വ്യാപാര പങ്കാളിത്തത്തിന്‍െറ വിശാല സാധ്യതകള്‍ തേടി ജി.സി.സി-ഇന്ത്യ വ്യവസായ ഫോറം തുടങ്ങി
text_fieldsജിദ്ദ: ഇന്ത്യയും ഗള്‍ഫ് രാഷ്ട്രങ്ങളും തമ്മിലുള്ള വ്യാപാര പങ്കാളിത്തത്തിന്‍െറ പുത്തന്‍ സാധ്യതകള്‍ ആരാഞ്ഞ് നാലാമത് ജി.സി.സി-ഇന്ത്യ വ്യവസായ ഫോറത്തിന് റാബിഗില്‍ തുടക്കം. ചെങ്കടല്‍ തീരത്തെ കിങ് അബ്ദുല്ല ഇക്കണോമിക് സിറ്റിയില്‍ സൗദി വ്യാപാര വാണിജ്യ മന്ത്രി ഡോ. തൗഫീഖ് ബിന്‍ ഫൗസാന്‍ അല്‍ റബീഅ ഫോറം ഉദ്ഘാടനം ചെയ്തു. ഇരുമേഖലകളും തമ്മിലുള്ള വാണിജ്യബന്ധം പുഷ്ടിപ്പെടുത്താന്‍ ഫോറം ഉപകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കീഴില്‍ നിക്ഷേപ, സംരംഭക രംഗത്ത് വന്‍ കുതിച്ചുചാട്ടമാണ് ഇന്ത്യ കാഴ്ചവെക്കുന്നതെന്നും ഗള്‍ഫുമായി കാലങ്ങളായി തുടരുന്ന ഊഷ്മള ബന്ധം അടുത്ത ഘട്ടത്തിലേക്ക് കടക്കേണ്ട സമയമാണിതെന്നും വ്യവസായ മന്ത്രി നിര്‍മല സീതാരാമന്‍െറ അഭാവത്തില്‍ ഇന്ത്യന്‍ സംഘത്തെ നയിക്കുന്ന വ്യാപാര വാണിജ്യ മന്ത്രാലയം ജോയിന്‍റ് സെക്രട്ടറി നവ്നീത് കൗര്‍ പറഞ്ഞു. മികച്ച രീതിയിലുള്ള വളര്‍ച്ചാ നിരക്കാണ് ഇന്ത്യ ഈ വര്‍ഷങ്ങളില്‍ രേഖപ്പെടുത്തിയത്. പല വികസിത രാജ്യങ്ങളെയും പിന്തള്ളിയാണ് ഇന്ത്യന്‍ സമ്പദ്രംഗം വികസിക്കുന്നത്. അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ ഒരു ട്രില്യണ്‍ ഡോളറിന്‍െറ അടിസ്ഥാന സൗകര്യ വികസന നിക്ഷേപമാണ് ഇന്ത്യയുടെ പ്രതീക്ഷ. ഇതില്‍ 48 ശതമാനവും സ്വകാര്യമേഖലയില്‍ നിന്നാണ് വരേണ്ടത്. സ്വകാര്യ മേഖലയിലാകട്ടെ, വിദേശ നിക്ഷേപം വന്‍തോതില്‍ ലക്ഷ്യം വെക്കുന്നുണ്ട്. വിദേശ നിക്ഷേപത്തിനുള്ള വ്യവസ്ഥകളില്‍ ഇളവു അനുവദിക്കുന്നത് ഈ ലക്ഷ്യം മുന്‍നിര്‍ത്തിയാണ്. അനാവശ്യ നിയന്ത്രണങ്ങളൊക്കെ നീക്കി, നിക്ഷേപത്തിന് എല്ലാവിധ സാഹചര്യങ്ങളുമുള്ള മണ്ണായി ഇന്ത്യ മാറിക്കഴിഞ്ഞു. പ്രതിരോധ, പ്രക്ഷേപണ രംഗങ്ങളില്‍ വരെ സ്വകാര്യ നിക്ഷേപം ക്ഷണിക്കുന്നുണ്ട്. ഇന്ത്യയിലേക്കുള്ള നിക്ഷേപത്തിന്‍െറ വിശാല ഭൂമികയാണ് ഗള്‍ഫെന്നും അതിന് കളമൊരുക്കുകയാണ് ഫോറത്തിന്‍െറ ലക്ഷ്യമെന്നും നവ്നീത് കൗര്‍ കൂട്ടിച്ചേര്‍ത്തു.
ജെ.സി.സി.ഐ ബോര്‍ഡ് അംഗം ഡോ. അബ്ദുല്ല മര്‍ഈ ബിന്‍ മഹ്ഫൂള്, ഇമാര്‍ ഇക്കണോമിക് സിറ്റി ഗ്രൂപ്പ് സി.ഇ.ഒ ഫഹദ് അല്‍ റഷീദ്, എഫ്.ജി.സി.സി സെക്രട്ടറി ജനറല്‍ അബ്ദുറഹീം ഹസന്‍ നഖി, കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി ശോഭന കാമിനേനി, ജി.സി.സി ഇക്കണോമിക് റിലേഷന്‍സ് ഹെഡ് റെയ്ഹാന്‍ മുബാറക് ഫാഇസ് എന്നിവരും ഉദ്ഘാടന സമ്മേളനത്തില്‍ സംസാരിച്ചു. വിവര സാങ്കേതിക വിദ്യ, എണ്ണ, വാതകം, പുനരുപയുക്ത ഊര്‍ജം, ചെറുകിട, ഇടത്തരം വ്യവസായ സംരംഭം, ഭക്ഷ്യ സുരക്ഷ, കാര്‍ഷിക രംഗം, ആരോഗ്യം, വിനോദസഞ്ചാരം തുടങ്ങി വിവിധങ്ങളായ മേഖലകളില്‍ പരസ്പര സഹകരണവും നിക്ഷേപവും ആകര്‍ഷിക്കാനുദ്ദേശിച്ചാണ് ദ്വിദിന ഫോറം സംഘടിപ്പിച്ചിരിക്കുന്നത്. ‘അവസരങ്ങളും വെല്ലുവിളികളും’ എന്നതാണ് നാലാമത് ഫോറത്തിന്‍െറ തലവാചകം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.