റിയാദ്: സമാധാനവും സ്ഥിരതയും വീണ്ടെടുത്ത് സിറിയയെ കാലുഷ്യത്തിനു മുമ്പുള്ള പ്രതാപഘട്ടത്തിലേക്ക് തിരിച്ചുകൊണ്ടുപോകുമെന്നും അറബ്മേഖലയുടെ ഉദ്ഗ്രഥനത്തിനു വേണ്ടതെല്ലാം ചെയ്യുമെന്നും സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് പ്രഖ്യാപിച്ചു.
സിറിയന്‍ പ്രതിപക്ഷനിരയിലെ അംഗങ്ങള്‍ക്ക് ദറഇയ്യയിലെ അല്‍ ഒൗജാ പൈതൃകകൊട്ടാരത്തില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു രാജാവ്. ‘‘ചരിത്രപരമായി ബന്ധമുള്ള സിറിയ ഞങ്ങള്‍ക്ക് പ്രിയനാടാണ്. അവിടെ വീണ്ടും സമാധാനവും സ്ഥിരതയും നീതിയും പുലരുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷയും പ്രാര്‍ഥനയും. നിങ്ങളുടെ ക്ഷേമമാണ് ഞങ്ങളുടെ ലക്ഷ്യമെന്ന് ഞാന്‍ ആവര്‍ത്തിക്കുന്നു. സിറിയക്ക് പണ്ടുണ്ടായിരുന്ന പോലെ തന്നെ നിങ്ങള്‍ക്കു ലഭ്യമാക്കുകയാണ് ഞങ്ങളുടെ ദൗത്യം’’- സല്‍മാന്‍ രാജാവ് വികാരാധീനനായി പറഞ്ഞു.
‘‘സൗദിയിലേക്ക് പല പ്രമുഖരെയും സംഭാവന ചെയ്ത നാടാണ് സിറിയ. അക്കൂട്ടത്തില്‍ അംബാസഡര്‍മാരും മന്ത്രിമാരും ആയവരുണ്ട്. എന്‍െറ ചെറുപ്പത്തില്‍ പിതാവിന്‍െറ കാലം തൊട്ടേ സിറിയക്കാരുമായി ഞങ്ങള്‍ അടുത്ത ബന്ധം പുലര്‍ത്തുന്നുണ്ട്. അറബിത്തത്തിന്‍െറ പ്രഭവകേന്ദ്രമാണ് സൗദി അറേബ്യ. എന്നാല്‍ ഇന്ന് അതിന്‍െറ ഉത്തരവാദിത്തം വര്‍ധിച്ചിരിക്കുന്നു. സിറിയക്ക് എല്ലാ വിധ ക്ഷേമവും ആശംസിക്കുന്നു. അവരുടെ ക്ഷേമത്തിലാണ് മുഴുവന്‍ അറബ് നാടുകളുടെയും ക്ഷേമം.
അറബ് ജനതയെ ഒരു കൊടിക്കീഴില്‍ ഒറ്റക്കെട്ടായി അണിനിരത്താനാണ് നമ്മുടെ ശ്രമം. ഈ നാടും നാട്ടാരും നിങ്ങളുടെ സഹോദരങ്ങളാണ്. ഞങ്ങള്‍ക്ക് ഒന്നും ആവശ്യമില്ല; അറബ് സമൂഹം ഒന്നിച്ചൊന്നാകണം എന്നല്ലാതെ’’- രാജാവ് വിശദീകരിച്ചു.
എല്ലാ മതങ്ങളെയും നാം ബഹുമാനിക്കുന്നു. ഖുര്‍ആന്‍ അവതരിച്ചത് അറബി നാട്ടില്‍ അറബിയായ പ്രവാചകന് അറബി ഭാഷയിലാണ്. അന്ന് അല്ലാഹുവിന്‍െറ ആദരം. എന്നാല്‍ പ്രവാചകരുടെയും ഖലീഫമാരുടെയും കാലത്തു നിന്ന് ഇങ്ങോളം എല്ലാ മതക്കാരും അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ഓരോ മനുഷ്യനും ദൈവവും തമ്മില്‍ മതത്തിന്‍െറ ഒരു ബന്ധമുണ്ടാകാമെന്നും തങ്ങള്‍ മതത്തിനും അറബിത്തത്തിനും അറബ് മേഖലക്കും സേവനമര്‍പ്പിക്കുന്നുവെന്നും രാജാവ് വ്യക്തമാക്കി.
മുന്‍ സിറിയന്‍ പ്രധാനമന്ത്രി റിയാദ് ഹിജാബ് അതിഥികള്‍ക്കു വേണ്ടി സംസാരിച്ചു. പ്രതിപക്ഷ കക്ഷികളുടെ സമ്മേളനം സാര്‍ഥകമെന്നു വിശേഷിപ്പിച്ച അദ്ദേഹം അതിനു കളമൊരുക്കിയതിന് സൗദിക്ക് നന്ദി പറഞ്ഞു.
കിരീടാവകാശിയും ആഭ്യന്തരമന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ നായിഫ്, ഡപ്യൂട്ടി കിരീടാവകാശിയും പ്രതിരോധമന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍, വിദേശകാര്യ മന്ത്രി ഡോ. ആദില്‍ അല്‍ ജുബൈര്‍, സാംസ്കാരിക മാധ്യമമന്ത്രി ഡോ. ആദില്‍ അത്തുറൈഫി എന്നിവര്‍ സംബന്ധിച്ചു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Dec 2015 8:29 AM GMT Updated On
date_range 2017-03-31T09:22:24+05:30സിറിയയെ പഴയപടി പുന:സംവിധാനിക്കും - സല്‍മാന്‍ രാജാവ്
text_fieldsNext Story