സൗദി സേന ഓഫിസര്‍ക്ക് പാക് ഉന്നത ബഹുമതി
text_fieldsറിയാദ്: സൗദി റോയല്‍ നേവല്‍ ഫോഴ്സിന്‍െറ വൈസ് അഡ്മിറല്‍ അബ്ദുല്ല എസ് സുല്‍ത്താന് പാകിസ്താന്‍ സൈന്യത്തിന്‍െറ ഉന്നതബഹുമതികളിലൊന്നായ നിശാനെ ഇംതിയാസ് ലഭിച്ചു. ആക്ടിങ് പ്രസിഡന്‍റും പാകിസ്താന്‍ സെനറ്റ് ചെയര്‍മാനുമായ റസാ റബ്ബാനി പാക് തലസ്ഥാനമായ ഇസ്ലാമാബാദില്‍ നടന്ന ചടങ്ങില്‍ വൈസ് അഡ്മിറല്‍ അബ്ദുല്ല സുല്‍ത്താന് സേവനപതക്കം സമ്മാനിച്ചു. വ്യോമസേനാ മേധാവി അഡ്മിറല്‍ മുഹമ്മദ് സകാഉല്ല, പാകിസ്താനിലെ സൗദി അംബാസഡര്‍ മര്‍സൂഖ് അസ്സഹ്റാനി തുടങ്ങിയവര്‍ സംബന്ധിച്ചു. മേഖലയിലെ സുരക്ഷിതത്വത്തിനും സമാധാനത്തിനും സൗദി വ്യോമസേനയെ പാക് സേനാവിഭാഗവുമായി സഹകരിപ്പിക്കുന്നതില്‍ നടത്തിയ സ്തുത്യര്‍ഹമായ സേവനങ്ങള്‍ മുന്‍നിര്‍ത്തിയാണ് നിശാനെ ഇംതിയാസ് സമ്മാനിക്കുന്നതെന്ന് റേഡിയോ പാകിസ്താന്‍ അറിയിച്ചു. മേഖലയിലെ 34 രാഷ്ട്രങ്ങളുമായി ചേര്‍ന്ന് സൗദി അറേബ്യ വിശാലമായ ഇസ്ലാമിക സൈനികസഖ്യം പ്രഖ്യാപിച്ച സാഹചര്യത്തില്‍ മുന്നണിയിലെ പ്രമുഖഘടകമായ പാകിസ്താന്‍ നല്‍കുന്ന ഈ അംഗീകാരത്തിന് ഏറെ പ്രാധാന്യമാണ് രാഷ്ട്രീയ നിരീക്ഷകര്‍ കാണുന്നത്. കഴിഞ്ഞ മാസം സൗദി സന്ദര്‍ശിച്ച പാകിസ്താന്‍ ആര്‍മി ചീഫ് ജനറല്‍ റഹീല്‍ ശരീഫ് റിയാദില്‍ സല്‍മാന്‍ രാജാവിനെ സന്ദര്‍ശിക്കുകയും ഇരുരാജ്യങ്ങളും തമ്മിലുള്ള ഇഴയടുപ്പമുള്ള തന്ത്രപ്രധാനമായ ബന്ധങ്ങള്‍ അവലോകനം നടത്തുകയും ചെയ്തിരുന്നു. ഭീകരതക്കെതിരെ ഇരുരാജ്യങ്ങളും ഒറ്റക്കെട്ടായി പൊരുതാനുള്ള തീരുമാനം അന്ന് ആവര്‍ത്തിക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.