Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Oct 2015 3:21 PM IST Updated On
date_range 9 Oct 2015 3:21 PM ISTനാട്ടില്‍ പോകാന്‍ കഴിയാത്തവര്‍ക്ക് ‘നോര്‍ക’യുടെ വിമാന ടിക്കറ്റ് പദ്ധതി നടപ്പായി
text_fieldsbookmark_border
റിയാദ്: പണമില്ലാത്തതിനാല്‍ പത്ത് വര്‍ഷത്തില്‍ കൂടുതലായി നാട്ടില്‍ പോകാന്‍ കഴിയാത്ത പ്രവാസികള്‍ക്ക് ഒരു തവണ നാട്ടില്‍ പോകാനോ പോയി മടങ്ങാനോ സൗജന്യ വിമാന ടിക്കറ്റ് നല്കുന്ന കേരള സര്‍ക്കാറിന്‍െറ പദ്ധതി സൗദി അറേബ്യയിലും നടപ്പാക്കി തുടങ്ങി. പ്രവാസികാര്യ വകുപ്പിന് കീഴില്‍ നോര്‍ക-റൂട്ട്സ് നടത്തുന്ന പദ്ധതിയുടെ ആനുകൂല്യത്തിന് ഇപ്പോള്‍ അപേക്ഷിക്കാമെന്ന് നോര്‍കയുടെ സൗദി കണ്‍സള്‍ട്ടന്റ് ശിഹാബ് കൊട്ടുകാട് അറിയിച്ചു. ആദ്യഘട്ടത്തില്‍ പത്ത് വര്‍ഷമോ അതില്‍ കൂടുതലോ ആയി നാട്ടില്‍ പോകാന്‍ കഴിയാത്തവരെയാണ് പരിഗണിക്കുക. സാമ്പത്തിക പ്രയാസം അനുഭവിക്കുന്നവര്‍ക്കാണ് ആനുകൂല്യം. പിന്നീട് കൂടുതല്‍ പേര്‍ക്ക് അവസരം നല്‍കുമെന്ന് പ്രവാസികാര്യ മന്ത്രി കെ.സി ജോസഫ് അറിയിച്ചിട്ടുണ്ട്. സൗദി അറേബ്യയില്‍ വര്‍ഷങ്ങള്‍ പലത് കഴിഞ്ഞിട്ടും നാട്ടില്‍ പോകാന്‍ കഴിയാത്തവര്‍ അനേകമുണ്ട്. പലവിധ നിയമകുരുക്കുകളും സാമ്പത്തിക പ്രയാസവുമാണ് ഇതിന് കാരണം.
പദ്ധതിയുടെ ആനുകൂല്യം കൂടുതല്‍ പേരിലേക്ക് വ്യാപിപ്പിക്കാന്‍ നടപ്പാക്കി കഴിഞ്ഞേ തീരുമാനിക്കാന്‍ കഴിയൂ. കിട്ടുന്ന അപേക്ഷകള്‍ പരിശോധിച്ച് അര്‍ഹരെന്ന് കാണുന്നവര്‍ക്കെല്ലാം ടിക്കറ്റ് നല്‍കും. പത്ത് വര്‍ഷം എന്ന നിബന്ധന വെച്ചിട്ടുണ്ടെങ്കിലും അതില്‍ അല്പം കുറവ് കാലാവധിയുള്ളവരുടേയും അപേക്ഷകള്‍ ഉപാധികള്‍ക്ക് വിധേയമായി സ്വീകരിക്കും. എന്നാല്‍ തീരുമാനം കാലഗണനക്ക് ഉപരി അപേക്ഷകരുടെ മറ്റ് അര്‍ഹതകള്‍ കൂടി പരിശോധിച്ചാണ് ഉണ്ടാകുക. ഇക്കാര്യങ്ങള്‍ നോര്‍ക-റൂട്ട്സിന്‍െറ ബന്ധപ്പെട്ട സമിതി പരിശോധിച്ച് ഉറപ്പാക്കും. അവധി കിട്ടിയാലും സീസണിലെ ഉയര്‍ന്ന വിമാനക്കൂലി കാരണം നാട്ടിലത്തൊന്‍ കഴിയാത്ത വരുമാനം കുറഞ്ഞവര്‍ക്കും ഈ പദ്ധതി പ്രയോജനപ്പെടും. എന്നാല്‍ ഗള്‍ഫ് മേഖലയിലെ ജയിലുകളില്‍ കഴിയുന്ന മലയാളികള്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ സൗജന്യ വിമാന ടിക്കറ്റ് നല്കുന്ന ‘സ്വപ്ന സാഫല്യം’ പദ്ധതിയിലേക്ക് ഒരു വര്‍ഷത്തോളമായി സൗദിയില്‍ നിന്ന് അപേക്ഷകര്‍ ഇല്ളെന്ന് ശിഹാബ് കൊട്ടുകാട് പറഞ്ഞു. പദ്ധതി ഇപ്പോഴും നിലവിലുണ്ടെന്ന് അറിയാത്തതാവും അപേക്ഷകര്‍ ഇല്ലാതാകാന്‍ കാരണമെന്നാണ് കരുതുന്നത്. നാലുവര്‍ഷം മുമ്പ് നോര്‍ക-റൂട്ട്സ് നടപ്പാക്കിയ പദ്ധതിക്ക് തുടക്കത്തില്‍ ഐ.ടി.എല്‍ വേള്‍ഡ് എന്ന ട്രാവല്‍ കമ്പനിയുടെ സഹകരണം ലഭിച്ചിരുന്നു. എന്നാല്‍ 2013 അവസാനം ഐ.ടി.എല്‍ വേള്‍ഡ് പദ്ധതിയില്‍ നിന്ന് പിന്മാറിയിരുന്നു. ശിക്ഷാകാലാവധി അവസാനിച്ച 150ഓളം മലയാളികള്‍ ആ കാലയളവില്‍ സ്വപ്ന സാഫല്യം ടിക്കറ്റില്‍ നാട്ടിലേക്ക് മടങ്ങിയിരുന്നു. ഐ.ടി.എല്‍ പിന്മാറിയെങ്കിലും നോര്‍ക പദ്ധതി നിറുത്തിയിരുന്നില്ല. എന്നാല്‍ പിന്നീട് വേണ്ടത്ര പ്രചാരം നല്കാന് നോര്‍ക തയാറായില്ല. അതുകൊണ്ട് തന്നെ ഇങ്ങിനെയൊരു പദ്ധതി നിലവിലുള്ളത് പ്രവാസികള്‍ മറന്നു. 2014ല്‍ രണ്ട് അപേക്ഷകള്‍ മാത്രമാണ് ലഭിച്ചതെന്ന് ശിഹാബ് പറഞ്ഞു. ഈ വര്‍ഷം തീരാറായിട്ടും ഒരു അപേക്ഷ പോലും ലഭിച്ചിട്ടില്ല. എന്നാല്‍ ഇതിനിടയില്‍ പല മലയാളികളും ജയില്‍ മോചിതരായി നാട്ടിലേക്ക് മടങ്ങിയിരുന്നു. സാമ്പത്തിക പ്രയാസം അനുഭവിക്കുന്നവരായിരുന്നു അവരില്‍ പലരും. നോര്‍ക-റൂട്ട്സിന്െറയും കേരള പ്രവാസി ക്ഷേമനിധി ബോര്‍ഡിന്‍െറയും പ്രവാസികള്‍ക്കുവേണ്ടിയുള്ള പല പരിപാടികളും അധികൃതര്‍ തന്നെ പ്രചാരം കൊടുക്കാതെ അലക്ഷ്യമായി കൊണ്ടുനടക്കുന്നു എന്ന ആക്ഷേപം പല കോണുകളില്‍ നിന്നും ഉയരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story