സഖ്യസേന കമാണ്ടര്‍മാര്‍ക്ക് വീരമൃത്യു; യമന്‍ അതിര്‍ത്തിയില്‍ 68 വിമതസൈനികരെ വധിച്ചു
text_fieldsജിദ്ദ: യമനില്‍ വെടിനിര്‍ത്തലിനുള്ള ധാരണ ഉരുത്തിരിയുന്നതിനിടെ വിമതസൈനികര്‍ നടത്തിയ റോക്കറ്റ് ആക്രമണത്തില്‍ സഖ്യസേനയുടെ രണ്ടു മുതിര്‍ന്ന കമാണ്ടര്‍മാര്‍ക്ക് വീരമൃത്യു. തഇസ് നഗരം വിമോചിപ്പിക്കാനുള്ള പോരാട്ടത്തിന് നേതൃത്വം നല്‍കുന്ന സൗദി കേണല്‍ അബ്ദുല്ല ബിന്‍ മുഹമ്മദ് അസ്സഹ്യാന്‍, യു.എ.ഇ സൈന്യത്തിലെ സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അലി അല്‍ കിത്ബി എന്നിവരാണ് തിങ്കളാഴ്ച പുലര്‍ച്ചെ ഹൂതി - സാലിഹ് പക്ഷക്കാരുടെ റോക്കറ്റാക്രമണത്തില്‍ കൊല്ലപ്പെട്ടതെന്ന് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഇതിനു മറുപടിയായി സഖ്യസേന വിമാനങ്ങള്‍ അതിര്‍ത്തിയിലെ കലാപകാരികളുടെ കേന്ദ്രങ്ങളില്‍ നടത്തിയ ശക്തമായ വ്യോമാക്രമണത്തില്‍ 68 വിമതര്‍ കൊല്ലപ്പെടുകയും 233 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഫൈസല്‍ റുബൈദ്, അബ്ദുല്‍കരീം സുറൈഹി, യഹ്യ അലി സുഹൈരി എന്നീ കമാണ്ടര്‍മാരുടെ നേതൃത്വത്തില്‍ മൂന്നു സംഘങ്ങളായാണ് സഖ്യസേന ശക്തമായ ആക്രമണം അഴിച്ചുവിട്ടത്.
യമന്‍ പ്രസിഡന്‍റ് അബ്ദുറബ്ബ് മന്‍സൂര്‍ ഹാദിയും വിമതരും ഇന്ന് മുതല്‍ സ്വിറ്റ്സര്‍ലന്‍റിലെ ജനീവയില്‍ സമാധാന ചര്‍ച്ച ആരംഭിക്കാനിരിക്കെയാണ് പുതിയ സംഭവ വികാസങ്ങള്‍. ചര്‍ച്ചകളുടെ ഭാഗമായി തിങ്കള്‍ അര്‍ധരാത്രി മുതല്‍ വെടിനിര്‍ത്തലിനും ഇരുഭാഗവും ധാരണയിലത്തെിയിരുന്നു. വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരുന്നതിന് മണിക്കൂറുകള്‍ മുമ്പാണ് തഇസില്‍ വിമതസേന റോക്കറ്റാക്രമണം നടത്തിയത്. പുതിയ സാഹചര്യത്തില്‍ വെടിനിര്‍ത്തലിന്‍െറ ഭാവിയെകുറിച്ച് ആശങ്കയുയര്‍ന്നിട്ടുണ്ട്.
സൗദി സൈന്യത്തിലെ ശക്തനായ പോരാളികളില്‍ ഒരാളായ അബ്ദുല്ല അസ്സഹ്യാന്‍ യമന്‍ യുദ്ധത്തിലെ വീരോചിത പ്രകടനത്തിന് ശനിയാഴ്ച പ്രസിഡന്‍റ് അബ്ദുറബ്ബ് മന്‍സൂര്‍ ഹാദിയില്‍ നിന്ന് ധീരതാപതക്കം നേടിയിരുന്നു. അടുത്ത ദിവസം തന്നെ യുദ്ധമുന്നണിയിലത്തെിയ അദ്ദേഹം വിമതരില്‍ നിന്ന് മോചിപ്പിച്ച തഇസില്‍ പട്രോളിങ് നടത്തുന്നതിനിടെയാണ് റോക്കറ്റാക്രമണത്തിനിരയായത്. അസ്സഹ്യാന്‍െറ ഭൗതികശരീരം തിങ്കളാഴ്ച വൈകുന്നേരം അല്‍ ജൗഫ് വിമാനത്താവളം വഴി സ്വദേശമായ സകാകയില്‍ എത്തിച്ചു. മയ്യിത്ത് നമസ്കാരവും ഖബറടക്കവും ഇന്ന് ഉച്ചയ്ക്കു നടക്കും. അതിനിടെ, യമന്‍ അതിര്‍ത്തിയിലുണ്ടായ പോരാട്ടത്തില്‍ വിവിധ സംഘങ്ങളായി അതിര്‍ത്തി ആക്രമിക്കാനത്തെിയ ഹൂതികളെ സൗദി സേന തുരത്തിയോടിച്ചു. ജീസാനിലെ വാദി അല്‍മുഗയ്യയിലെ അതിര്‍ത്തി പോസ്റ്റിന് സമീപം കത്യൂഷ റോക്കറ്റുകള്‍, മോര്‍ട്ടാര്‍ ഷെല്ലുകള്‍, ടാങ്കുകള്‍ എന്നിവയടങ്ങിയ വിപുലമായ ആയുധശേഖരവുമായ 200 ഓളം വരുന്ന സംഘമാണ് കഴിഞ്ഞ ദിവസം ആക്രമണത്തിനത്തെിയതെന്ന് ‘അല്‍ ഇഖ്ബാരിയ്യ’ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. ദീര്‍ഘ നേരമായി സഖ്യസേനയുടെ നിരീക്ഷണത്തിലുണ്ടായിരുന്ന സംഘത്തെ നാലുമണിക്കൂര്‍ നീണ്ട പോരാട്ടത്തിലൂടെയാണ് പരാജയപ്പെടുത്തിയത്. താഴ്വര മുഴുവന്‍ ശത്രുക്കളുടെ മൃതദേഹങ്ങള്‍ ചിതറിക്കിടക്കുകയാണെന്നും സ്ഥിതി നിയന്ത്രണ വിധേയമാണെന്നും മേഖല കമാന്‍ഡര്‍ ബ്രിഗേഡിയര്‍ അബ്ദുല്ല അല്‍ ജുനൈദ് പറഞ്ഞു. ഇതേസമയം തന്നെ അതിര്‍ത്തിയില്‍ മറ്റൊരിടത്തുണ്ടായ ആക്രമണത്തില്‍ 12 ഹൂതികളെ വധിക്കുകയും രണ്ടുകവചിത വാഹനങ്ങള്‍ നശിപ്പിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
