വാദി ദവാസിര്‍: അബഹ-റിയാദ് റോഡില്‍ വാദി ദവാസിറിന് സമീപം സുലൈയില്‍ ഉണ്ടായ വാഹനാപകടത്തില്‍ മലയാളിയടക്കം രണ്ട് ഇന്ത്യക്കാര്‍ മരിച്ചു. മറ്റൊരു മലയാളിക്ക് ഗുരുതരമായി പരിക്കേറ്റു. പാലക്കാട് പട്ടാമ്പി കൊപ്പം, ആമയൂര്‍ ഓണക്കഴി വീട്ടില്‍ അബ്ദുല്‍ അസീസാണ് (45) മരിച്ചത്. ഇവരോടൊപ്പമുണ്ടായിരുന്ന തമിഴ്നാട് സ്വദേശിയും മരിച്ചു. ഇയാളുടെ വിശദാംശങ്ങള്‍ ലഭ്യമല്ല. സുലൈക്ക് സമീപം പ്രധാന പാതയോരത്തായിരുന്നു അപകടം സംഭവിച്ചത്. ഇവര്‍ സഞ്ചരിച്ച ചരക്ക് ലോറിയിലെ സാധനങ്ങള്‍ കയര്‍പൊട്ടി റോഡില്‍ വീണതിനെ തുടര്‍ന്ന് വീണ്ടും ലോറിയിലേക്ക് കയറ്റുന്നതിനിടയില്‍ സ്വദേശി പൗരന്‍ ഓടിച്ച വാഹനം ഇടിച്ചാണ് അപകടമുണ്ടായത്. ഇന്ത്യക്കാരായ നാല് പേരാണ് ഉണ്ടായിരുന്നത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ തൃശൂര്‍ ഗുരുവായൂര്‍ സ്വദേശി വിജീഷിന്‍െറ (34) ഇരുകാലുകളുടേയും എല്ലുകള്‍ പൊട്ടി. സുലൈ ഗവണ്‍മെന്‍റ് ആശുപത്രിയില്‍ ചികിത്സയിലാണ് വിജീഷ്. ഇവരോടൊപ്പമുണ്ടായിരുന്ന യു.പി സ്വദേശി അത്ഭുതകരമായി രക്ഷപ്പെട്ടു. അബ്ദുല്‍ അസീസിന്‍െറ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനാണ് തീരുമാനം. ഇദ്ദേഹത്തിന് ഭാര്യയും നാലു മക്കളുമുണ്ട്. നിയമ നടപടികള്‍ പൂര്‍ത്തിയാക്കാനായി ഇദ്ദേഹത്തിന്‍െറ സഹോദരന്‍ മൊയ്തുവും സുഹൃത്ത് സിദ്ദീഖിനുമൊടൊപ്പം സുലൈ കെ.എം.സി.സി സെക്രട്ടറി നാസര്‍ മൊറയൂരും രംഗത്തുണ്ട്.