ഹറം ക്രെയ്ന്‍ ദുരന്തം: അഞ്ചുപേര്‍ കുറ്റക്കാര്‍
text_fieldsജിദ്ദ: മക്ക മസ്ജിദുല്‍ ഹറാമിലെ ക്രെയ്ന്‍ ദുരന്തത്തില്‍ സാങ്കേതിക വിദഗ്ധരും എന്‍ജിനീയര്‍മാരും അടക്കം അഞ്ചുപേര്‍ കുറ്റക്കാരാണെന്ന് അന്വേഷണ വിഭാഗം കണ്ടത്തെി. ഇവരില്‍ ചില സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമുണ്ടെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഹറമിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വിവിധ തലങ്ങളില്‍ നേതൃത്വം നല്‍കിയിരുന്നവരെയാണ് ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍സ് ആന്‍ഡ് പബ്ളിക് പ്രോസിക്യൂഷന്‍ (ബി.ഐ.പി) കുറ്റക്കാരായി കണ്ടത്തെിയത്. എന്നാല്‍ ഇവരുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. കുറ്റക്കാര്‍ക്കെതിരെ കര്‍ശനമായ നിയമ നടപടി സ്വീകരിക്കും. അന്വേഷണ റിപ്പോര്‍ട്ട് തുടര്‍ നടപടികള്‍ക്കായി റിയാദിലെ ബി.ഐ.പി ആസ്ഥാനത്തേക്ക് കൈമാറുമെന്നും അന്വേഷണ വൃത്തങ്ങള്‍ അറിയിച്ചു.
ഹറം വികസനവുമായി ബന്ധപ്പെട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നത് സൗദിയിലെ പ്രമുഖ സ്ഥാപനമായ ബിന്‍ലാദിന്‍ കമ്പനിയാണ്. കുറ്റക്കാരെന്ന് സംശയിക്കപ്പെടുന്ന ഈ സ്ഥാപനത്തിലെ ജീവനക്കാര്‍ക്കെതിരെ രണ്ടുമാസമായി അന്വേഷണം നടക്കുന്നുണ്ട്. ദുരന്തത്തിന് കാരണക്കാരായ ചിലര്‍ക്കെതിരെ തെളിവുകള്‍ ലഭിച്ചിരുന്നു.
സെപ്റ്റംബര്‍ 11 നാണ് രാജ്യത്തെ നടുക്കിയ ഹറം ക്രെയ്ന്‍ ദുരന്തം സംഭവിച്ചത്. ദുരന്തത്തില്‍ മലയാളികളടക്കം 111 പേര്‍ മരിക്കുകയും 394 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
തുടര്‍ന്ന് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് ബിന്‍ലാദിന്‍ കമ്പനിക്കെതിരെ നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെട്ടു. അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ കമ്പനി ജീവനക്കാര്‍ക്ക് രാജ്യം വിടാനും അനുമതി നിഷേധിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
