ഹറമിലെ ഉസ്മാനിയ നടപ്പന്തല്‍ നിര്‍മാണം അന്തിമഘട്ടത്തില്‍
text_fieldsജിദ്ദ: മക്ക മസ്ജിദുല്‍ ഹറാമിലെ മനോഹരമായ ഉസ്മാനിയ നടപ്പന്തലുകളുടെ നിര്‍മാണം അവസാനഘട്ടത്തില്‍. മസ്ജിദിന്‍െറ മത്വാഫിന് (പ്രദക്ഷിണവഴി) ചുറ്റും നിര്‍മിക്കുന്ന പന്തലുകള്‍ ഉംറക്കത്തെുന്ന വിവിധ ദേശക്കാരെ ആകര്‍ഷിക്കുന്നുണ്ട്. മന്ദിരത്തിന്‍െറ പൊതു വാസ്തുശില്‍പ ശൈലിയില്‍ നിന്ന് വേറിട്ട കാഴ്ചഭംഗിയാണ് ഇവ പ്രദാനം ചെയ്യുന്നത്. സമുച്ചയത്തിന്‍െറ ധവളിമയാര്‍ന്ന നിറവിന്യാസത്തില്‍ നിന്ന് മാറി തവിട്ട് നിറമുള്ള മാര്‍ബിള്‍ ശിലകളിലാണ് കമാനങ്ങളുടെയും ഉരുളന്‍ തൂണുകളുടെയും നിര്‍മാണം പുരോഗമിക്കുന്നത്. കമാനാകൃതിയിലുള്ള നടപ്പന്തലിന് മുകളിലെ ചെറുമകുടങ്ങള്‍ അതീവ സൂക്ഷ്മതയോടെയാണ് നിര്‍മിക്കുന്നത്. ഉസ്മാനിയ യുഗത്തില്‍ പല കാലങ്ങളിലായി മന്ദിരത്തിലും പരിസരത്തും നിര്‍മിച്ചിരുന്ന എടുപ്പുകള്‍ കഴിഞ്ഞ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളില്‍ നീക്കം ചെയ്തിരുന്നു. ബാക്കിയായവ നിലവിലെ മത്വാഫ്, ഹറം വികസന പദ്ധതികളുടെ ഭാഗമായും പൊളിച്ചുമാറ്റി.
മക്കയിലെ ഉസ്മാനി ശേഷിപ്പുകള്‍ നിലനിര്‍ത്തുന്നതില്‍ ഏറെ താല്‍പര്യമെടുത്ത തുര്‍ക്കി പ്രധാനമന്ത്രി റജബ് ത്വയ്യിബ് ഉര്‍ദുഗാനും അന്നത്തെ സൗദി ഭരണാധികാരിയായിരുന്ന അബ്ദുല്ല രാജാവും ഇക്കാര്യത്തില്‍ പലതവണ ആശയവിനിയമം നടത്തിയിരുന്നു. ഒടുവില്‍ 2012 ല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമായി. തുടര്‍ന്ന് പരമാവധി ഉസ്മാനി കെട്ടുകള്‍ നിലനിര്‍ത്താനും ആ മാതൃകയില്‍ സമീപകാല നിര്‍മാണങ്ങളില്‍ കൂട്ടിച്ചേര്‍ത്തവ മാത്രം ഒഴിവാക്കാനും അബ്ദുല്ല രാജാവിന്‍െറ ഉത്തരവ് വന്നു.
അത്യാവശ്യം വേണ്ട ഭാഗങ്ങള്‍ മാത്രം നീക്കി, ബാക്കിയുള്ളവ സംരക്ഷിക്കാനും ആവശ്യമായ സ്ഥലങ്ങളില്‍ അതേമാതൃകയില്‍ പുതിയ നടപ്പന്തലുകള്‍ നിര്‍മിക്കാനും തുര്‍ക്കി കമ്പനിയായ ഗുര്‍സോയ് ഗ്രൂപ്പിന് കരാര്‍ നല്‍കി. ഉസ്മാനി ശൈലിയുള്ള മന്ദിര നിര്‍മാണത്തിന് പേരുകേട്ട സ്ഥാപനമാണ് ഇസ്തംബൂള്‍ ആസ്ഥാനമായ ഗുര്‍സോയ് ഗ്രൂപ്പ്. 2012 നവംബറിലാണ് അവരുടെ വിദഗ്ധ സംഘം ഹറമില്‍ പണി ആരംഭിച്ചത്. പ്രദേശത്ത് ശേഷിച്ചിരുന്ന പഴയ ഭാഗങ്ങള്‍ സൂക്ഷ്മതയോടെ ഇളക്കിമാറ്റി മത്വാഫ് വികസനത്തിന് വഴിയൊരുക്കുകയായിരുന്നു ആദ്യപടി. കെട്ടുകളുടെ അടിത്തറ, മാര്‍ബിള്‍ തൂണുകള്‍, കമാനങ്ങള്‍, തലക്കെട്ടുകള്‍, ഗോപുരങ്ങള്‍ എന്നിവ അതിലെ കമനീയമായ കൊത്തുപണികള്‍ക്ക് കേടുപറ്റാത്ത രീതിയില്‍ പൊളിക്കുകയെന്നത് ശ്രമകരമായിരുന്നു.
ഇളക്കിമാറ്റിയ ഭാഗങ്ങള്‍ അറ്റകുറ്റപ്പണി നടത്തി സുന്ദരമാക്കുകയും വിസ്തൃതമാക്കിയ മത്വാഫിന് ചുറ്റും സ്ഥാപിക്കാന്‍ പുതിയ നിര്‍മിതികള്‍ സൃഷ്ടിച്ചെടുക്കുകയുമായിരുന്നു രണ്ടാം ഘട്ടം. മക്കയിലെ അറഫാത്ത് ഡിസ്ട്രിക്റ്റിലായിരുന്നു ഗുര്‍സോയ് ഗ്രൂപ്പിന്‍െറ പണിശാല. ഉരുക്ക്, ദാരു അടിസ്ഥാനങ്ങളിലാണ് പുതിയ കെട്ടുകള്‍ പടുത്തെടുത്തത്.
മത്വാഫിന്‍െറ അതിരില്‍ രണ്ടുനിരകളിലായി 123 മകുടങ്ങളോടെയാണ് പുനര്‍നിര്‍മാണം നിലവില്‍ നടക്കുന്നത്.
ഹജ്ജിനോട് അനുബന്ധിച്ച് നിര്‍ത്തിവെച്ചിരുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞമാസത്തോടെ പുനരാരംഭിച്ചിട്ടുണ്ട്. ആറുമാസത്തിനുള്ളില്‍ പണി പൂര്‍ണമാകുമെന്നാണ് കണക്കാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
