Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Aug 2015 3:28 PM IST Updated On
date_range 3 Aug 2015 3:28 PM ISTഫൈസല്‍ രാജാവിന്‍െറ ജീവചരിത്രപ്രദര്‍ശനം ശ്രദ്ധേയമാകുന്നു
text_fieldsbookmark_border
ത്വാഇഫ്: ‘‘സഹോദരങ്ങളെ, ജറൂസലം വിളിക്കുന്നു. വന്നു പെട്ട ദുര്യോഗത്തില്‍ നിന്നു രക്ഷപ്പെടുത്താന്‍ നിങ്ങളുടെ സഹായം തേടുന്നു. ഇനിയും എന്താണ് കാത്തിരിക്കുന്നത്, വിശുദ്ധമണ്ണിന്‍െറ പവിത്രത നശിപ്പിക്കപ്പെട്ടുകൊണ്ടിരിക്കെ എത്ര കാലമാണ് ഈ കുത്തിയിരിപ്പ്? എന്തിനെയാണ് നാം പേടിക്കുന്നത്, മരണത്തെയോ? തോറ്റു മരിക്കുന്നതിലും ഭേദം അഭിമാനത്തിന്‍െറ മരണം ഏറ്റുവാങ്ങുന്നതല്ളേ? മരിക്കുകയാണെങ്കില്‍ അല്ലാഹുവിന്‍െറ മാര്‍ഗത്തില്‍ രക്തസാക്ഷിത്വം വേണമെന്നാണ് എന്‍െറ ആഗ്രഹം...’’ യശശ്ശരീരനായ നേതാവിന്‍െറ ആവേശോജ്വലമായ വാക്കുകളില്‍ തരിച്ചിരിക്കുന്ന ശ്രോതാക്കള്‍ അത് നിലക്കുമ്പോള്‍ തപിക്കുന്ന നിശ്വാസങ്ങളോടെ പ്രാര്‍ഥനാപൂര്‍വം പവലിയനില്‍ നിന്നു പുറത്തുകടക്കുന്നു. ആരാണിത്, എന്താണ് കാര്യം എന്നന്വേഷിക്കുന്ന മക്കളോടും പുതുതലമുറയോടും അന്തരിച്ച ഫൈസല്‍ രാജാവ് എന്ന അറബ്നാടിന്‍െറ വീരോചിതനായ നേതാവിനെ പരിചയപ്പെടുത്തുന്നു.
സൗദി ഭരണാധികാരിയായിരുന്ന പരേതനായ ഫൈസല്‍ രാജാവിന്‍െറ സംഭവബഹുലമായ ജീവിതം പരിചയപ്പെടുത്തുന്ന ‘അല്‍ഫൈസല്‍: സാക്ഷിയും രക്തസാക്ഷിയും’ എന്ന പ്രദര്‍ശനത്തിനത്തെുന്നവരെല്ലാം ഗതകാല സ്മൃതികളുടെ ചൂടും ചൂരും ആവാഹിച്ചും അത് പുതുതലമുറയിലേക്ക് പകര്‍ന്നുമാണ് ത്വാഇഫ് റുദ്ദഫ് പാര്‍ക്കിലെ വിശാലമായ ഹാളില്‍ നിന്നു പുറത്തുകടക്കുന്നത്. അറബ് മുസ്ലിം ലോകം പ്രതിസന്ധികളുടെ നടുക്കടലില്‍ പെട്ടു നില്‍ക്കെ കൃത്യമായ രാഷ്ട്രീയനിലപാടുകളിലൂടെ രാഷ്ട്രത്തിനും അറബ് പൊതുമണ്ഡലത്തിനും കൃത്യമായ ദിശാബോധം നല്‍കിയ ഗരിമയാര്‍ന്ന ആ ജീവിതത്തിലെ നിമിഷങ്ങളോരോന്നും സസൂക്ഷ്മം ഒപ്പിയെടുത്ത് വിലപ്പെട്ട ചിത്രങ്ങളും വിവരണങ്ങളുമായി സംഘടിപ്പിക്കുന്ന പ്രദര്‍ശനം അറബികള്‍ക്കു മാത്രമല്ല, ചരിത്രകുതുകികള്‍ക്കും ആവേശവും കൗതുകവും പകരുന്നതാണ്. സമൂഹത്തിന്‍െറ നാനാതുറകളില്‍ നിന്നു നൂറുകണക്കിനാളുകളാണ് കുടുംബസമേതം പ്രദര്‍ശനം കാണാനത്തെുന്നത്.
ഫൈസല്‍ രാജാവിന്‍െറ ജനനം മുതല്‍ അന്ത്യം വരെയുള്ള ജീവിതചിത്രം വിശദമായി തന്നെ വിവരിക്കുന്നതാണ് പ്രദര്‍ശനം. വാള്‍ത്തലപ്പ് എന്നര്‍ഥമുള്ള ഫൈസല്‍ എന്ന നാമകരണത്തില്‍ നിന്നു തുടങ്ങി കുഞ്ഞുന്നാളില്‍ പിതാവ് അബ്ദുല്‍അസീസ് രാജാവ് അദ്ദേഹത്തിന്‍െറ വ്യക്തിത്വത്തെ വളര്‍ത്തിയെടുക്കുന്നതില്‍ നല്‍കിയ പ്രത്യേകശ്രദ്ധയും പരിഗണനയും സംഭവഗതികളുടെ പശ്ചാത്തലത്തില്‍ വിവരിക്കുന്നുണ്ട്. ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരഗാന്ധിയെ ജവഹര്‍ലാല്‍ നെഹ്റു വളര്‍ത്തിയെടുത്തതിനു സമാനമായി ചെറുപ്പത്തിലേ വിദേശ പര്യടനങ്ങള്‍ക്കും വിവിധ ദൗത്യസംഘങ്ങള്‍ക്കൊപ്പവും മകന്‍ ഫൈസലിനെ ആ പിതാവ് പറഞ്ഞയച്ചു. നയതന്ത്ര, യുദ്ധകാര്യദൗത്യങ്ങള്‍ക്കു നിയോഗിച്ചു. സ്പെയിന്‍ മുതല്‍ ജപ്പാന്‍ വരെ ലോകത്തിന്‍െറ വിവിധ രാജ്യങ്ങള്‍ സന്ദര്‍ശിച്ചും രാഷ്ട്രത്തലവന്മാരുമായി ചര്‍ച്ച നടത്തിയും ഉള്ളിലെ സ്റ്റേറ്റ്സ്മാനെ വികസിപ്പിച്ചെടുത്തു. ആവിയന്ത്രം കൊണ്ട് തീവണ്ടിയോടുന്ന അക്കാലത്ത് ബ്രിട്ടനിലെ കല്‍ക്കരിപ്ളാന്‍റുകള്‍ സന്ദര്‍ശിക്കുന്ന ബാലനായ ഫൈസലിന്‍െറ ചിത്രവും, വരും കാലങ്ങളില്‍ കറുത്ത പൊന്നായ പെട്രോള്‍ കൊണ്ട് അറബ് ലോകത്തിനു സാമ്പത്തിക, രാഷ്ട്രീയ മേല്‍ക്കോയ്മ സ്ഥാപിച്ചെടുക്കാന്‍ പോകുന്ന ഉദയതാരമാണിതെന്ന കാര്യം ബ്രിട്ടനറിയില്ലല്ളോ എന്ന മനോഹരമായ അടിക്കുറിപ്പും ശ്രദ്ധേയമാണ്.
അറബികളുടെ ദേശീയബോധത്തെയും ഇസ്ലാമികബോധത്തെയും സമം ചേര്‍ത്ത് ഫൈസല്‍ രാജാവ് എടുത്ത നിലപാടുകളും നടത്തിയ ധീരോദാത്തമായ പ്രഖ്യാപനങ്ങളും പ്രദര്‍ശനത്തില്‍ കാമ്പു ചോരാതെ എടുത്തുചേര്‍ത്തിട്ടുണ്ട്. അറബ്ലോകത്തിന്‍െറ ഐക്യത്തിനു വേണ്ടിയും സൗദി അറേബ്യയുടെ ഏകീകരണത്തിനു വേണ്ടിയും നടത്തിയ പ്രയത്നങ്ങള്‍, അതിനെല്ലാം പിറകിലെ തന്‍െറ നിസ്വാര്‍ഥവും ആദര്‍ശപരവുമായ പ്രതിബദ്ധത ഇതെല്ലാം സവിസ്തരം പ്രദര്‍ശനത്തില്‍ പ്രതിപാദിക്കുന്നു.
കിരീടാവകാശിയാകുന്നതിനു മുമ്പുതന്നെ യമനില്‍ നിന്നുള്ള അതിര്‍ത്തി കടന്ന ഇടപെടലിനെതിരെ നടത്തിയ തിഹാമ കാമ്പയിന്‍, അതത്തേുടര്‍ന്നു വന്ന ത്വാഇഫ് കരാര്‍ തുടങ്ങി നയതന്ത്രരംഗത്തെ ചെറുപ്പകാലത്തെ വിജയങ്ങളാണ് നജ്റാന്‍, അസീര്‍ പ്രദേശങ്ങളെ ഇന്നു സൗദിയുടെ ഭാഗമായി നിര്‍ത്തിയത്.
അവിടം മുതല്‍ ഏറ്റവുമൊടുവില്‍ രാജാവായിരിക്കെ, ഹിജാസും നജ്ദും അനുബന്ധപ്രദേശങ്ങളുമടങ്ങുന്ന രാജ്യത്തിന്‍െറ പേര് കിങ്ഡം ഓഫ് സുഊദി അറേബ്യ എന്നാക്കി മാറ്റിയതുവരെയുള്ള തന്ത്രപ്രധാന കരുനീക്കങ്ങളുടെ വിശദാംശങ്ങള്‍ ചിത്രങ്ങളും ചാര്‍ട്ടുകളും സഹിതം പ്രദര്‍ശിപ്പിച്ചിരിക്കുന്നു. പെട്രോളിയം ഉല്‍പന്നങ്ങളുടെ കുത്തക സ്വന്തമാക്കാന്‍ അരാംകോയുടെ ഓഹരികള്‍ വിലക്കെടുത്തതും ഫലസ്തീനിലെ ഇസ്രായേല്‍ അധിനിവേശത്തിന് അമേരിക്ക നല്‍കുന്ന പിന്തുണയില്‍ നാലാം അറബ് - ഇസ്രായേല്‍ യുദ്ധസമയത്ത് 1973 ഒക്ടോബറില്‍ അമേരിക്ക,ഹോളണ്ട്, പോര്‍ചുഗല്‍, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങള്‍ക്കെതിരെ എണ്ണ ഉപരോധം ഏര്‍പ്പെടുത്തിയതും അതുവഴി യാങ്കി സാമ്രാജ്യത്വത്തിനെതിരെ യൂറോപ്പിന്‍െറ തന്നെ പൊതു അഭിപ്രായത്തിന്‍െറ ദിശ മാറ്റാനായതുമൊക്കെ നാള്‍വഴി സഹിതം വെളിപ്പെടുത്തുന്നു. ഇന്ത്യ സന്ദര്‍ശനത്തിനിടെ മുംബൈയിലെ താജ്മഹല്‍ ഹോട്ടലില്‍ താമസിക്കുന്ന കാലത്ത് നാട്ടിലേക്കു അറബിയിലെഴുതിയ കമ്പി സന്ദേശം, താജ്മഹല്‍ സന്ദര്‍ശന സമയത്തെ ചിത്രങ്ങള്‍ തുടങ്ങിയവയും കൂട്ടത്തിലുണ്ട്.
ഗതകാല ചരിത്രത്തിന്‍െറ ഹൃദയസ്പന്ദനങ്ങള്‍ തൊട്ടറിഞ്ഞ സംതൃപ്തിയോടെയും അറബ് ആത്മാഭിമാനത്തെ ഉയര്‍ത്തിപ്പിടിച്ച നേതാവിന് അഭിവാദ്യം അര്‍പ്പിച്ചുകൊണ്ടുമാണ് പ്രേക്ഷകര്‍ പ്രദര്‍ശനനഗരിയില്‍ നിന്നു പുറത്തു കടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
