പശ്ചിമ മേഖലയില്‍ പലയിടത്തും ചാറ്റല്‍മഴ; മുന്നൊരുക്കം സജീവം
text_fieldsജിദ്ദ: പശ്ചിമമേഖലയില്‍ വീണ്ടും മഴ മുന്നറിയിപ്പ്. ഇന്നലെ ജിദ്ദയുടെ ചില ഭാഗങ്ങളില്‍ നേരിയ ചാറ്റല്‍മഴയുണ്ടായി. രാവിലെ മുതല്‍ ആകാശം മേഘാവൃതമായിരുന്നു. മഴക്കുള്ള സാധ്യത കണക്കിലെടുത്ത് സ്കൂളുകള്‍ പതിവിലും നേരത്തെ വിട്ടു. യാമ്പുവിന്‍െറ വിവിധ ഭാഗങ്ങളിലും മദീനയിലും നേരിയ മഴയുണ്ടായി. ഖുന്‍ഫുദ, അല്ലീത് തുടങ്ങിയ സ്ഥലങ്ങളില്‍ ഇന്നും മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വിഭാഗം അറിയിച്ചിട്ടുണ്ട്. കാലാവസ്ഥ മുന്നറിയിപ്പ് വന്നതോടെ താഴ്വരകളില്‍ നിന്നും വൈദ്യുതി കടന്നുപോകുന്ന സ്ഥലങ്ങളില്‍ നിന്നും അകന്ന് കഴിയണമെന്ന് സിവില്‍ ഡിഫന്‍സ് മുന്നറിയിപ്പ് നല്‍കി.അതിനിടെ, മഴക്കെടുതി നേരിടാന്‍ ജിദ്ദ മുനിസിപ്പാലിറ്റിക്ക് കീഴില്‍ മുന്നൊരുക്കങ്ങള്‍ സജീവമായി. ജിദ്ദയുടെ വിവിധ ഭാഗങ്ങളിലെ അടിപ്പാതകള്‍ക്കടുത്തും വെള്ളം കെട്ടിനില്‍ക്കാന്‍ കൂടുതല്‍ സാധ്യതയുള്ള സ്ഥലങ്ങളിലും ജലപമ്പുകളും ജനറേറ്ററുകളും ടാങ്കര്‍ ലോറികളും ഒരുക്കി കഴിഞ്ഞു. ഇവ പ്രവര്‍ത്തിപ്പിക്കാനാവശ്യമായ തൊഴിലാളികളെയും നിയോഗിച്ചു. സബ്ഈന്‍ റോഡും ഫലസ്തീന്‍ റോഡും കൂടിച്ചേരുന്ന ഭാഗത്ത് എട്ട് പമ്പ്സെറ്റുകളും 12 തൊഴിലാളികളുമുണ്ട്. അടുത്തിടെ ഉണ്ടായ മഴയില്‍ ഈ അടിപ്പാത വെള്ളത്തില്‍ മുങ്ങുകയും 13 വാഹനങ്ങള്‍ കുടുങ്ങുകയും ചെയ്തിരുന്നു.
മറ്റ് അടിപ്പാതകള്‍ക്കടുത്ത് നാല് പമ്പ് സെറ്റുകള്‍ വീതമാണ് സ്ഥാപിച്ചത്. വൈദ്യുതിബന്ധം നഷ്ടപ്പെട്ടാല്‍ പ്രവര്‍ത്തിപ്പിക്കാനാണ് മുന്‍കരുതലെന്നോണം ജനറേറ്ററുകള്‍ ഒരുക്കിയത്.
നേരത്തെ മഴയുണ്ടായപ്പോള്‍ വൈദ്യുതി വിച്ഛേദിക്കപ്പെട്ടതിനെ തുടര്‍ന്ന് ചില അടിപ്പാതകളിലെ വെള്ളം നീക്കം ചെയ്യുന്ന പ്രവൃത്തി വൈകാനിടയായിരുന്നു. സിവില്‍ ഡിഫന്‍സ്, റെഡ്ക്രസന്‍റ്, ആരോഗ്യ കാര്യാലയം എന്നിവക്ക് കീഴിലും മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.