Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമിനാ ദുരന്തം:...

മിനാ ദുരന്തം: മരിച്ചവരില്‍ ഏറെയും ഇറാനികള്‍

text_fields
bookmark_border
മിനാ ദുരന്തം: മരിച്ചവരില്‍ ഏറെയും ഇറാനികള്‍
cancel

മിനാ: മിനാ ദുരന്തത്തിന്‍െറ കാരണം ശാസ്ത്രീയമായും കാര്യക്ഷമമായും അന്വേഷിച്ച് റിപ്പോര്‍ട്ട് പുറത്തുവിടുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയ വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ എന്‍ജിനീയര്‍ മന്‍സൂര്‍ അത്തുര്‍ക്കി. ആഭ്യന്തര-ഹജ്ജ്-ആരോഗ്യമന്ത്രാലയ പ്രതിനിധികള്‍ നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തിലാണ് അത്തുര്‍ക്കി ഇക്കാര്യം വ്യക്തമാക്കിയത്. മരിച്ചവരില്‍ 131 പേര്‍ ഇറാന്‍ തീര്‍ഥാടകരാണെന്ന് ഇറാന്‍ ഹജ്ജ് സംഘം മേധാവി സൗദ് ആഹാദി വ്യക്തമാക്കി.
സൗദി കിരീടാവകാശിയും ആഭ്യന്തരമന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ നായിഫാണ് വിശദമായ അന്വേഷണംനടത്തി രാജാവിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടത്. രാജാവിന്‍െറ ഉപദേഷ്ടാവും മക്ക ഗവര്‍ണറുമായ അമീര്‍ ഖാലിദ് അല്‍ഫൈസല്‍ സംഭവസ്ഥലം സന്ദര്‍ശിച്ചിരുന്നു. ആരോഗ്യമന്ത്രി എന്‍ജി. ഖാലിദ് അല്‍ഫാലിഹും മക്കയിലെയും മിനായിലെയും ആശുപത്രികള്‍ സന്ദര്‍ശിച്ച് സജ്ജീകരണങ്ങള്‍ ഉറപ്പുവരുത്തി. മിനായുടെ വടക്കുഭാഗത്തുള്ള തമ്പുകളില്‍നിന്ന് 204ാം നമ്പര്‍ റോഡിലൂടെ തീര്‍ഥാടകര്‍ സംഘമായി ജംറയിലേക്ക് വരുന്ന വേളയില്‍ 223ാം നമ്പര്‍ റോഡുമായി സന്ധിക്കുന്ന പ്രദേശത്തുവെച്ചാണ് അപകടം സംഭവിച്ചത്. പാതയില്‍ ഉള്‍ക്കൊള്ളുന്നതിനേക്കാള്‍ കൂടുതല്‍ തീര്‍ഥാടകര്‍ ഒരേസമയം എത്തിയതും കല്ളെറിഞ്ഞ് മടങ്ങുന്നവര്‍ എതിര്‍ദിശയില്‍ വന്നതും തിരക്ക് കൂടാന്‍ കാരണമായി.
ഇതോടൊപ്പം, കടുത്ത ചൂടില്‍ ക്ഷീണിച്ച പ്രായമായവരും സ്ത്രീകളും വഴിയില്‍ വിശ്രമിച്ചതും മാര്‍ഗതടസ്സത്തിന് കാരണമായിട്ടുണ്ടാവുമെന്ന് കരുതുന്നു. ലബനാന്‍, ഇറാഖ്, ഇറാന്‍ തീര്‍ഥാടകരും ആഫ്രിക്കന്‍ രാജ്യക്കാരും താമസിക്കുന്ന ഈ പ്രദേശത്ത് ഒരേസമയത്ത് 4,000ത്തിലധികം പേര്‍ തിങ്ങിക്കൂടാന്‍ എന്താണ് കാരണമെന്ന് വിശദമായി അന്വേഷിക്കാന്‍ അധികൃതര്‍ ഉത്തരവിട്ടിട്ടുണ്ട്.
ചില വി.ഐ.പി സംഘങ്ങള്‍ അതിലൂടെ കടന്നുപോയപ്പോഴുണ്ടായ ഗതാഗതനിയന്ത്രണമാണ് അപകടത്തിലേക്ക് നയിച്ചതെന്ന ആരോപണം ആഭ്യന്തരമന്ത്രാലയ വക്താവ് നിഷേധിച്ചു. മിനായുടെ വടക്കുഭാഗത്താണ് അപകടം. രാജാവിന്‍െറ അതിഥികള്‍ ഉള്‍പ്പെടുന്ന ഉന്നതസംഘങ്ങള്‍ താമസിക്കുന്നത് തെക്കുഭാഗത്താണ്. അവര്‍ക്ക് കല്ളെറിയാന്‍ നിശ്ചയിച്ചത് ജംറ സമുച്ചയത്തിന്‍െറ അണ്ടര്‍ഗ്രൗണ്ട് നിലയിലാണ്. സാധാരണ തീര്‍ഥാടകര്‍ക്കാണ് മുകളിലെ നാലു നിലകളും മാറ്റിവെച്ചത്.
മിനായിലെയും മക്കയിലെയും ആശുപത്രികള്‍ പരിക്കേറ്റവരുടെ ചികിത്സക്ക് അപര്യാപ്തമാണെങ്കില്‍ ജിദ്ദ, ത്വാഇഫ് തുടങ്ങിയ സമീപനഗരങ്ങളിലെ ആശുപത്രികളിലേക്ക് മാറ്റുമെന്ന് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത ആരോഗ്യമന്ത്രാലയ പ്രതിനിധി പറഞ്ഞു. സൗദി റെഡ്ക്രസന്‍റ്, സിവില്‍ ഡിഫന്‍സ് തുടങ്ങിയ വകുപ്പുകളിലെ 4,000 പേര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തതായി ആരോഗ്യവകുപ്പ് വ്യക്തമാക്കി. എയര്‍ ആംബുലന്‍സും പങ്കുചേര്‍ന്നു. പരിക്കേറ്റവരില്‍ 27 പേരെ 14 ഹെലികോപ്ടറുകളിലും ചെറുവിമാനങ്ങളിലുമായി അടുത്ത ആശുപത്രിയിലേക്ക് മാറ്റിയതായി സൗദി റഡ്ക്രസന്‍റ് വൃത്തങ്ങള്‍ അറിയിച്ചു.
സൗദി നാഷനല്‍ ഇന്‍ഫര്‍മേഷന്‍ സെന്‍ററുമായി സഹകരിച്ച് വിരലടയാളം ഉള്‍പ്പെടെ ജൈവ വിവരങ്ങള്‍, തീര്‍ഥാടകര്‍ കൈയിലണിഞ്ഞ തിരിച്ചറിയല്‍ വള തുടങ്ങിയവ ഉപയോഗിച്ച് മരിച്ചവരുടെ തിരിച്ചറിയല്‍ നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കാന്‍ പാസ്പോര്‍ട്ട് വിഭാഗം (ജവാസാത്ത്) മേധാവി ജനറല്‍ സുലൈമാന്‍ അല്‍യഹ്യ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബന്ധപ്പെട്ട മുതവ്വിഫ് ഓഫിസ് വഴിയാണ് മരിച്ചവരുടെ രാജ്യത്തെ എംബസികളെയും കോണ്‍സുലേറ്റുകളെയും വിവരമറിയിക്കുക.
മിനായില്‍ ജംറ ബഹുനില സമുച്ചയത്തിന്‍െറ നിര്‍മാണം പൂര്‍ത്തീകരിച്ചതുമുതല്‍ അഞ്ചുവര്‍ഷമായി തീര്‍ഥാടകരെ വിവിധ സംഘങ്ങളാക്കി കല്ളേറിന് വിടുകയാണ് ചെയ്യുന്നത്. വിജയകരമായ ഈ നടപടിയില്‍ വീഴ്ചകളൊന്നും സംഭവിച്ചിട്ടില്ല. ഇപ്പോള്‍ അപകടം സംഭവിച്ചത് ജംറയിലോ പാലത്തിലോ അല്ല.
കല്ളേറിനുപുറമെ അറഫ, മുസ്ദലിഫ, മിനാ യാത്രക്കുള്ള മെട്രോ സര്‍വിസിലും തിരക്കുള്ള ദുല്‍ഹജ്ജ് 10ലെ ത്വവാഫുല്‍ ഇഫാദക്കും അധികൃതര്‍ ഇതേരീതിയില്‍ സംഘംതിരിച്ച് സമയം നിശ്ചയിച്ചിട്ടുണ്ട്.
വിവിധ രാജ്യക്കാരായ ഹജ്ജ് സംഘങ്ങളെയും മുതവ്വിഫുമാരെയും പരിഗണിച്ചാണ് സമയം നിശ്ചയിക്കുന്നത്.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story