Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Oct 2015 4:05 PM IST Updated On
date_range 22 Oct 2015 4:05 PM ISTസ്വകാര്യമേഖലയില്‍ വനിതകള്‍ നാലു ലക്ഷം
text_fieldsbookmark_border
റിയാദ്: രാജ്യത്തെ സ്വകാര്യമേഖലയില്‍ നാല് ലക്ഷം വരുന്ന സ്ത്രീ തൊഴിലാളികളില്‍ അറുപതിനായിരത്തോളം വരുന്ന സ്ത്രീകള്‍ക്ക് തൊഴില്‍ ലഭിച്ചത് കഴിഞ്ഞ നാലു വര്‍ഷത്തിനുള്ളിലെന്ന് സോഷ്യല്‍ ഇന്‍ഷൂറന്‍സ് (ഗോസി). സ്ത്രീകള്‍ക്ക് തൊഴില്‍ മേഖലയില്‍ കൂടുതല്‍ അവസരം ലഭിക്കുന്നതിന് മന്ത്രാലയം നടത്തിയ പരിഷ്കാരമാണ് ഇതിന് ശക്തി പകര്‍ന്നത്. സ്ത്രീ തൊഴിലാളികളില്‍ ഭൂരിഭാഗവും ഓഫിസുകളിലും ഫാക്ടറികളിലുമാണ് തൊഴിലെടുക്കുന്നത്. വസ്ത്രം, സൗന്ദര്യവര്‍ധക വസ്തുക്കള്‍ തുടങ്ങിയ വസ്തുക്കളുടെ ചില്ലറ വില്‍പന മേഖലയില്‍ സ്ത്രീകള്‍ക്ക് തൊഴിലെടുക്കാന്‍ താല്‍പര്യം കുറഞ്ഞുവരുന്നതായി ഈ രംഗത്തുള്ള നിക്ഷേപകര്‍ പരാതിപ്പെടുന്നുണ്ട്. അതേസമയം, ഈ മേഖല പുതിയതായി പഠിച്ച് പുറത്തിറങ്ങുന്ന വനിതകള്‍ക്ക് തൊഴില്‍ മേഖലയില്‍ പരിചയം ലഭിക്കാന്‍ പ്രയോജനപ്പെടുന്നതായും അവര്‍ ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ ഞായറാഴ്ച നിലവില്‍ വന്ന പുതിയ തൊഴില്‍ നിയമം സ്ത്രീ തൊഴില്‍മേഖലക്ക് കൂടുതല്‍ കരുത്തു പകരുമെന്നാണ് പൊതുവില്‍ വിലയിരുത്തപ്പെടുന്നത്. സ്ത്രീതൊഴിലാളികള്‍ ചോര്‍ന്ന് പോകുന്നതിന് കാരണം സ്ഥാപനങ്ങളുടെ പ്രവര്‍ത്തന ചട്ടങ്ങളും തൊഴിലുടമകളുടെ നിലപാടുകളുമാണെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. പുതിയ തൊഴില്‍ നിയമത്തില്‍ സ്ത്രീ തൊഴിലാളികള്‍ക്ക് അനുകൂലമായ നിരവധി ഘടകങ്ങള്‍ അവര്‍ക്ക് ആത്മവിശ്വാസം വര്‍ധിക്കാന്‍ സഹായകമായതായാണ് പ്രഗല്‍ഭരുടെ നിരീക്ഷണം. തൊഴിലിടങ്ങളില്‍ സ്ത്രീകളുടെ സ്ഥിരതക്കും ഉല്‍പാദന ക്ഷമതക്കും പ്രചോദനമാകും നിയമമെന്നും അവര്‍ അഭിപ്രായപ്പെടുന്നു. സ്ഥാപനത്തിലെ മൊത്തം തൊഴിലാളികളുടെ 12 ശതമാനം എന്ന അനുപാതത്തില്‍ സ്വദേശി തൊഴിലന്വേഷകര്‍ക്ക് പരിശീലനം നല്‍കാന്‍ തൊഴിലുടമയെ നിര്‍ബന്ധിക്കുന്ന പുതിയ നിയമം തൊഴിലന്വേഷകര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ലഭിക്കാന്‍ സഹായിക്കുന്നുണ്ട്. നേരത്തെ ഇത് ആറു ശതമാനമായിരുന്നു. ഈ നിയമ പ്രകാരം സ്ത്രീ തൊഴിലാളികള്‍ക്കും ഏറെ പ്രയോജനം ലഭിക്കും. സ്ത്രീ തൊഴിലാളികള്‍ക്ക് പുതിയ നിയമത്തിലൂടെ ലഭിച്ച ആനുകൂല്യങ്ങളില്‍ സുപ്രധാനമായത് പ്രസവാവധിയും ഭര്‍തൃ മരണാനന്തരമുള്ള ഇദ്ദ കാലാവധിയും ദീര്‍ഘിപ്പിച്ചതാണ്. പ്രസവാനന്തരം ആറു ആഴ്ച അടക്കം പ്രസവാവധി മൊത്തം 10 ആഴ്ചയായി വര്‍ധിപ്പിച്ചതും ഇദ്ദ കാലാവധി നാല് മാസവും 10 ദിവസവും വേതനാവധിയായും ഗര്‍ഭിണിയാണെങ്കില്‍ പ്രസവം വരെയും വേതനം കൂടാതെ അവധി എടുക്കാനുള്ള അവസരവും പുതിയ തൊഴില്‍ നിയമത്തില്‍ ഉള്‍പ്പെടുത്തിയതും സ്ത്രീകള്‍ക്ക് വലിയ ആശ്വാസം പകരുന്നതാണെന്ന് തൊഴില്‍ മേഖലയിലെ നിരവധി സ്ത്രീകള്‍ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story