സൗദിയിൽ മുനിസിപ്പൽ വോട്ടെടുപ്പ് തുടങ്ങി
text_fieldsറിയാദ്: സൗദി അറേബ്യയിൽ വനിതകൾ ആദ്യമായി മത്സരിക്കുന്ന മുനിസിപ്പൽ തെരഞ്ഞെടുപ്പ് തുടങ്ങി. രാജ്യത്തെ 284 മുനിസിപ്പൽ കൗൺസിലുകളിലേക്കാണ് പോളിങ് പുരോഗമിക്കുന്നത്. 978 വനിതകളും 6000 പുരുഷന്മാരുമാണ് മത്സര രംഗത്തുള്ളത്. സൗദി സമയം രാവിലെ അഞ്ചിന് ആരംഭിച്ച വോട്ടെടുപ്പ് ഉച്ചക്ക് രണ്ടിന് പൂർത്തിയാകും.
സ്ത്രീകൾക്ക് മാത്രമായി 424 പോളിങ് ബൂത്തുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. സമയപരിധിക്കുള്ളിൽ 1,30,000 വനിതകളും 4,00,000 പുരുഷന്മാരുമാണ് വോട്ടർപട്ടികയിൽ പേര് വിവരങ്ങൾ ചേർത്തത്.
സൗദിയിൽ 2005ലും 2011ലുമാണ് മുമ്പ് മുനിസിപ്പൽ കൗൺസിലുകളിലേക്ക് തെരഞ്ഞെടുപ്പ് നടന്നത്. പുരുഷന്മാർക്ക് മാത്രമായിരുന്നു രണ്ട് തെരഞ്ഞെടുപ്പിലും വോട്ടവകാശം. മൊത്തം മുനിസിപ്പൽ കൗൺസിലിലെ മൂന്നിൽ രണ്ട് സീറ്റിലേക്കാണ് (2100 സീറ്റ്) ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. ബാക്കിയുള്ള 1050 സീറ്റുകളിലെ അംഗങ്ങളെ സൗദി ഭരണാധികാരി സൽമാൻ രാജാവ് നാമനിർദേശം ചെയ്യും.
2015ലെ പ്രാദേശിക തെരഞ്ഞെടുപ്പിൽ സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പാക്കുമെന്ന് അന്തരിച്ച സൗദി മുൻ ഭരണാധികാരി അബ്ദുല്ല രാജാവ് പ്രഖ്യാപിച്ചിരുന്നു. അബ്ദുല്ല രാജാവിന്‍റെ ഭരണകാലത്ത് ഉന്നത ഉപദേശക സമിതിയായ ശുറയിലേക്ക് 30 വനിതകളെ നാമനിർദേശം ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
