Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightറാബിത്വ ഹജ്ജ്...

റാബിത്വ ഹജ്ജ് വാര്‍ഷികസമ്മേളനത്തിന് തുടക്കം: നവമാധ്യമ സ്വാധീനത്തെ നേര്‍വഴിക്ക് തിരിച്ചുവിടുക - മക്ക ഗവര്‍ണര്‍

text_fields
bookmark_border
റാബിത്വ ഹജ്ജ് വാര്‍ഷികസമ്മേളനത്തിന് തുടക്കം: നവമാധ്യമ സ്വാധീനത്തെ നേര്‍വഴിക്ക് തിരിച്ചുവിടുക - മക്ക ഗവര്‍ണര്‍
cancel

മക്ക: യുവാക്കളുടെ കര്‍മശേഷിയെ സമൂഹപുരോഗതിക്കും രാഷ്ട്ര പുനര്‍നിര്‍മാണത്തിനും ഉപയോഗപ്പെടുത്താന്‍ കഴിയണമെന്നും ശിഥിലീകരണപ്രവര്‍ത്തനങ്ങളില്‍ നിന്ന് അവരെ നന്മയുടെ സമുദ്ധാരണത്തിലേക്ക് തിരിച്ചുവിടാനുള്ള ഉത്തരവാദിത്തം മുസ്ലിം സമൂഹം ഏറ്റെടുക്കണമെന്നുമുള്ള ആഹ്വാനത്തോടെ മുസ്ലിം വേള്‍ഡ് ലീഗ് (റാബിത്വത്തുല്‍ ആലമില്‍ ഇസ്ലാമി) സംഘടിപ്പിക്കുന്ന ഹജ്ജ് വാര്‍ഷികസമ്മേളനത്തിന് തുടക്കമായി. ‘മുസ്ലിം യുവാക്കളും നവമാധ്യമങ്ങളും’ എന്ന പ്രമേയത്തില്‍ നടക്കുന്ന സമ്മേളനം സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിനുവേണ്ടി രാജ ഉപദേഷ്ടാവും മക്ക ഗവര്‍ണറുമായ അമീര്‍ ഖാലിദ് അല്‍ ഫൈസല്‍ ഉദ്ഘാടനം ചെയ്തു. ആഗോളതലത്തില്‍ ജനസ്വാധീനം നേടിയ നവമാധ്യമങ്ങളുടെ ഗുണഭോക്താക്കളായ യുവാക്കള്‍ ചിന്താപരമായ അപഭ്രംശത്തിലും തീവ്രവാദത്തിലും പെട്ടു പോകാതിരിക്കാന്‍ വേണ്ട തയാറെടുപ്പുകള്‍ നടത്താന്‍ അമീര്‍ ഖാലിദ് അല്‍ ഫൈസല്‍ ആവശ്യപ്പെട്ടു. സമൂഹത്തിന്‍െറ ഭൂരിഭാഗവും യുവതയാണ്. അവരുടെ അപാരമായ കര്‍മശേഷിയാണ് ലോകത്തിന്‍െറ തന്നെ നിലനില്‍പിന് ആധാരം. അവര്‍ ആശയകാലുഷ്യത്തിലും വഴികെട്ട ചിന്തയിലും പെട്ടുപോകുന്നത് സാമൂഹികദുരന്തമാണ്. അവരെ നന്മയുടെയും ക്രിയാത്മകചിന്തയുടെയും വഴിയിലേക്ക് നയിക്കുകയാണെങ്കില്‍ അര്‍ഥവത്തായ ഫലങ്ങളുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ഇരുഹറം സേവകന്‍െറ അതിഥികളായി സമ്മേളനത്തിനും ഹജ്ജിനുമത്തെിയ അതിഥികളെ ഗവര്‍ണര്‍ രാജാവിന്‍െറ അഭിവാദ്യങ്ങള്‍ അറിയിച്ചു. ഹറം ദുരന്തത്തില്‍ മരിച്ചവര്‍ക്ക് രാജ്യത്തിന്‍െറയും ജനതയുടെയും പേരില്‍ സല്‍മാന്‍ രാജാവ് അനുശോചനമറിയിക്കുന്നു. സമാധാനപരവും സുരക്ഷിതവുമായി ഹജ്ജ് നിര്‍വഹിച്ച് സ്വദേശങ്ങളില്‍ തിരിച്ചത്തൊന്‍ എല്ലാവരെയും അല്ലാഹു അനുഗ്രഹിക്കട്ടെ എന്ന് രാജാവ് പ്രാര്‍ഥിക്കുന്നു - അമീര്‍ ഖാലിദ് അല്‍ ഫൈസല്‍ പറഞ്ഞു. സമൂഹത്തിന്‍െറയും കാലത്തിന്‍െറയും താല്‍പര്യത്തിനനുസൃതമായ വിഷയങ്ങളില്‍ മാര്‍ഗദര്‍ശനം നല്‍കാന്‍ മുസ്ലിം വേള്‍ഡ് ലീഗ് മുന്‍കൈയെടുക്കുന്നതിനെ ഗവര്‍ണര്‍ പ്രകീര്‍ത്തിച്ചു.
തീവ്രവാദചിന്തകളില്‍ നിന്നും ഭീകരപ്രവര്‍ത്തനങ്ങളില്‍ നിന്നും യുവാക്കളെ തടയാനും രചനാത്മക പ്രവര്‍ത്തനങ്ങള്‍ക്ക് അവരെ ഉപയോഗപ്പെടുത്താനും മാധ്യമ, സാംസ്കാരിക, വിദ്യാഭ്യാസമേഖലകളില്‍ നിന്നുള്ള കൂട്ടായ പ്രവര്‍ത്തനം അനിവാര്യമാണെന്ന് സമ്മേളനത്തില്‍ സംസാരിച്ച മുസ്ലിം വേള്‍ഡ് ലീഗ് സെക്രട്ടറി ജനറല്‍ അബ്ദുല്ല ബിന്‍ അബ്ദുല്‍മുഹ്സിന്‍ അത്തുര്‍ക്കി അഭിപ്രായപ്പെട്ടു.
പഴയ കാലത്തേതില്‍ നിന്നു വ്യത്യസ്തമായി മാധ്യമ സ്വാധീനത്തില്‍ നിന്നു മാറിനടക്കാനാവാത്ത സ്ഥിതിവിശേഷമാണുള്ളതെന്നും അതിന്‍െറ മലീമസമായ ചുറ്റുപാടുകളില്‍ നിന്നു പുതുതലമുറയെ രക്ഷപ്പെടുത്തുകയും നന്മയുടെ പ്രചാരണത്തിന് പുതിയ കാല മാധ്യമങ്ങളെ ഉപയോഗപ്പെടുത്തുകയും വേണമെന്നും സൗദി ഗ്രാന്‍ഡ് മുഫ്തി ശൈഖ് അബ്ദുല്‍അസീസ് ബിന്‍ അബ്ദുല്ല ആലുശൈഖ് നിര്‍ദേശിച്ചു. ആദര്‍ശവും ലക്ഷ്യവും മാര്‍ഗദര്‍ശകരുമെല്ലാം ഒന്നായിട്ടും മുസ്ലിം സമൂഹം വിവിധ തട്ടുകളില്‍ ഭിന്നിച്ചു നില്‍ക്കുന്നത് അപലപനീയമാണെന്ന് സമ്മേളനപ്രതിനിധികള്‍ക്കു വേണ്ടി സംസാരിച്ച കെയ്റോ അല്‍അസ്ഹര്‍ സര്‍വകലാശാല പ്രസിഡന്‍റ് ഡോ. അബ്ദുല്‍ഹയ്യ് അബ്ദുല്‍ആല്‍ അസ്ബ് പറഞ്ഞു.
ലോകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നിന്നായി അഞ്ഞൂറോളം പണ്ഡിതര്‍ പങ്കെടുക്കുന്ന രണ്ടു നാള്‍ സമ്മേളനത്തില്‍ മുപ്പത് പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. നവമാധ്യമങ്ങളുടെ വര്‍ത്തമാന സവിശേഷതകള്‍, നവമാധ്യമ സ്വാധീനം യുവാക്കളില്‍, നവമാധ്യമങ്ങളുടെ വെല്ലുവിളികള്‍, നവമാധ്യമങ്ങള്‍ക്ക് മാര്‍ഗരേഖ, ലക്ഷ്യബോധമുള്ള പുതുമാധ്യമത്തിനു വേണ്ടി എന്നീ വിഷയങ്ങള്‍ വിവിധ സെഷനുകളിലായി ചര്‍ച്ച ചെയ്യും. കേരളത്തില്‍ നിന്ന് വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് റഷീദലി ശിഹാബ് തങ്ങള്‍, ഓള്‍ ഇന്ത്യ ഇസ്ലാഹി മൂവ്മെന്‍റ് ജനറല്‍ സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂര്‍ എന്നിവര്‍ പങ്കെടുക്കുന്നുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story