്‍ റിയാദില്‍ എത്തി ഒപ്പമുണ്ടായിരുന്നു. ഗര്‍ഭിണിയായ ഷാമിലയും കുട്ടികളും ശനിയാഴ്ച രാത്രി ഗള്‍ഫ് എയര്‍ വിമാനത്തില്‍ നാട്ടിലേക്ക് മടങ്ങി. ഹജ്ജ് തുടങ്ങുന്നതിന് മുമ്പ് തന്നെ പിതാവ് അബ്ദുല്‍ കലാമും മാതാവ് ലൈലാ ബീവിയും (55) മക്കയില്‍ എത്തിയിരുന്നു. റിയാദില്‍ നിന്ന് സുല്‍ഫിക്കര്‍ അലി എത്തിയ ശേഷം മാതാപിതാക്കളും ഹജ്ജ് കര്‍മങ്ങള്‍ക്കായി ഇദ്ദേഹത്തോടൊപ്പം ചേരുകയായിരുന്നു. ലൈല ബീവിയെ കാണാതായിട്ടുണ്ട്. ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ല. തന്‍െറ കുടുംബത്തെ റിയാദ് ശുമൈസിയിലുള്ള സുഹൃത്ത് ജമാലുദ്ദീന്‍െറ കുടുംബത്തോടൊപ്പം നിറുത്തിയിട്ടാണ് സുല്‍ഫിക്കര്‍ മക്കയിലേക്ക് പോയത്. പി.സി.എഫ്, ഐ.സി.എഫ് എന്നീ സംഘടനകളാണ് ഇവര്‍ക്കുവേണ്ട സഹായങ്ങളെല്ലാം നല്‍കിയത്.
അബ്ദുറഹ്മാന്‍െറയും സുല്‍ഫീക്കര്‍ അലിയുടെയും ഖബറടക്കവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് ഐ.സി.എഫ് ഭാരവാഹികളാണ് നേതൃത്വം നല്‍കിയത്.
പ്രശസ്തമായ ഹെര്‍ഫി റസ്റ്റോറന്‍റ് ശൃംഖലയില്‍ മാനേജരായ കരുനാഗപ്പള്ളി സ്വദേശി ശാഫി മുസ്ലിയാരും (47) ഭാര്യ ആമിനയും മക്കളെ റിയാദില്‍ നസീമിലുള്ള ഫ്ളാറ്റിലാക്കിയ ശേഷമാണ് ഹജ്ജിന് പുറപ്പെട്ടത്. വ്യാഴാഴ്ച തന്നെ ഇരുവരേയും കാണാനില്ളെന്ന വിവരം പുറത്തുവന്നിരുന്നു. ആമിനയുടെ മൃതദേഹം ശനിയാഴ്ച ദമ്മാമില്‍ നിന്നത്തെിയ സഹോദരന്‍ അബ്ദുല്ല അഫ്സലാണ് തിരിച്ചറിഞ്ഞത്. ശാഫിയെ കുറിച്ച് ഇനിയും വിവരമൊന്നും ലഭിച്ചിട്ടില്ല. മക്കളായ ഫാത്വിമ (17), ഫര്‍സാന (15), യഹ്യ (8) എന്നിവര്‍ ബന്ധു അയൂബിനും കുടുംബത്തിനുമൊപ്പം മക്കയിലത്തെിയിട്ടുണ്ട്. മരിച്ച ആമിനയുടെ പിതാവ് കോട്ടയം ചുങ്കം സ്വദേശി പരേതനായ ശരീഫ് ഹാജിയും മാതാവ് സുഹ്റയുമാണ്. ഹലീമ സഹോദരി. 25 വര്‍ഷമായി റിയാദിലുള്ള ശാഫി 2007ലാണ് കുടുംബത്തെ റിയാദില്‍ കൊണ്ടുവന്നതെന്നും ഈ മാസം 19ന് മാംഗലൂര്‍ ഗ്രൂപ്പിന് കീഴിലാണ് ഹജ്ജിന് പോയതെന്നും ബന്ധു സൈഫുദ്ദീന്‍ അറിയിച്ചു. റിയാദിലെ മൈത്രി കുടുംബ കൂട്ടായ്മ പ്രവര്‍ത്തകനാണ് ശാഫി. മരിച്ച ഒന്നര വയസുകാരന്‍ മുഹമ്മദ് ഫായിസിന്‍െറ മൃതദേഹം ശനിയാഴ്ച ദമ്മാമില്‍ നിന്നത്തെിയ അമ്മാവന്‍ ഹാരിസാണ് തിരിച്ചറിഞ്ഞത്. മാതാപിതാക്കളായ മുനീറിനെയും ഷഹബാസിനെയും കുറിച്ച് ഇതുവരെ വിവരമൊന്നും കിട്ടിയിട്ടില്ല. നല്ലളം ബസാര്‍ സ്വദേശിനിയാണ് ഷഹബാസ്. റിയാദ് ഉലയയിലെ റോളക്സ് കമ്പനിയില്‍ ജീവനക്കാരനാണ് മുനീര്‍. ഇവര്‍ക്ക് മൂന്ന് മക്കളാണ്. മൂത്ത രണ്ട് കുട്ടികളെയും ദമ്മാമില്‍ കൊണ്ടുപോയി ഷഹബാസിന്‍െറ സഹോദരന്‍ ഹാരിസിനെ ഏല്‍പിച്ച ശേഷമാണ് ഹജ്ജിന് പോയത്. ദമ്പതികളെ കുറിച്ചുള്ള അന്വേഷണം തുടരുകയാണെന്നും മുഹമ്മദ് ഫായിസിന്‍െറ മൃതദേഹം കെ.എം.സി.സി ഹജ്ജ് വളണ്ടിയര്‍മാരുടെ നേതൃത്വത്തില്‍ ഖബറടക്കുന്നതിനുള്ള പ്രവര്‍ത്തനം നടക്കുകയാണെന്നും റിയാദ് കെ.എം.സി.സി ജനറല്‍ സെക്രട്ടറി മൊയ്തീന്‍ കോയ അറിയിച്ചു.
മരിച്ച കൊല്ലം പുനലൂര്‍ സ്വദേശി സജീവ് ഹബീബ് റിയാദ് പ്രവിശ്യയില്‍ ഉള്‍പ്പെട്ട ശഖ്റയിലാണ് ജോലി ചെയ്യുന്നത്. റിയാദിലത്തെി മാംഗലൂര്‍ ഗ്രൂപ്പിന് കീഴില്‍ ഹജ്ജിന് പോവുകയായിരുന്നു.
മരിച്ചതും കാണാതായതുമായ മലയാളികള്‍ റിയാദിലെ മലയാളി ഹജ്ജ് ഗ്രൂപ്പുകളായ അല്‍ഖുദ്സ്, ദാറുല്‍ ഹുദ എന്നിവ വഴിയാണ് മാംഗലൂര്‍ ഗ്രൂപ്പില്‍ എത്തിയത്. ശനി, ഞായര്‍ ദിവസങ്ങളില്‍ വിവിധ ബസുകളിലായി മക്കയില്‍ എത്തിയ ഇവര്‍ക്ക് സൗദി അറേബ്യയില്‍ നിന്നുള്ള ആഭ്യന്തര ഹജ്ജ് സംഘമെന്ന നിലയില്‍ മിനയില്‍ അറബ് രാജ്യങ്ങള്‍ക്ക് അനുവദിച്ചഭാഗത്താണ് ഇടം കിട്ടിയത്.
റിയാദില്‍ നിന്ന് പോയവരില്‍ നിരവധി പേരെ കുറിച്ച് ഇനിയും വിവരം കിട്ടിയിട്ടില്ല. ദമ്പതികളാണ് മിക്കവരും. പ്രമുഖ പാര്‍സല്‍ സര്‍വീസ് കമ്പനിയായ എസ്.എം.എസ്.എ എക്സ്പ്രസിലെ സൂപ്പര്‍വൈസര്‍ കോട്ടയം ആതിരമ്പുഴ സ്വദേശി സജീബ് ഉസ്മാന്‍, ഭാര്യ ആലപ്പുഴ മാന്നാര്‍ സ്വദേശിനി സിനി ഫരീദ് എന്നിവരെ കുറിച്ച് മൂന്നാം ദിവസവും ഒരു വിവരവും ലഭ്യമായിട്ടില്ല. ഇവര്‍ക്കൊപ്പം പോയ മക്കളായ ഇര്‍ഫാന്‍, ആദില്‍ എന്നിവര്‍ സുരക്ഷിതരാണ്. ദമ്പതികളെ കുറിച്ച് എസ്.എം.എസ്.എ കമ്പനിയുടെ ജിദ്ദ ബ്രാഞ്ച് മക്കയിലെ വിവിധ ആശുപത്രികളും മോര്‍ച്ചറിയും അരിച്ചുപെറുക്കി അന്വേഷണം നടത്തിയെന്നും അധികൃതരില്‍ നിന്നുണ്ടായ നിര്‍ദേശത്തെ തുടര്‍ന്ന് ത്വാഇഫ് ആശുപത്രിയില്‍ കൂടി അന്വേഷണം നടത്താന്‍ പുറപ്പെട്ടിട്ടുണ്ടെന്നും കമ്പനി ഉദ്യോഗസ്ഥന്‍ ശുക്കൂര്‍ ആലുവ അറിയിച്ചു. തൃശൂര്‍ വടക്കാഞ്ചേരി സ്വദേശി മുജീബ് റഹ്മാന്‍, പട്ടാമ്പി സ്വദേശി അബൂബക്കര്‍, ഭാര്യ ഹൈറുന്നീസ, പൊന്നാനി സ്വദേശി പുതുവീട്ടില്‍ കുഞ്ഞിമോന്‍ എന്നിവരും റിയാദില്‍ നിന്ന് പോയി മിനായില്‍ കാണാതായവരില്‍ പെടും. മലയാളികളെ കൂടാതെ മറ്റ് ഇന്ത്യന്‍ സംസ്ഥാനക്കാരും റിയാദില്‍ നിന്ന് പോയ സംഘങ്ങളിലുണ്ട്. ഇവരില്‍ പലരും മരിച്ചതായും കാണാതായതായും വിവരമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story