ചരിത്രം രചിച്ച് സൗദി വനിതകള്‍ പോളിങ് ബൂത്തില്‍
text_fieldsറിയാദ്: സൗദിയുടെ ചരിത്രത്തിലാദ്യമായി വനിതകള്‍ക്ക് വോട്ട് ചെയ്യാനും മത്സരിക്കാനും അനുമതി ലഭിച്ച നഗരസഭ കൗണ്‍സില്‍ തെരഞ്ഞെടുപ്പിന് മികച്ച പ്രതികരണം. രാവിലെ എട്ടിന് തുടങ്ങി വൈകീട്ട് അഞ്ചിന് അവസാനിച്ച വോട്ടെടുപ്പില്‍ വിദ്യാര്‍ഥിനികളുള്‍പ്പെടെ സമൂഹത്തിന്‍െറ വിവിധ തുറകളിലുള്ള വനിതകള്‍ ആവേശപൂര്‍വം സമ്മതിദാന അവകാശം വിനിയോഗിച്ചു. മൊത്തം 3159 സീറ്റുകളില്‍ 2106 എണ്ണത്തിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. ബാക്കി അംഗങ്ങളെ തദ്ദേശ വകുപ്പ് നേരിട്ട് നാമനിര്‍ദേശം ചെയ്യും. മത്സരിച്ച 6917 സ്ഥാനാര്‍ഥികളില്‍ 979 പേര്‍ വനിതകളാണ്. 14,86,477 വോട്ടര്‍മാരാണുള്ളത്. 1,30,637 പേര്‍ വനിതകളാണ്. 18 വയസ്സിന് താഴെയുള്ളവരെയും സൈനികരെയും ഒഴിവാക്കിയാണ് പട്ടിക പ്രസിദ്ധീകരിച്ചത്.
ഒൗദ്യോഗിക ഫലം പൂര്‍ണമായി ലഭ്യമാകാന്‍ ഞായറാഴ്ച വൈകുന്നേരം വരെ കാത്തിരിക്കണമെന്ന് തെരഞ്ഞെടുപ്പ് കമീഷന്‍ ജുദൈഅ് അല്‍ഖഹ്താനി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വനിതകള്‍ക്ക് വോട്ടവകാശം നല്‍കിയതിലൂടെ രാജ്യത്തിന്‍െറ ചരിത്രത്തില്‍ നിര്‍ണായക അധ്യായമാണ് തുറക്കപ്പെട്ടതെന്നും പരമാവധി കുറ്റമറ്റ രീതിയില്‍ തെരഞ്ഞെടുപ്പ് നടത്തിയെന്നും അദ്ദേഹം പറഞ്ഞു. ബാലറ്റാണ് ഉപയോഗിച്ചത്. സുതാര്യതക്ക് വേണ്ടിയാണ് ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ ഒഴിവാക്കിയതെന്ന് കമീഷന്‍ വ്യക്തമാക്കി. നാലുവര്‍ഷമാണ് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ കാലാവധി. ജനങ്ങളുമായി സംവദിച്ച് ആവശ്യങ്ങള്‍ക്ക് പരിഹാരം കണ്ടത്തെുകയാണ് കൗണ്‍സിലിന്‍െറ ചുമതല. ജനുവരി ഒന്നിന് പുതിയ അംഗങ്ങള്‍ ചുമതലയേല്‍ക്കും. നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചവരില്‍ 235 പേരെ വിവിധ കാരണങ്ങളാല്‍ അയോഗ്യരാക്കിയിരുന്നു. ഇതില്‍ ഒമ്പതുപേര്‍ വനിതകളാണ്. സ്ഥാനാര്‍ഥികളുടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് കര്‍ശന ചട്ടങ്ങളാണ് തെരഞ്ഞെടുപ്പ് കമീഷന്‍ മുന്നോട്ടുവെച്ചത്. ഇത് ലംഘിക്കുന്നവരെ കണ്ടത്തെി അയോഗ്യരാക്കാന്‍ പ്രത്യേക സമിതിയെ നിയമിച്ചിരുന്നു. മൊത്തം 1296 പോളിങ് സ്റ്റേഷനുകളാണ് സജ്ജീകരിച്ചത്. ഇതില്‍ 424 എണ്ണം സ്ത്രീകള്‍ക്ക് മാത്രമായിരുന്നു. വോട്ടിങ് പ്രായപരിധി 21ല്‍നിന്ന് 18 ആക്കിയ ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പു കൂടിയാണിത്. 2005 മുതലാണ് രാജ്യത്ത് നഗരസഭ കൗണ്‍സിലിലേക്ക് ജനകീയ പങ്കാളിത്തമുള്ള തെരഞ്ഞെടുപ്പ് തുടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
