Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Aug 2015 4:08 PM IST Updated On
date_range 4 Aug 2015 4:08 PM ISTഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ക്ക് ത്വാഇഫ് സൈനികതാവളത്തില്‍ സ്വീകരണം
text_fieldsbookmark_border
ജിദ്ദ: പ്രതിരോധരംഗത്ത് ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള പരസ്പര ധാരണക്കും സഹകരണത്തിനും ശക്തി പകര്‍ന്ന് ഇന്ത്യന്‍ വ്യോമസേനയുടെ സുഖോയ് യുദ്ധവിമാനങ്ങള്‍ ത്വാഇഫിലെ കിങ് ഫഹദ് എയര്‍ബേസില്‍ ഇറങ്ങി. ബ്രിട്ടനിലെ വ്യോമാഭ്യാസപ്രകടനത്തില്‍ പങ്കെടുത്തു ഏതന്‍സ് വഴിയുള്ള മടക്കയാത്രയില്‍ ഇടത്താവളമെന്ന നിലയില്‍ ത്വാഇഫില്‍ ഇറങ്ങുകയായിരുന്നു. ഇതാദ്യമായാണ് ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ സൗദി അറേബ്യയുടെ സൈനികതാവളത്തില്‍ ലാന്‍ഡ് ചെയ്യുന്നത്. നാലു സുഖോയ് യുദ്ധവിമാനങ്ങളും സി -17 ഗ്ളോബ് മാസ്റ്റേഴ്സ് കാര്‍ഗോ, സി - 130 ഹെര്‍ക്കുലിസ്, ഐ.എല്‍ - 78 വിമാനങ്ങളുമാണ് വ്യൂഹത്തിലുണ്ടായിരുന്നത്. ഇരുരാജ്യങ്ങളും തമ്മില്‍ പ്രതിരോധരംഗത്തുള്ള മികച്ച സഹകരണത്തിന്‍െറ ദൃഷ്ടാന്തമാണിതെന്നും ഹൃദയം തൊട്ട ആതിഥ്യമാണ് സൗദി മണ്ണില്‍ ലഭിച്ചതെന്നും വിങ് കമാണ്ടര്‍ അശുതോഷ് ശ്രീവാസ്തവയുടെ നേതൃത്വത്തില്‍ എത്തിയ 105 അംഗ സേനയിലെ അംഗങ്ങള്‍ ജിദ്ദയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
2014 ഫെബ്രുവരിയില്‍ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് കിരീടാവകാശിയായിരിക്കെ നടത്തിയ ഇന്ത്യന്‍ പര്യടനത്തില്‍ ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ രൂപം കൊണ്ട പ്രതിരോധ, സൈനിക സഹകരണധാരണയെ കൂടുതല്‍ ഊട്ടിയുറപ്പിക്കുന്നതാണ് വ്യോമസേന ദൗത്യത്തിന് സൗദി മണ്ണില്‍ ഇറങ്ങാന്‍ സാധിച്ചതും ഇവിടെ സൈനികര്‍ക്ക് ലഭിച്ച അഭൂതപൂര്‍വമായ സ്വീകരണവുമെന്ന് ഇന്ത്യന്‍ ഉപ സ്ഥാനപതി ഹേമന്ത് കോട്ടല്‍വാര്‍ പറഞ്ഞു. അടുത്ത കാലത്തായി ഇരുരാജ്യങ്ങളും സൈനികരംഗത്തെ സഹകരണം ലക്ഷ്യമാക്കി ഉന്നതതല കൂടിക്കാഴ്ചകളും ചര്‍ച്ചകളും നടത്തിവരാറുള്ളത് അദ്ദേഹം അനുസ്മരിച്ചു. അടുത്തിടെ ഇന്ത്യന്‍ നാവികസേനയുടെ കപ്പലുകള്‍ ജിദ്ദയിലും ജുബൈലിലും നങ്കൂരമടിച്ചിരുന്നു. യമന്‍ പ്രതിസന്ധിയുടെ കാലത്ത് ഇന്ത്യക്കാരെ നാട്ടില്‍ തിരിച്ചത്തെിക്കാന്‍ തന്ത്രപ്രധാനമായ വഴി തുറന്നുതരാന്‍ സൗദി അറേബ്യ തയാറായതും കൃതഞ്ജതയര്‍ഹിക്കുന്നതാണെന്നു കോട്ടല്‍വാര്‍ കൂട്ടിച്ചേര്‍ത്തു.
അധുനാതന യുദ്ധസങ്കേതങ്ങളും ആയുധങ്ങളും കിടയറ്റ സൈന്യവും സ്വന്തമായുള്ള ഇന്ത്യന്‍ വ്യോമസേനക്ക് ആഗോളതലത്തില്‍ തന്നെ മികച്ച അംഗീകാരമാണുള്ളതെന്നും പല ദേശാന്തരീയ വ്യോമാഭ്യാസപ്രകടനങ്ങളിലും സേന പങ്കെടുത്തുവരുന്നുണ്ടെന്നും സംഘത്തിലെ എക്സര്‍സൈസ് ഡയറക്ടറായ വിങ് കമാണ്ടര്‍ ജിയോദാര്‍ വ്യക്തമാക്കി. അമേരിക്കയുമായി ചേര്‍ന്ന് റെഡ് ഫ്ളാഗ്, ഫ്രാന്‍സുമായി ചേര്‍ന്ന് ‘ഗരുഡ’, സിംഗപ്പൂരിന്‍െറ കൂടെ സിന്‍റക്്സ് തുടങ്ങി ഇതിനു മുമ്പും വേറെയും വലിയ അഭ്യാസപ്രകടനങ്ങളില്‍ ഇന്ത്യ പങ്കുകൊണ്ടിട്ടുണ്ട്. ബ്രിട്ടന്‍െറ റോയല്‍ എയര്‍ഫോഴ്സുമായി ചേര്‍ന്നുള്ള ഇന്ദ്രധനുഷ് - നാല് അഭ്യാസപ്രകടനമാണ് ജൂലൈ 21 മുതല്‍ നടന്നത്. ഇതാദ്യമായാണ് സൗദി അറേബ്യയെ ഇന്ത്യ ഇടത്താവളമായി തെരഞ്ഞെടുക്കുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രതിരോധസഹകരണം ശക്തിപ്പെടുന്നതിന്‍െറ സൂചനയാണിതെന്നും ഇക്കാര്യത്തില്‍ സൗദി ഭരണകൂടം കാണിച്ച സഹകരണത്തിന് നന്ദി പറയുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുമായി സംയുക്ത സൈനികാഭ്യാസത്തിന് ക്ഷണം ലഭിച്ചാല്‍ തീര്‍ച്ചയായും സ്വീകരിക്കാവുന്നതേയുള്ളൂവെന്നും അതിന് എല്ലാ അര്‍ഥത്തിലും വ്യോമസേന സജ്ജമാണെന്നും വിങ് കമാണ്ടര്‍ ചോദ്യത്തിനു മറുപടിയായി പറഞ്ഞു. ഇതാദ്യമായാണ് സൈനികതാവളത്തില്‍ ലാന്‍ഡ് ചെയ്യാന്‍ അവസരമുണ്ടാകുന്നത്. അതിനാല്‍ ഇവിടത്തെ വ്യോമസേനാ അംഗങ്ങളുമായി ആശയവിനിമയത്തിന് സന്ദര്‍ഭം ലഭിച്ചു. വേനല്‍ക്കാല ഉല്‍സവത്തിന്‍െറയും അവധിയുടെയും സന്ദര്‍ഭമായിട്ടുപോലും എല്ലാം മറന്ന ആതിഥ്യമാണ് ലഭിച്ചത്. സേനാംഗങ്ങള്‍ സൗദിയില്‍ ലഭിച്ച സ്വീകരണത്തില്‍ സേനാനായകന്‍ അശുതോഷ് ശ്രീവാസ്തവ സന്തുഷ്ടനായിരുന്നുവെന്നും യൂറോപ്പില്‍ നിന്നു വ്യത്യസ്തമായ ആതിഥ്യം ഇതൊരു രണ്ടാം വീടാണെന്ന തോന്നലാണുണ്ടാക്കിയതെന്നുമായിരുന്നു അദ്ദേഹത്തിന്‍െറ പ്രതികരണമെന്നും ഉപ സ്ഥാനപതി അറിയിച്ചു. മലയാളിയായ മലപ്പുറം മഞ്ചേരി സ്വദേശി യു. സന്തോഷ് രാജയും സംഘത്തിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
