റിയാദില്‍ തീവ്രവാദി സങ്കേതങ്ങളില്‍ റെയ്ഡ്; രണ്ട് പേര്‍ പിടിയില്‍
text_fieldsറിയാദ്: സൗദി തലസ്ഥാനത്ത് രണ്ട് തീവ്രവാദി സങ്കേതങ്ങളില്‍ ആഭ്യന്തര സുരക്ഷ സേന നടത്തിയ റെയ്ഡില്‍ രണ്ടുപേര്‍ പിടിയിലാകുകയും വലിയൊരു സംഘം രക്ഷപ്പെടുകയും ചെയ്തു. റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്തവളത്തിനടുത്ത് അല്‍മൂനിസിയ്യ വില്ളേജിലെ കെട്ടിടം വളഞ്ഞ് ഏറ്റുമുട്ടലിലൂടെയാണ് രണ്ട് പേരെ പിടികൂടിയത്. ചൊവ്വാഴ്ച വൈകീട്ട് ആറ് മണിക്കായിരുന്നു റെയ്ഡ്. സംശയകരമായ നിലയില്‍ കണ്ട കെട്ടിടം നിരീക്ഷിച്ച് തീവ്രവാദികള്‍ ഇവിടെ കേന്ദ്രീകരിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കിയ ശേഷമാണ് നടപടികള്‍ ആരംഭിച്ചത്. സമീപ പ്രദേശത്തെ വാസ സ്ഥലങ്ങളില്‍ നിന്ന് ആള്‍ക്കാരെ ഒഴിപ്പിച്ച ശേഷമാണ് കെട്ടിടം കീഴടക്കാന്‍ സുരക്ഷാസേന പദ്ധതി ഒരുക്കിയത്. സുരക്ഷ സേനക്ക് നേരെ തീവ്രവാദികള്‍ വെടിയുതിര്‍ക്കുകയും ബോംബ് എറിയുകയും ചെയ്തു. സേന തിരിച്ചും വെടിവെച്ചു. ഒടുവില്‍ കെട്ടിടം കീഴടക്കി രണ്ട് പേരെയും ജീവനോടെ പിടികൂടുകയായിരുന്നു. അഹ്മദ് സഈദ് ജാബിര്‍ അസ്സഹ്റാനി (21), മുഹമ്മദ് സഈദ് ജാബിര്‍ അസ്സഹ്റാനി (19) എന്നീ സ്വദേശികളാണ് പിടിയിലായതെന്ന് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ സുരക്ഷവിഭാഗം വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ മന്‍സൂര്‍ അത്തുര്‍ക്കി വ്യക്തമാക്കി.
നഗരത്തില്‍ നിന്ന് 72 കി.മീറ്റര്‍ അകലെയുള്ള ദുര്‍മയില്‍ നിന്നാണ് തീവ്രവാദികള്‍ രക്ഷപ്പെട്ടത്. മക്ക ഹൈവേയില്‍ നിന്ന് മാറി 72 കി.മീറ്റര്‍ അകലെ ശഖ്റ-ദവാദ്മിയിലേക്കുള്ള വഴിയില്‍ തീവ്രവാദികള്‍ തമ്പടിച്ച വിശ്രമകേന്ദ്രം സേന വളഞ്ഞെങ്കിലും സ്വദേശിയുടെ കാര്‍ തട്ടിയെടുത്ത് സംഘം രക്ഷപ്പെടുകയായിരുന്നു. സുരക്ഷ ഭടന്മാരുടെ സാന്നിധ്യം കെട്ടിടത്തിന് പുറത്ത് ഘടിപ്പിച്ച സി.സി.ടി.വി കാമറയിലൂടെ തിരിച്ചറിഞ്ഞ തീവ്രവാദികള്‍ ഒമാന്‍െറ വ്യാജ നമ്പര്‍ പ്ളേറ്റുള്ള വാഹനത്തില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. വാഹനത്തിന്‍െറ ടയറിന് വെടിവെച്ച് ഇവരെ കീഴടക്കാന്‍ ശ്രമിക്കുന്നതിനിടെ സ്വദേശികളിലൊരാളുടെ വാഹനം ബലമായി പിടിച്ചെടുത്ത് സംഘം കടന്നു. വഴിയാത്രക്കാര്‍ക്ക് പരിക്കേല്‍ക്കുമെന്നതിനാല്‍ സുരക്ഷ ഭടന്മാര്‍ക്ക് വെടിവെപ്പ് തുടരാനായില്ല. ഇവരെ പിടികൂടാന്‍ നഗരത്തിന്‍െറ വിവിധ കവാടങ്ങളില്‍ വലവീശിയിട്ടുണ്ടെന്നും കൂടുതല്‍ പേര്‍ ഉടന്‍ പിടിയിലാവുമെന്നും മന്ത്രാലയ വക്താവ് കൂട്ടിച്ചേര്‍ത്തു.
ആയുധങ്ങളും പണവും മറ്റു വസ്തുക്കളും സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്തിട്ടുണ്ട്. 40,210 റിയാല്‍, 5,500 ഡോളര്‍, ഒമ്പത് വിവിധ ഇനം തോക്കുകള്‍, വെടിക്കോപ്പുകള്‍, എട്ട് ബോംബുകള്‍, വാഹന നമ്പര്‍ പ്ളേറ്റ്, മൊബൈല്‍ ഫോണുകള്‍, വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍, ഇവ നിര്‍മിക്കുന്ന യന്ത്രം, സി.സി ടി.വി, വിവിധ പ്രദേശങ്ങളുടെ മാപ്പുകള്‍ എന്നിവ ആദ്യ കേന്ദ്രത്തില്‍ നിന്നും ചാവേര്‍ സ്ഫോടനത്തിന് ഉപയോഗിക്കുന്ന ബെല്‍റ്റ്, സ്ഫോടക വസ്തുക്കള്‍ നിര്‍മിക്കുന്ന ലാബ് തുടങ്ങിയവ രണ്ടാമത്തെ കേന്ദ്രത്തില്‍ നിന്നും പിടിച്ചെടുത്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.