Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Oct 2015 1:57 PM IST Updated On
date_range 16 Oct 2015 1:57 PM ISTകാതലായ നിയമ ഭേദഗതികളുമായി സൗദി തൊഴില്‍ മന്ത്രാലയം
text_fieldsbookmark_border
റിയാദ്: നിതാഖാത് പരിഷ്കരണത്തിനു ശേഷം തൊഴില്‍നിയമത്തില്‍ കാതലായ ഭേദഗതികളുമായി തൊഴില്‍ മന്ത്രാലയം. പൊതുതാല്‍പര്യം പരിഗണിച്ചും തൊഴില്‍ കമ്പോളത്തിലെ വെല്ലുവിളികള്‍ നേരിടാനുറച്ചും സമഗ്രമായ മാസ്റ്റര്‍ പ്ളാനാണ് മന്ത്രാലയം തയാറാക്കുന്നതെന്ന് പുതിയ പരിഷ്കരണങ്ങള്‍ വിശദീകരിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ തൊഴില്‍ സഹമന്ത്രി അഹ്മദ് അല്‍ഹുമൈദാന്‍ വ്യക്തമാക്കി.
പുതിയ പരിഷ്കരണത്തില്‍ തൊഴിലാളിയുടെ പ്രവൃത്തിപരിശീലന കാലാവധി മൂന്ന് മാസത്തില്‍നിന്ന് ആറ് മാസമാക്കി വര്‍ധിപ്പിച്ചു. ഇത് തൊഴിലുടമയും തൊഴിലാളിയും തമ്മിലുള്ള കരാറില്‍ വ്യക്തമാക്കിയിരിക്കണം. ഒരു സ്ഥാപനത്തില്‍ ഒന്നിലേറെ പ്രാവശ്യം തൊഴിലാളിയെ പരിശീലനത്തിന് നിര്‍ബന്ധിക്കരുത്. തസ്തിക മാറുകയോ ആറ് മാസത്തിലധികം സ്ഥാപനത്തിന് പുറത്ത് കഴിയുകയോ ചെയ്ത തൊഴിലാളിക്ക് വീണ്ടും ഇത്രയും കാലം പരിശീലനം നല്‍കാം.
തൊഴില്‍ കരാര്‍ കാലാവധി മൂന്ന് വര്‍ഷത്തില്‍നിന്ന് നാല് വര്‍ഷമാക്കി ദീര്‍ഘിപ്പിച്ചിട്ടുണ്ട്. തുടര്‍ച്ചയായി മൂന്ന് പ്രാവശ്യം തൊഴില്‍ കരാര്‍ പുതുക്കുകയോ അടിസ്ഥാന കരാര്‍ കാലാവധിയും പുതുക്കിയ കാലാവധിയും ചേര്‍ത്ത് നാല് വര്‍ഷം പൂര്‍ത്തീകരിക്കുകയോ ചെയ്താല്‍ ഇരുകക്ഷികളുടെയും യോജിപ്പോടെ കാലാവധിയില്ലാ കരാര്‍ നടപ്പാക്കാം. കരാറില്‍ പറഞ്ഞ നിശ്ചിത കാലാവധിക്ക് മുമ്പ് തൊഴിലാളിയെ പിരിച്ചുവിടാന്‍ തൊഴിലുടമക്ക് അവകാശമില്ല. ന്യായമായ കാരണം മൂലം പിരിച്ചുവിടുകയാണെങ്കില്‍ രണ്ടു മാസം മുമ്പ് നോട്ടീസ് നല്‍കിയിരിക്കണമെന്നും പുതിയ ഭേദഗതി വ്യക്തമാക്കുന്നു. കരാര്‍ കാലാവധി നിര്‍ണയിക്കാതിരിക്കുകയോ പിരിച്ചുവിടല്‍ നടപടിക്ക് മുമ്പ് തൊഴിലുടമ മുന്‍കൂട്ടി അറിയിപ്പ് നല്‍കാതിരിക്കുകയോ ചെയ്താല്‍ അവശേഷിക്കുന്ന നോട്ടീസ് പ്രകാരം അറിയിക്കേണ്ട കാലാവധി വരെയുള്ള വേതനത്തിന് തൊഴിലാളി അര്‍ഹനായിരിക്കും. അന്യായമായാണ് തൊഴിലാളിയെ പിരിച്ചുവിടുന്നതെങ്കില്‍ അയാള്‍ സ്ഥാപനത്തില്‍ തൊഴിലെടുത്ത ഓരോ വര്‍ഷത്തിനും 15 ദിവസം എന്ന തോതില്‍ വേതനം നല്‍കാന്‍ തൊഴിലുടമക്ക് ബാധ്യതയുണ്ട്.
എപ്പോള്‍ പിരിച്ചുവിട്ടാലും മിനിമം രണ്ട് മാസത്തെ വേതനം തൊഴിലാളിക്ക് നല്‍കണം. പിരിച്ചുവിടല്‍ നോട്ടീസ് ലഭിച്ച തൊഴിലാളിക്ക് മറ്റൊരു തൊഴില്‍ അന്വേഷിക്കാനായി ആഴ്ചയില്‍ ഒരു ദിവസം മുഴുവനായോ അല്ളെങ്കില്‍ ഒരാഴ്ചക്കിടെ എട്ട് മണിക്കൂറോ സ്ഥാപനത്തില്‍ ജോലിക്ക് ഹാജരാകാതിരിക്കാം. എന്നാല്‍ ഈ കാലയളവില്‍ വേതനത്തില്‍ കുറവുവരുത്താന്‍ തൊഴിലുടമക്ക് അധികാരമില്ല.
ന്യായമായ കാരണം കൂടാതെ കരാര്‍ കാലാവധിക്കിടയില്‍ വിവിധ സമയങ്ങളിലായി ഒരു മാസമോ പതിനഞ്ച്് ദിവസം തുടര്‍ച്ചയായോ ജോലിക്ക് ഹാജരാകാതിരുന്നാല്‍ തൊഴിലുടമക്ക് തൊഴില്‍ കരാര്‍ റദ്ദ് ചെയ്യാന്‍ അധികാരമുണ്ടായിരിക്കും. അത്തരം ഘട്ടത്തില്‍ തൊഴിലാളിക്ക് വിശദീകരണം നല്‍കാന്‍ കരാര്‍ റദ്ദാക്കുന്നതിന് 10 ദിവസം മുതല്‍ 20 ദിവസം വരെ മുമ്പ് തൊഴിലുടമ നോട്ടീസ് നല്‍കിയിരിക്കണം. ഒരു സ്ഥാപനത്തില്‍നിന്ന് മറ്റൊരു സ്ഥാപനത്തിലേക്ക് സ്ഥലം മാറ്റം ആവശ്യമായി വന്നാല്‍ തൊഴിലാളിയുടെ രേഖാമൂലമുള്ള അനുമതിക്ക് ശേഷം മാത്രമേ നടപ്പാക്കാന്‍ പാടുള്ളൂ എന്നും വ്യക്തമാക്കിയിട്ടുണ്ട്.
സ്ത്രീ തൊഴിലാളികള്‍ക്ക് കൂടുതല്‍ അവധി ആനുകൂല്യങ്ങള്‍ പുതിയ ഭേദഗതിയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഭര്‍ത്താവിന്‍െറ മരണത്തെ തുടര്‍ന്ന് ഇദ്ദ ആചരിക്കുന്നതിന് നാലു മാസവും 10 ദിവസവും വേതനാവധി ലഭിക്കും. സ്ത്രീ ഗര്‍ഭിണിയാണെങ്കില്‍ ആവശ്യമെങ്കില്‍ പ്രസവം വരെ ശൂന്യവേതനാവധി നല്‍കാം. എന്നാല്‍ ഈ കാലയളവില്‍ മറ്റൊരു ജോലിയിലും തൊഴിലാളി ഏര്‍പ്പെടാന്‍ പാടില്ല. ജോലിക്കിടയില്‍ പരിക്കേല്‍ക്കുന്ന തൊഴിലാളിക്ക് ചികിത്സാവശ്യാര്‍ഥം നേരത്തെ അനുവദിച്ചിരുന്ന വേതനാവധി ഒരു മാസത്തില്‍നിന്ന് രണ്ട് മാസമായി വര്‍ധിപ്പിച്ചു. ഈ കാലയളവില്‍ തൊഴിലാളിയുടെ വേതനത്തിന്‍െറ 75 ശതമാനം തുക ചികിത്സാവശ്യാര്‍ഥം അനുവദിക്കാനും നിര്‍ദേശമുണ്ട്. തൊഴിലിടങ്ങളില്‍ പരിശോധന നടത്തുന്ന ഉദ്യോഗസ്ഥരുടെ നടപടികള്‍ക്ക് കൂടുതല്‍ അംഗീകാരം ലഭിക്കുന്നതിനുള്ള നിയമഭേദഗതിയും പുതിയ പരിഷ്കരണത്തിലുണ്ട്.
സ്വദേശികളുടെ തൊഴില്‍ സാധ്യത വര്‍ധിപ്പിക്കുന്നതിനും സ്വദേശി സ്ഥാപനങ്ങളുടെ പ്രവര്‍ത്തനക്ഷമത ഉറപ്പുവരുത്തുന്നതിനും പ്രത്യേക പരിഗണന നല്‍കുന്ന 38 ഭേദഗതികളാണ് പുതിയ നിയമത്തിലുള്ളത്. സ്വദേശികളുടെ തൊഴില്‍ സാധ്യതയും സ്വദേശി സ്ഥാപനങ്ങളുടെ പ്രവര്‍ത്തനക്ഷമതയും വര്‍ധിപ്പിക്കുക, സ്ത്രീകളടക്കമുള്ള സ്വദേശി തൊഴിലാളികള്‍ക്ക് സ്ഥാപനങ്ങളില്‍ പരിശീലനവും അനുകൂലമായ തൊഴില്‍ അന്തരീക്ഷവുമൊരുക്കുക, തൊഴില്‍ ചട്ടങ്ങളും വീഴ്ച വരുത്തുന്നവര്‍ക്കെതിരെയുള്ള നിയമനടപടികളും ഏകീകരിക്കുക എന്നീ കാര്യങ്ങള്‍ക്കാണ് പുതിയ പരിഷ്കരണത്തില്‍ പ്രാമുഖ്യം. ഏകീകരിച്ച തൊഴില്‍ കരാറിന്‍െറ മാതൃകക്ക് മന്ത്രാലയം രൂപം നല്‍കിയിട്ടുണ്ട്. തൊഴിലുടമയുടെ പേര്, വിലാസം, തൊഴിലാളിയുടെ പേര്, രാജ്യം, ഐഡന്‍റിറ്റി വിശദാംശങ്ങള്‍, തൊഴില്‍ സ്ഥലം, വേതനം, മറ്റു ആനുകൂല്യങ്ങള്‍, തൊഴില്‍ കാലാവധി എന്നിവ ഇതില്‍ വ്യക്തമാകും. അടിസ്ഥാന ചട്ടങ്ങള്‍ക്ക് വിരുദ്ധമാകാത്ത അനുബന്ധ വ്യവസ്ഥകളും ഇരുകക്ഷികള്‍ക്കും കരാറില്‍ കൂട്ടിച്ചേര്‍ക്കാനും പുതിയ ഭേദഗതിയില്‍ അനുമതിയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
