ജീവന്‍ തിരിച്ചുകിട്ടിയ ആശ്വാസത്തില്‍ മലയാളി നഴ്സുമാര്‍
text_fieldsജിദ്ദ: 25 ജീവനുകള്‍ നക്കി തുടച്ച തീ നാളങ്ങള്‍ക്കും പുകച്ചുരുളുകള്‍ക്കുമിടയില്‍ നിന്ന് ജീവന്‍ തിരിച്ചു കിട്ടിയെന്ന് വിശ്വസിക്കാന്‍ ഇപ്പോഴൂം അവര്‍ക്കായിട്ടില്ല. ഇരുട്ടില്‍ ഇടറുന്ന കാലുകളോടെ പുക മൂടിയ പടികളിറങ്ങിയതിന്‍െറ ഞെട്ടല്‍ ഇനിയും മാറിയിട്ടില്ല. എല്ലാം തീര്‍ന്നെന്ന് കരുതിയിടത്തു നിന്നാണ് സംഭവ സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന 20 മലയാളി നഴ്സുമാര്‍ ജീവിതത്തിലേക്ക് തിരിച്ചു നടന്നത്. അവരുടെ കൈത്താങ്ങില്‍ മരണത്തില്‍ നിന്ന് രക്ഷപ്പെട്ടവരും അനവധി. കൂടുതല്‍ മരണം സംഭവിച്ച മൂന്നാമത്തെ നിലയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്നവരില്‍ നാലുപേര്‍ മലയാളികളായിരുന്നു. പുലര്‍ച്ചെ 1.55 നും രണ്ടുമണിക്കും ഇടയിലാണ് ഫയര്‍ അലാറം അടിച്ചതെന്ന് മൂന്നാമത്തെ നിലയിലുണ്ടായിരുന്ന കോട്ടയം സ്വദേശിനി ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. ഇതോടെ ജീവനക്കാരും ഉറക്കത്തിലായിരുന്ന രോഗികളും പരിഭ്രാന്തരായി. എന്താണ് സംഭവിക്കുന്നതെന്ന് അറിയാനാകാതെ പരസ്പരം നോക്കി നില്‍ക്കുമ്പോള്‍ എ.സിയില്‍ നിന്ന് വിഷപ്പുക വമിക്കാന്‍ തുടങ്ങി. ഒന്നാം നിലയില്‍ പടര്‍ന്ന തീയില്‍ നിന്നുള്ള വിഷപ്പുക രണ്ടാം നിലയും കടന്ന് മുകളിലേക്ക് എത്തുകയാണ്. എല്ലാവരും ചുമക്കാന്‍ തുടങ്ങി. പലര്‍ക്കും ശ്വാസ തടസ്സം അനുഭവപ്പെട്ടു. വിഷപ്പുക അമിതമായി ശ്വസിച്ച് അബോധാവസ്ഥയില്‍ വീഴുന്നതുകൊണ്ടാണ് ഇത്തരം അപകടങ്ങളില്‍ കൂടുതലും മരണങ്ങള്‍ സംഭവിക്കുക. സ്ഥിതി വഷളാകുകയാണെന്ന് തിരിച്ചറിയുമ്പോഴേക്ക് ആശുപത്രി കെട്ടിടത്തില്‍ ഒന്നാകെ വൈദ്യുതി ബന്ധം വിഛേദിക്കപ്പെട്ടു. പടരുന്ന വിഷപ്പുകക്കൊപ്പം കൂരിരുട്ടുമായതോടെ നഴ്സുമാരും രോഗികളും എന്തുചെയ്യണമെന്നറിയാതെ പരക്കം പായാന്‍ തുടങ്ങി. ഇരുട്ടില്‍ താഴേക്കുനോക്കുമ്പോള്‍ ആളിപ്പടരുന്ന തീനാളങ്ങള്‍ തൂവുന്ന വെളിച്ചം മാത്രം. സൗദി, യമനി, ഈജിപ്ഷ്യന്‍ പുരുഷന്‍മാരാണ് മൂന്നാം നിലയില്‍ ചികിത്സയിലുണ്ടായിരുന്നത്. കൈകാലുകള്‍ ഒടിഞ്ഞവരും എഴുന്നേല്‍ക്കാന്‍ പോലും കഴിയാത്തവരുമായിരുന്നു അവരില്‍ മഹാഭൂരിപക്ഷവും. സ്വയം രക്ഷപ്പെടണോ ഇവരെ മരണത്തിന് വിട്ടുകൊടുക്കണോ എന്ന ധര്‍മസങ്കടത്തിലായി എല്ലാവരും. തീരുമാനമെടുക്കാന്‍ നിമിഷങ്ങള്‍ മാത്രം. പുകയുടെ കട്ടികൂടാന്‍ തുടങ്ങിയതോടെ എല്ലാവരും ശ്വാസം കിട്ടാതെ വലഞ്ഞു. ഇനിയും വൈകിയാല്‍ ബോധം നഷ്ടപ്പെട്ട് വീഴും. ഒടുവില്‍ താങ്ങിക്കൊണ്ടുപോകാവുന്നവരെ ഒപ്പം കൂട്ടി എമര്‍ജന്‍സി വാതില്‍ തുറന്നു പടികളിറങ്ങാന്‍ തുടങ്ങി. ഇരുട്ടില്‍ മൊബൈലിന്‍െറ ഫ്ളാഷ് വെളിച്ചത്തില്‍ വേച്ചുവേച്ചിറങ്ങുമ്പോള്‍ ഒരിക്കലും ജീവനോടെ താഴെയത്തെുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. നിമിഷങ്ങള്‍ക്ക് മണിക്കൂറുകളുടെ ദൈര്‍ഘ്യം. പലരും ഇഖാമയും മറ്റുപ്രധാന രേഖകളും സൂക്ഷിച്ചിരുന്ന ബാഗും മൊബൈലുമൊക്കെ ഉപേക്ഷിച്ചാണ് രക്ഷപ്പെട്ടത്. കെട്ടിടത്തിന് താഴെയത്തെിയിട്ടും ജീവിതത്തിലേക്ക് തിരിച്ചത്തെിയെന്ന് വിശ്വസിക്കാനായില്ല. കടുത്ത ചുമയും തൊണ്ടവേദനയും നെഞ്ചുവേദനയും ശ്വാസംമുട്ടലും അനുഭവിക്കുകയാണ് പലരുമെന്ന് കോട്ടയം സ്വദേശിനി പറഞ്ഞു. എട്ടുവര്‍ഷമായി ജീസാന്‍ ജനറല്‍ ആശുപത്രിയില്‍ ഇവര്‍ ജോലി ചെയ്യുന്നു. കോട്ടയം, കണ്ണൂര്‍ സ്വദേശികളാണ് ഇവര്‍ക്കൊപ്പം മരണം നാശം വിതച്ച മൂന്നാം നിലയിലുണ്ടായിരുന്നത്. പ്രാഥമിക ചികിത്സക്ക് ശേഷം നേരം പുലര്‍ന്നപ്പോഴാണ് മലയാളി നഴ്സുമാര്‍ വാസ സ്ഥലങ്ങളില്‍ തിരിച്ചത്തെിയത്. ആശുപത്രിയില്‍ നിന്ന് ഒഴിപ്പിച്ചവരെ സമീപത്തെ ഹയാത്ത്, അല്‍ ഇമീസ് ആശുപത്രികളിലേക്കാണ് മാറ്റിയത്. ഇവരെ പരിചരിക്കാന്‍ ജീസാന്‍ ജനറല്‍ ആശുപത്രിയിലെ നഴ്സുമാരെ അങ്ങോട്ടേക്ക് വിന്യസിച്ചിട്ടുണ്ട്. ഇനിയൊരു നിര്‍ദേശം ഉണ്ടാകുംവരെ ഡ്യൂട്ടി ഇവിടെയായിരിക്കുമെന്ന് നഴ്സുമാര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
