Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightനിഷ്കളങ്കമായ...

നിഷ്കളങ്കമായ ശൈശവോത്സവങ്ങളെ ഫാഷിസം ഹൈജാക് ചെയ്യുന്നു -കരിവെള്ളൂര്‍ മുരളി

text_fields
bookmark_border
ദമ്മാം: നിഷ്കളങ്കമായ ഐതിഹ്യങ്ങള്‍ ഉറങ്ങുന്ന ഉത്സവങ്ങളെ ഫാഷിസം തങ്ങളുടെ വളര്‍ച്ചക്കായി കൊണ്ടാടുകയാണന്ന് കവിയും നാടക രചയിതാവുമായ കരിവെള്ളൂര്‍ മുരളി. നമ്മുടെ സംസ്കാരത്തിന്‍െറ ഭാഗമായ എല്ലാത്തിനേയും പുതിയ നുണകളില്‍ മാറ്റിപണിഞ്ഞ് തങ്ങളുടേതാക്കുന്ന തന്ത്രമാണ് അവര്‍ പ്രയോഗിക്കുന്നത്. ക്ഷേത്രങ്ങളില്‍ പ്രവേശനമില്ലാതിരുന്ന ദളിത് പിന്നോക്ക വിഭാഗങ്ങളെ സ്വതന്ത്ര്യ സമരത്തില്‍ അണിനിരത്താന്‍ ഗണേശ വിഗ്രങ്ങങ്ങളെ പുറത്തേക്ക് കൊണ്ട് വന്ന് ഗണേശോല്‍സവങ്ങള്‍ സംഘടിപ്പിച്ചത് ബാലഗംഗാധര തിലകനായിരുന്നു. അതിനെയാണ് ഇന്ന് ഫാഷിസ്റ്റുകള്‍ തങ്ങളുടെ ചവിട്ടു പടിയായി കൊണ്ടാടുന്നതെന്നും അദ്ദേഹം ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു.
ഉറങ്ങി കിടക്കുന്ന കുട്ടികളുടെ തലയിണക്കടിയില്‍ സാന്തക്ളോസ് അപ്പൂപ്പന്‍ സമ്മാനം വെച്ച് പോകുന്നതുപോലെ കുട്ടികള്‍ക്ക് കൗതുകം പകരുന്ന ഒരു ആഘോഷമാണ് കൃഷ്ണാഷ്ടമി. എന്നാല്‍ കഴിഞ്ഞ 10 കൊല്ലമായി ബാലഗോകുലം അത് മതത്തിന്‍െറ കൂടെ കെട്ടി കൊണ്ടാടുന്നു. പര്‍ദയിട്ട പെണ്ണും ഉണ്ണികൃഷ്ണനുമായി വരുന്നതും ഇവര്‍ ഒരുക്കുന്ന തന്ത്രത്തില്‍ നിന്നാണ്.  ഇന്ത്യയില്‍ ജീവിക്കണമെങ്കില്‍ ഒരു മതത്തെ സാംശീകരിക്കണമെന്ന സന്ദേശം കുടിയുണ്ട് ഇതിനു പിന്നില്‍. നവോത്ഥാന പോരാട്ടങ്ങളുടെ തൂണുകളില്‍ പണിത കേരളത്തില്‍ ഫാഷിസത്തിന് വേരുറപ്പിക്കാനാവില്ളെന്നും അദ്ദേഹം പറഞ്ഞു. നമ്മുടെ ഒരുമക്ക് ഉലച്ചില്‍ തട്ടുമ്പോള്‍ സര്‍വ എതിര്‍പ്പുകളും മറന്ന് മതേര ജനാധിപത്യ ചേരികളില്‍ ഭൂരി പക്ഷവും ഒന്നിക്കുന്നത് അതുകൊണ്ടാണ്. സംഘപരിവാര്‍ പറയുന്ന ഹിന്ദുത്വത്തിന് മതവുമായി ഒരു ബന്ധവുമില്ല. രാമായണത്തിലും, മാഹാഭാരതത്തിലും തിരഞ്ഞാല്‍ എവിടെയാണ് ഹിന്ദുവിനെ കാണാന്‍ കഴിയുക. പാഴ്സികളുടെ വേദ ഗ്രന്ഥമായ സെന്‍റ് അവസ്തയിലാണ് ഹിന്ദുവെന്ന പ്രയോഗമുള്ളത്. അതും സിന്ധു നദീതട ജീവിതവുമായി ബന്ധപ്പെട്ട്. ഫാഷിസം ഹിറ്റ്ലറുടെ ആശയമാണ്. ലാഭമുണ്ടാക്കാന്‍ ഓടി നടക്കുന്ന ബ്രാഹമണരാണ് അതിന് പലയിടങ്ങളിലും വേരുകളുണ്ടാക്കിയത്. ഇന്നും അത് ബ്രാഹമണ മേധാവിത്വം തന്നെയാണ് എന്നതിനാലാണ് ഇറച്ചിതിന്നുന്നതിന് മനുഷ്യനെ തല്ലിക്കൊല്ലുന്നതു പോലുള്ള ക്രൂരതകള്‍ ഉണ്ടാകുന്നത്. നുണയുടെ മുന്നണിയും, അക്രമത്തിന്‍െറ പിന്നണിയുമാണ് ഫാഷിസത്തിന്‍െറ രൂപം. 
ദാദ്രിയില്‍ മുസ്ലിം സഹോദരിമാരുടെ വിവാഹത്തിന് സഹായിക്കാന്‍ ഹിന്ദുക്കള്‍ എത്തിയ വാര്‍ത്തപോലും തങ്ങള്‍ക്ക് അനൂകൂലമാക്കാന്‍ നുണ മെനയുകയാണവര്‍. ഒരു മനുഷ്യന്‍െറ ആഹാര കാര്യത്തില്‍ ഇടപെടാന്‍ ആരാണ് ഇവര്‍ക്ക് അനുമതി നല്‍കുന്നത്. നാമത് അംഗീകരിച്ചാല്‍ നാളെ കിടപ്പുമുറിയിലും ഇവരത്തെിയേക്കാം. ഇവരുടെ ഹിന്ദുത്വത്തിന് ദൈവവുമായി ഒരു ബന്ധവുമില്ല. ക്ഷേത്രങ്ങളില്‍ കൊട്ടിപ്പാടുന്ന ‘ഇടക്ക’ ഉണ്ടാക്കുന്നത് ഒരു വയസ്സ് തികയാത്ത മൂരികളുടെ ചാണക സഞ്ചിയില്‍ നിന്നാണ്. മൃഗത്തോലുകള്‍ കൊണ്ടുണ്ടാക്കുന്ന ചെണ്ട ഉത്സവങ്ങള്‍ കൊട്ടിക്കയറുന്നു. മതത്തില്‍ നിന്നകന്ന വ്യാജ പ്രചരണങ്ങളില്‍ മതത്തെ വില്‍ക്കാന്‍ ശ്രമിക്കുന്നവര്‍ പരാജയപ്പെടുക തന്നെ ചെയ്യുമെന്നും ഫാഷിസത്തെ മതേര സംഘങ്ങള്‍ അതിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. 
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story