Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Oct 2015 3:04 PM IST Updated On
date_range 24 Oct 2015 3:04 PM ISTഅറബി മലയാള വൃത്താന്ത പത്രത്തെ ചരിത്രത്തില്‍ അടയാളപ്പെടുത്താന്‍ പ്രവാസി ശ്രമം
text_fieldsbookmark_border
റിയാദ്: കേരളത്തിലെ വൃത്താന്ത പത്രങ്ങളുടെ ചരിത്രത്തില്‍ ഇടം കിട്ടാതെ പോയ പത്രത്തെ പൊടിതട്ടിയെടുത്ത് മലയാളികള്‍ക്കു മുന്നില്‍ കൊണ്ടു വരാന്‍ പ്രവാസിശ്രമം. ഒരു നൂറ്റാണ്ട് മുമ്പ്, നസ്രാണി ദീപികയും മലയാള മനോരമയും ആഴ്ചപ്പത്രങ്ങളായി പുറത്തിറങ്ങിയിരുന്ന കാലത്ത് മാസത്തില്‍ രണ്ടു തവണ തിരൂരില്‍ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന ‘സലാഹുല്‍ ഇഖ്വാന്’ എന്ന അറബി മലയാളപത്രമാണ് റിയാദില്‍ ജന്മം കൊണ്ട ‘ഗ്രേസ് എജുക്കേഷനല്‍ സൊസൈറ്റി’ വീണ്ടും മലയാളികള്‍ക്കുമുന്നില്‍ കൊണ്ടു വരുന്നത്. കേരളീയ മുസ്ലിംള്ക്കിടയില് സജീവ പ്രചാരത്തിലുണ്ടായിരുന്ന ‘അറബി മലയാളം’ ലിപിയിലായിരുന്നു ഈ വൃത്താന്ത പത്രം പ്രസിദ്ധീകരിച്ചിരുന്നത്. തിരൂര്‍ സ്വദേശിയായ സി. സൈതാലിക്കുട്ടി മാസ്റ്ററായിരുന്നു പത്രാധിപര്‍.
റിയാദില്‍ ജന്മം കൊള്ളുകയും കാലിക്കറ്റ് യൂനിവേഴ്സിറ്റി കാമ്പസിലെ സി.എച്ച് ചെയര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ‘ഗ്രേസ് എജൂക്കേഷണല്‍ സൊസൈറ്റി’യുടെ ജനറല്‍ സെക്രട്ടറിയും പ്രവാസിയുമായ അശ്റഫ് തങ്ങള്‍ ചെട്ടിപ്പടിയുടെ കൈയില്‍ യാദൃശ്ചികമായാണ് ഈ പത്രങ്ങളുടെ ഏതാനും ലക്കങ്ങള്‍ വന്നുചേര്‍ന്നത്. ആധുനിക വൃത്താന്ത പത്രങ്ങളോളം പോന്ന ലക്ഷണത്തികവാണ് ‘സലാഹുല്‍ ഇഖ്വാന്’ ഉണ്ടായിരുന്നതെന്ന് അശ്റഫ് തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. അക്കാലത്തെ മലയാളി സാമൂഹിക ജീവിതത്തിന്‍െറ ദൈനംദിന വിശേഷങ്ങള്‍ ഭേദപ്പെട്ട പത്രഭാഷയില്‍ തന്നെ അതില്‍ രേഖപ്പെടുത്തിയിരുന്നു. അന്നിറങ്ങിയിരുന്ന മറ്റ് പത്രങ്ങളോളമോ അതിനേക്കാള്‍ മികച്ചതോ ആയ വാര്‍ത്താവതരണ ശൈലി. ലിപി ‘അറബി മലയാളം’ എങ്കിലും ഭാഷ നല്ല ശുദ്ധ മലയാളം. 1901 മുതല്‍ 1906 വരെയുള്ള കാലയളവില്‍ ഇറങ്ങിയ ലക്കങ്ങളില്‍ 16 എണ്ണമാണ് അശ്റഫ് തങ്ങളുടെ കൈയില്‍ കിട്ടിയത്. സാധാരണ പത്രങ്ങളുടെ അതേ വലിപ്പത്തിലും ആകൃതിയിലും (ബ്രോഡ് ഷീറ്റ് ന്യൂസ് പ്രിന്റ്) പുറത്തിറങ്ങിയിരുന്ന പത്രത്തില്‍ നാലു പേജുകളാണ് ഉണ്ടായിരുന്നത്. ഇന്നത്തെ പത്രങ്ങളിലേത് പോലെ തന്നെ മുഖപേജില്‍ ഏറ്റവും മുകളിലാണ് പത്ര ശീര്‍ഷകമായ മാസ്റ്റ് ഹെഡ്. അറബിയിലും ഇംഗ്ളീഷിലുമുള്ള മാസ്റ്റ് ഹെഡിനോട് ചേര്‍ന്ന് മാസത്തില്‍ രണ്ടു തവണ പ്രസിദ്ധപ്പെടുത്തുന്നത് എന്ന വിവരവും ന്യൂസ് പേപ്പര്‍ രജിസ്ട്രേഷന് നമ്പറും ചേര്‍ത്തിട്ടുണ്ട്. മാസ്റ്റ് ഹെഡിന്‍െറ ഇടതുവലതു ഭാഗങ്ങളില്‍ ‘ഇയര്‍ പാനലു’മുണ്ട്. പത്രത്തിന്‍െറ സ്വന്തം പരസ്യങ്ങളാണ് അവ. ഒരു ഭാഗത്ത് മറ്റ് പേജുകളിലെ പ്രധാന ഉള്ളടക്കങ്ങളെ കുറിച്ചുള്ള സൂചനയാണ്. മറുഭാഗത്ത് പത്രത്തിലെ പരസ്യ നിരക്കിന്‍െറ വിശദ വിവരം. ഇന്നത്തെ പത്രങ്ങളുടെ മുഖപേജുകളിലെ പരസ്യ ആധിക്യം ചര്‍ച്ചാ വിഷയമാണല്ളോ. എന്നാല്‍ ഒന്നേകാല്‍ നൂറ്റാണ്ട് മുമ്പും പരസ്യങ്ങള്‍ മുഖപേജ് കൈയടക്കിയിരുന്നെന്നതിന് സലാഹുല്‍ ഇഖ്വാനും സാക്ഷി. മുഖപേജില്‍ വലിയൊരു ഭാഗം തന്നെ വിവിധ പരസ്യങ്ങള്‍ കവര്‍ന്നിരിക്കുന്നു. വലിയ പ്രത്യേകത ‘മുഖപ്രസംഗം’ പൂമുഖത്ത് നിന്ന് തന്നെ തുടങ്ങി അകത്തേക്ക് നീളുന്നു. പ്രദേശികമായ ചെറിയ അടിപിടി കേസുകളും മരണങ്ങളും മുതല്‍ ലോകത്തെ വലിയ രാഷ്ട്രീയ വിഷയങ്ങളും മറ്റ് സംഭവികാസങ്ങളും വരെ പത്രത്തിലെ വാര്‍ത്തകളാണ്. ഓരോന്നിന്‍െറയും പ്രാധാന്യം അനുസരിച്ചുള്ള കൃത്യമായ വാര്‍ത്താ വ്യന്യാസം. പത്രപ്രവര്‍ത്തന ചരിത്രം പഠിക്കുന്നവര്‍ക്ക് വലിയ മുതല്‍ കൂട്ടാണ് ഈ പത്രം. വാര്‍ത്തകളും വീക്ഷണങ്ങളും അന്നത്തെ സാമൂഹികാന്തരീക്ഷത്തെ അവതരിപ്പിക്കുന്നതാകയാല് ചരിത്രവും സാമൂഹിക ശാസ്ത്രവും അറിയാനാഗ്രഹിക്കുന്നവര്‍ക്കും പ്രയോജനപ്രദം.
കാലിക്കറ്റ് യൂനിവേഴ്സിറ്റി സി.എച്ച് ചെയറില്‍ സജ്ജീകരിച്ച ഗ്രേസിന്‍െറ ‘മാപ്പിള ഹെരിറ്റേജ് ലൈബ്രറി’യിലാണ് പത്രം സൂക്ഷിച്ചിരിക്കുന്നത്. കേരളത്തിലെയും സമീപ നാടുകളിലേയും മാപ്പിള, മുസ്ലിം പൈതൃക ശേഷിപ്പുകള്‍ കണ്ടത്തെി സൂക്ഷിക്കാനും പുനരുദ്ധരിക്കാനും ഡിജിറ്റലൈസ് ചെയ്ത് ലോകത്ത് എവിടെയിരുന്നും റഫര്‍ ചെയ്യാന്‍ കഴിയുന്ന വിധം ഓണ്‍ലൈന്‍ ലൈബ്രറി സംവിധാനം നടപ്പാക്കാനുമുള്ള ശ്രമങ്ങളില്‍ ഗ്രേസ് ഏറെ മുന്നേറി കഴിഞ്ഞു. ഇത്തരം ശേഷിപ്പുകള്‍ കൈയിലുള്ളവരുമായി കൈകോര്‍ക്കാന്‍ ഗ്രേസ് ആഗ്രഹിക്കുന്നതായും അവര്‍ക്ക് 0504187740 എന്ന നമ്പറില്‍ തന്നെ ബന്ധപ്പെടാമെന്നും അശ്റഫ് തങ്ങള്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
