Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightരണ്ടു പതിറ്റാണ്ട്...

രണ്ടു പതിറ്റാണ്ട് കാലത്തെ മറക്കാനാകാത്ത അനുഭവങ്ങളുമായി സൂസന്‍ വര്‍ഗീസ് മടങ്ങി

text_fields
bookmark_border
ജീസാന്‍: ഇരുപത് വര്‍ഷമായി സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളില്‍ ആതുര സേവന രംഗത്ത് തന്‍െറ സേവനം കുറിച്ചിട്ട് ആലപ്പുഴ തിരുവല്ല സ്വദേശിനി സൂസന്‍ വര്‍ഗീസ് ഫൈനല്‍ എക്സിറ്റില്‍ നാട്ടിലേക്ക് മടങ്ങി. 1995 മുതല്‍ സൗദിയില്‍ ഉണ്ടായിരുന്ന ഇവര്‍ ആറ് വര്‍ഷം ഖുന്‍ഫുദയിലും പിന്നീട് തബൂക്കിലും രണ്ട് വര്‍ഷം ഖമീസ് മുശൈതിലേയും ജോലിക്ക് ശേഷമാണ് എട്ട് വര്‍ഷം മുമ്പ് ജീസാനിലെ സാംതയില്‍ ആരോഗ്യ മന്ത്രാലയത്തിന്‍െറ കീഴില്‍ ജോലിക്കായി എത്തുന്നത്. 
സര്‍ജറി വിഭാഗത്തില്‍ ജോലി ചെയ്തിരുന്ന തന്‍െറ ജീവിതത്തില്‍ ഇതുവരെ ഉണ്ടാകാത്ത അനുഭവമാണ് സാംതയില്‍ വെച്ച് ഉണ്ടായതെന്ന് മടങ്ങുമ്പോള്‍ ഇവര്‍ ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. കഴിഞ്ഞ മാസം സാംതയില്‍ ഉണ്ടായ ഷെല്ലാക്രമണത്തില്‍ മരണപ്പെട്ട ഫാറൂഖിന്‍േറയും വിഷ്ണുവിന്‍േറയും ശരീരങ്ങള്‍ ആശുപത്രിയില്‍ ഇവരാണ് വണ്ടിയില്‍ നിന്നും ഇറക്കിയതും വേണ്ട സഹായങ്ങള്‍ ചെയ്തതും. നൂറില്‍ പരം ജീവനക്കാരുള്ള ആശുപത്രിയില്‍ ഈ സമയത്ത് ജോലിക്കുണ്ടായിരുന്നത് ആകെ മൂന്ന് പേര്‍ മാത്രമായിരുന്നു. എല്ലാവരും പേടിച്ച് താമസ സ്ഥലത്ത് നിന്നും പുറത്തിറങ്ങാതിരുന്നപ്പോള്‍ ആശുപത്രി അധികൃതര്‍ ആവശ്യപ്പെട്ടതനുസരിച്ച് അവധി ദിവസമായിരുന്നിട്ട് കൂടി ധൈര്യപുര്‍വം മറ്റ് രണ്ട് ഫിലിപ്പീന്‍ യുവതികള്‍ക്കൊപ്പം സൂസനും ജോലിക്കിറങ്ങുകയായിരുന്നു. 
സംഭവ ദിവസം അതിരാവിലെ ഭയാനകമായ ശബ്ദം കേട്ടാണ് ഉണര്‍ന്നത്. ഉടനെ തന്നെ പുറത്തിറങ്ങി നോക്കിയപ്പോഴാണ് അപകടം നടന്ന വിവരം അറിയുന്നത്. പെട്ടെന്ന് തന്നെ ജോലിസമയത്ത് ഉപയോഗിക്കുന്ന വസ്ത്രവും അണിഞ്ഞ് ആശുപത്രിയിലത്തെി. ആശുപത്രി ജീവനക്കാര്‍ അടക്കം നിരവധിപേരെ പരിക്കുകളോടെ അവിടെ കൊണ്ടുവന്നു. അതിനിടയിലാണ് ചോരയില്‍ കുളിച്ച ഫാറൂഖിനേയും കൊണ്ട് വണ്ടി എത്തിയത്. വണ്ടിയില്‍ നിന്നും ഇറക്കി പരിശോധിച്ചപ്പോള്‍ തന്നെ മരണം സംഭവിച്ചുവെന്ന് വ്യക്തമായിരുന്നു. കഴുത്തിന്‍െറ ഇടത് ഭാഗത്തിലൂടെ കയറിയ ഷെല്ലിന്‍െറ ഭാഗം വലത് വശത്ത് കൂടെ തുളച്ചുപോയി  കഴുത്ത് ഒടിഞ്ഞ നിലയിലായിരുന്നു. 
അതിനിടയിലാണ് അതേ ആശുപത്രിയില്‍ തന്നെ ക്ളീനിങ് വിഭാഗത്തില്‍ ജോലി ചെയ്തിരുന്ന രണ്ട് ബംഗ്ളാദേശ് സ്വദേശികളെ കൊണ്ടുവരുന്നത്. തലേ ദിവസം വരെ ആശുപത്രി വൃത്തിയാക്കിയിരുന്ന ഇവരെ ചോരയില്‍ കുളിച്ച് ജീവനില്ലാത്ത നിലയില്‍ കണ്ടപ്പോള്‍ ഞെട്ടിപ്പോയെന്ന് സൂസന്‍ പറയുന്നു. ഇത് കൂടാതെ അന്നേ ദിവസം ആശുപത്രി ജീവനക്കാരായിരുന്ന 28 ആളുകളെയാണ് പരിക്ക് പറ്റി ചികിത്സക്കായി അവിടെ പ്രവേശിപ്പിച്ചത്. 
അടുത്ത ദിവസവും ഷെല്ലുകള്‍ പതിക്കുന്ന ഭയാനകമായ ശബ്ദം കാരണം വേറെ ആരും ജോലിക്ക് ഇറങ്ങിയിരുന്നില്ല. അന്ന് ഉച്ചയോടെയാണ് കാല് നഷ്ടപ്പെട്ട നിലയില്‍ വിഷ്ണുവിനെ അവിടേക്ക് കൊണ്ടുവരുന്നത്. നേരത്തെ പരിചയമുണ്ടായിരുന്ന വിഷ്ണുവിനെ ആശുപത്രിയില്‍ എത്തിച്ച സമയത്ത് അല്‍പം ജീവന്‍ ബാക്കിയുണ്ടായിരുന്നെങ്കിലും ഉടന്‍ തന്നെ മരണപ്പെടുകയായിരുന്നു.  അടുത്ത ദിവസവും സ്ഥിതിയില്‍ വലിയ മാറ്റമൊന്നുമുണ്ടായില്ല.  
നാലാമത്തെ ദിവസമായതോടെയാണ് സ്ഥിതി അല്‍പം ശാന്തമായത്. ആ മൂന്ന് ദിവസം ജീവിതത്തില്‍ മറക്കാന്‍ കഴിയാത്ത ദിവസങ്ങളാണെന്നാണ്് സൂസന്‍ പറയുന്നത്. ശബ്ദം കേട്ടതോടെ എല്ലാവരും പേടിച്ച് പരിഭ്രാന്തരായി ഓടുകയായിരുന്നു. ചിലര്‍ അപ്പോള്‍ തന്നെ നാട്ടിലേക്ക് പോകണമെന്ന് പറഞ്ഞ് കരയുന്നുണ്ടായിരുന്നു. ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ വന്നപ്പോള്‍ അവരോട് താമസം മാറണമെന്നും ചിലര്‍ നാട്ടില്‍ പേകണമെന്നും ആവശ്യപ്പെട്ടത് പ്രകാരം അവര്‍ ആശുപത്രി അധികൃതരുമായി സംസാരിച്ച് അതിന് വേണ്ട ഒരുക്കങ്ങളൊക്കെ ചെയ്തു കൊടുത്തിരുന്നു. 
മലയാളി ജീവനക്കാരില്‍ ചിലര്‍ ഈ സംഭവത്തോടെ നാട്ടിലേക്ക് തിരിച്ചു.  പലരും വിസ തീര്‍ന്നിട്ടും ഇനിയും മടങ്ങി വന്നിട്ടില്ല. കഴിഞ്ഞ ദിവസങ്ങളിലായി പത്തോളം മലയാളികള്‍ ജോലി മതിയാക്കി നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. എന്നാല്‍ പഠനത്തിനെടുത്ത കടവും വീടുപണിയും മറ്റുമായി സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒരുപാട് മലയാളി നഴ്സുമാര്‍ ഇപ്പോഴും എന്തുചെയ്യണമെന്നറിയാതെ അവിടെ ജോലി ചെയ്യുന്നുണ്ട്. 
കഴിഞ്ഞ ദിവസം ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ മറ്റ് ജോലിക്കാരെല്ലാം ചേര്‍ന്ന് സൂസന്‍ വര്‍ഗീസിന് യാത്രയയപ്പ് നല്‍കി. വിഷ്ണുവിന്‍െറ മൃതശരീരം കൊണ്ടുപോയ വിമാനത്തില്‍ തന്നെയാണ് സൂസനും ആശുപത്രി അധികൃതര്‍ ടിക്കറ്റ് എടുത്ത് നല്‍കിയത്. ഇവരുടെ ഭര്‍ത്താവ് ഇപ്പോള്‍ വിദേശത്താണ്. മകന്‍ ക്രിസ്റ്റോ കോയമ്പത്തൂരില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിങിന് പഠിക്കുന്നു.  
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story