പരക്കെ മഴ: വ്യാപക നാശം
text_fieldsറിയാദ്: ശൈത്യകാലം പിടിമുറുക്കുന്നതിന്‍െറ സൂചനയായി സൗദിയില്‍ വ്യാപകമായി മഴ തുടരുന്നു. തിങ്കളാഴ്ച പല പ്രവിശ്യകളിലും നാശം വിതച്ച മഴയും കാറ്റും ചൊവ്വാഴ്ച കൂടുതല്‍ മേഖലകളിലേക്ക് വ്യാപിച്ചു. കിഴക്കന്‍ പ്രവിശ്യയിലാണ് ചൊവ്വാഴ്ച മഴ കൂടുതല്‍ നാശം വിതച്ചത്. 12 മണിക്കൂറിനുള്ളില്‍ മൂന്നു പേരുടെ മരണത്തിനിടയാക്കിയ 50 വാഹനാപകടങ്ങളാണ് കിഴക്കന്‍ പ്രവിശ്യയില്‍ ഉണ്ടായതെന്ന് സൗദി റെഡ് ക്രസന്‍റ് അതോറിറ്റി അധികൃതര്‍ അറിയിച്ചു. 52 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ 26 പേരുടെ പരിക്ക് സാരമുള്ളതാണ്. അപകടങ്ങളുണ്ടായ സ്ഥലങ്ങളിലെല്ലാം റെഡ് ക്രസന്‍റ് രക്ഷാപ്രവര്‍ത്തനം നടത്തി. വെള്ളത്തില്‍ മുങ്ങിയ വീടുകളില്‍ നിന്ന് അഞ്ച് കുടുംബങ്ങളെയും മഴവെള്ള പാച്ചിലില്‍ അകപ്പെട്ട ഒരു കാറില്‍ നിന്ന് മൂന്ന് സ്വദേശി പൗരന്മാരെയും രക്ഷപ്പെടുത്തിയതായി റെഡ് ക്രസന്‍റ് വക്താവ് ഫഹദ് അല്‍ഗാംദി പറഞ്ഞു. മഴക്കെടുതിയെ നേരിടാനും രക്ഷാപ്രവര്‍ത്തനത്തിനുമായി പ്രത്യേക മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിരുന്നതായി ദമ്മാം പ്രവിശ്യ ഭരണകൂടത്തിന്‍െറ വക്താവ് മുഹമ്മദ് അല്‍സുഫ്യാന്‍ പറഞ്ഞു. വെള്ളം കെട്ടാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ അപ്പപ്പോള്‍ പമ്പ് ചെയ്ത് പുറത്തുകളയുന്നതിനുള്ള വലിയ ജെറ്റ് പമ്പുകളാണ് സ്ഥാപിച്ചിട്ടുള്ളത്. മണിക്കൂറില്‍ 41000 ക്യൂബിക് മീറ്റര്‍ വെള്ളം ഒഴുക്കികളയാനുള്ള 38 പമ്പുകളാണ് ഘടിപ്പിച്ചിട്ടുള്ളത്. പമ്പ് ചെയ്യുന്ന വെള്ളം മരുഭൂമിയിലെ കൃത്രിമ ജലാശയങ്ങളിലേക്കാണ് ഒഴുക്കുന്നത്. മഴ തുറമുഖത്തിന്‍െറ പ്രവര്‍ത്തനങ്ങളെ ബാധിച്ചിട്ടില്ളെന്നും കപ്പല്‍ ഗതാഗതം സുഗമമായി നടക്കുന്നുണ്ടെന്നും ദമ്മാമിലെ കിങ് അബ്ദുല്‍ അസീസ് തുറമുഖത്തിന്‍െറ ഡയറക്ടര്‍ ജനറല്‍ നഈം അല്‍നഈം പറഞ്ഞു. തിങ്കളാഴ്ച ബുറൈദയില്‍ വെള്ളക്കെട്ടില്‍ കുടുങ്ങിയ 40 കുടുംബങ്ങളെ സിവില്‍ ഡിഫന്‍സ് രക്ഷപ്പെടുത്തി. അല്‍അഹ്സയിലും ശക്തമായ മഴ ലഭിച്ചു. റിയാദില്‍ മിതമായ മഴയാണുണ്ടായത്. കനത്ത മഴയുണ്ടാകുമെന്ന കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍െറ മുന്നറിയിപ്പുണ്ടായിരുന്നതിനാല്‍ സിവില്‍ ഡിഫന്‍സ് മുന്‍കരുതല്‍ നടപടികള്‍ കൈക്കൊണ്ടിരുന്നു. എന്നാല്‍ ചൊവ്വാഴ്ച വലിയ വെള്ളക്കെട്ടോ അപകടങ്ങളോ റിയാദ് നഗരത്തിലുള്‍പ്പെടെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അതേസമയം പ്രവിശ്യയുടെ പ്രാന്തപ്രദേശങ്ങളായ സുല്‍ഫിയിലും മറ്റും ശക്തമായ മഴയും വെള്ളപ്പാച്ചിലുമുണ്ടായി. അപകടങ്ങളെ കുറിച്ച് വിവരമില്ല. മഴ ശക്തിപ്പെടാനുള്ള സാധ്യതയെ മുന്‍നിര്‍ത്തി റിയാദ്, അല്‍ഖര്‍ജ്, ദമ്മാം എന്നിവിടങ്ങളിലും അല്‍ഖസീമിലും മൂഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ബുധനാഴ്ചയും അവധി പ്രഖ്യാപിച്ചു. റിയാദിലെ മുഴുവന്‍ ഇന്ത്യന്‍ സ്കൂളുകള്‍ക്കും ബുധനാഴ്ചയും അവധിയാണ്. കിഴക്കന്‍, മധ്യ, വടക്കന്‍ പ്രവിശ്യകളില്‍ ബുധനാഴ്ചയും തുടര്‍ന്നുള്ള ദിവസങ്ങളിലും ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.