Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമികച്ച സംവിധായകനെ...

മികച്ച സംവിധായകനെ ഓര്‍ക്കുന്നു, ബത്ഹയിലെ പഴയ സുഹൃത്തുക്കള്‍

text_fields
bookmark_border
മികച്ച സംവിധായകനെ ഓര്‍ക്കുന്നു,  ബത്ഹയിലെ പഴയ സുഹൃത്തുക്കള്‍
cancel
റിയാദ്: മികച്ച സംവിധായകനുള്ള ഈ വര്‍ഷത്തെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ സനല്‍ ശശിധരന്‍ ഹ്രസ്വകാലം ബത്ഹയില്‍ പ്രവാസിയായിരുന്നു. ഇവിടെയും കവിതയും സിനിമയും പുരോഗമന രാഷ്ട്രീയവുമൊക്കെ ഇഷ്ടപ്പെടുന്നവരുടെ ചെറിയൊരു സൗഹൃദ വലയത്തിലെ കണ്ണിയായിരുന്ന അദ്ദേഹം 2008 അവസാനമാണ് പ്രവാസത്തോട് വിടപറഞ്ഞ് കേരളത്തില്‍ തിരിച്ചത്തെി ജനകീയ സിനിമ സംരംഭങ്ങളില്‍ സജീവമായത്. വത്സരങ്ങള്‍ പലത് കഴിഞ്ഞെങ്കിലും ബത്ഹയിലെ സൗഹൃദങ്ങളുമായി ഇപ്പോഴും ബന്ധം തുടരുന്ന ഈ സംവിധായകന്‍െറ പുരസ്കാര തിളക്കം പഴയ സുഹൃത്തുക്കളേയും ആഹ്ളാദഭരിതരാക്കുന്നു. നാട്ടിലത്തെിയ ശേഷമുള്ള ഓരോ സര്‍ഗ ചുവടുവെയ്പുകളും റിയാദിലെ സുഹൃത്തുക്കളും അറിഞ്ഞുകൊണ്ടിരുന്നു. 
എന്നാല്‍ സുഹൃത്തിന് ഒരു പുരസ്കാര നേട്ടം ഉണ്ടാകുമ്പോള്‍ അതില്‍ ഏറെ ആഹ്ളാദിക്കുമ്പോഴും അതിന്‍െറ പേരില്‍ പത്രങ്ങളില്‍ പേര് വരാന്‍ ആഗ്രഹിക്കാത്ത ഈ സുഹൃത്തുക്കള്‍ കവിതയും സിനിമയും ചര്‍ച്ചയുമൊക്കെയായി കഴിച്ചുകൂട്ടിയ ബത്ഹയിലെ ആ സൗഹൃദകാലങ്ങള്‍ ഓര്‍ത്തെടുക്കുന്നു. സ്വതവേ മിതഭാഷിയായ സനല്‍ സൗഹൃദത്തിന്‍െറ ഒത്തുചേരലുകളില്‍ സാഹിത്യവും സിനിമയുമൊക്കെ വിഷയമായാല്‍ വാചാലനാവുമായിരുന്നു.
തിരുവനന്തപരും ലോകോളജില്‍നിന്ന് ബിരുദം നേടിയ സനല്‍ ശശിധരന്‍ ഒരു സ്വകാര്യ കമ്പനിയില്‍ ഉദ്യോഗസ്ഥനായാണ് റിയാദിലത്തെിയത്. ബ്ളോഗുകളുടെ പ്രഭാവകാലത്ത് ബ്ളോഗെഴുത്തില്‍ സജീവമായിരുന്ന അദ്ദേഹം നിരന്തരം എഴുതിക്കൊണ്ടിരുന്ന കവിതകളിലൂടെയാണ് റിയാദിലെ അക്ഷര സ്നേഹികള്‍ അദ്ദേഹത്തെ പരിചയപ്പെടുന്നത്. തുടര്‍ന്നാണ് ചെറു സൗഹൃദ വലയം രൂപം കൊണ്ടത്. 
2008 ഒക്ടോബറോടെ പ്രവാസം മതിയാക്കി മടങ്ങിയ അദ്ദേഹം അഭിഭാഷകനായി എന്‍റോള്‍ ചെയ്ത് പ്രാക്ടീസ് ആരംഭിച്ചു. ശേഷം ജനകീയ സിനിമ സംരംഭങ്ങളില്‍ വ്യാപൃതനായി. നിരവധി ഹ്രസ്വ ചിത്രങ്ങള്‍ ചെയ്തു. ചെറുചിത്രത്തിന്‍െറ പരിധി ലംഘിച്ച ആദ്യ സിനിമ ‘ഫ്രോഗ്’ ആണെന്ന് ബത്ഹയിലെ സുഹൃത്തുക്കള്‍ ഓര്‍ക്കുന്നു. സോഷ്യല്‍ മീഡിയയിലെയും മറ്റും സുഹൃത്തുക്കളില്‍ നിന്ന് സംഭാവനയായി ധനശേഖരണം നടത്തി ജനകീയ സംരംഭങ്ങളായി ചലച്ചിത്രങ്ങള്‍ നിര്‍മിക്കലും തിയേറ്ററുകള്‍ക്ക് പുറത്ത് ജനങ്ങളിലേക്ക് ചെന്ന് സിനിമ പ്രദര്‍ശനം സംഘടിപ്പിക്കലുമായിരുന്നു അദ്ദേഹത്തിന്‍െറ പ്രവര്‍ത്തന ശൈലി. അതിനായി രൂപവത്കരിച്ച പ്രസ്ഥാനമാണ് കാഴ്ച. 
മികച്ച സംവിധായകനുള്ള പുരസ്കാരം നേടികൊടുത്ത ‘ഒരാള്‍ പൊക്കം’ എന്ന സിനിമക്കും ഈ വഴികളാണ് സ്വീകരിക്കപ്പെട്ടത്. അദ്ദേഹത്തിന്‍െറ സംരംഭങ്ങളില്‍ താരതമ്യേന വലിയ മുതല്‍ മുടക്കില്‍ നിര്‍മിക്കപ്പെട്ട ആദ്യ സിനിമ. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ ഓരോ നാട്ടിലും ചെന്ന് നടത്തിയ പ്രദര്‍ശനങ്ങളിലൂടെയാണ് ഈ സിനിമ ജനങ്ങളെ കാണിച്ചത്. അതിനുവേണ്ടി അദ്ദേഹം രൂപം നല്‍കിയ സംരംഭമാണ് ‘സിനിമ വണ്ടി’. ഈ വണ്ടിയില്‍ സനലും സിനിമയിലെ മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ച പ്രകാശ് ബാരെയും ഓരോ പ്രദേശങ്ങളിലേക്കും സിനിമയുമായി കടന്നു ചെല്ലുകയായിരുന്നു. ആ സിനിമ റിയാദില്‍ കൊണ്ടുവന്ന് മലയാളി സാംസ്കാരിക കൂട്ടായ്മകളില്‍ പ്രദര്‍ശിപ്പിക്കാന്‍ ബത്ഹയിലെ സുഹൃത്തുക്കള്‍ ആഗ്രഹിച്ചിരുന്നു. ഇക്കാര്യം സനലിനെ അറിയിക്കുകയും അദ്ദേഹം ആഹ്ളാദപൂര്‍വം ആ ക്ഷണം സ്വീകരിക്കുകയും ചെയ്തിരുന്നു. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story