Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right2006 ഡിസം. 24:...

2006 ഡിസം. 24: റഹീമിന്റെ ജീവിതം മാറ്റിമറിച്ച ആ ദിവസം സംഭവിച്ചത്...

text_fields
bookmark_border
2006 ഡിസം. 24: റഹീമിന്റെ ജീവിതം മാറ്റിമറിച്ച ആ ദിവസം സംഭവിച്ചത്...
cancel

റിയാദ്: നല്ലൊരു ജീവിതം തേടിയാണ് കോഴിക്കോട് കോടമ്പുഴ മച്ചിലകത്ത് പീടിയേക്കൽ വീട്ടിൽ പരേതനായ മുല്ല മുഹമ്മദ്കുട്ടിയുടെയും ഫാത്തിമയുടെയും മകൻ അബ്ദുറഹീം 2006 നവംബർ 28-ന് സൗദിയിലെത്തിയത്. അന്ന് പ്രായം 26. ഹൗസ് ഡ്രൈവർ വിസയിൽ റിയാദിലെത്തിയ റഹീമിന് സ്‌പോൺസർ ഫായിസ് അബ്ദുല്ല അബ്ദുറഹ്മാൻ അൽശഹ്‌രിയുടെ മകൻ അനസി അൽശഹ്‌രി എന്ന ബാലനെ പരിചരിക്കലായിരുന്നു പ്രധാന ജോലി.

തലക്ക് താഴെ യാതൊരു ചലനശേഷിയുമില്ലാത്ത അവസ്ഥയിലായിരുന്നു അനസ്. ഭക്ഷണവും വെള്ളവുമെല്ലാം നൽകിയിരുന്നത് കഴുത്തിൽ പ്രത്യേകമായി ഘടിപ്പിച്ച ഉപകരണം വഴിയായിരുന്നു. ഇടയ്ക്കിടെ വീൽ ചെയറിൽ പുറത്തും മാർക്കറ്റിലും കൊണ്ടുപോവുകയും ആവശ്യമായ സാധനങ്ങൾ വാങ്ങിച്ചു തിരിച്ചു വീട്ടിൽ കൊണ്ടുവരികയും ചെയ്തിരുന്നു. ഇടക്കിടെ പ്രകോപിതനാവുന്ന സ്വഭാവം അനസിനുണ്ടായിരുന്നു.

ട്രാഫിക് സിഗ്നലിലെ വഴക്ക്....

2006 ഡിസംബർ 24 നാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. റിയാദ് ശിഫയിലെ വീട്ടിൽനിന്ന് അസീസിയിലെ പാണ്ട ഹൈപർ മാർക്കറ്റിലേക്ക് പോകവേ സുവൈദിയിലെ ട്രാഫിക് സിഗ്‌നലിൽ പ്രകോപനമൊന്നുമില്ലാതെ അനസ് വഴക്കിടുകയായിരുന്നു. ട്രാഫിക് സിഗ്നൽ കട്ട് ചെയ്തു പോകാൻ അനസ് ബഹളം വെച്ചു. നിയമലംഘനം നടത്താൻ ആവില്ലെന്ന് ആവർത്തിച്ചു പറഞ്ഞ അബ്ദുറഹീം വാഹനവുമായി അടുത്ത സിഗ്‌നലിൽ എത്തിയപ്പോൾ അനസ് വീണ്ടും ബഹളം വെക്കാൻ തുടങ്ങി. പിൻസീറ്റിലായിരുന്ന കുട്ടിയെ കാര്യം പറഞ്ഞു മനസ്സിലാക്കാൻ പിന്നോട്ട് തിരിഞ്ഞപ്പോൾ റഹീമിന്റെ മുഖത്തേക്ക് അനസ് പലതവണ തുപ്പി. തടയാനായി ശ്രമിച്ച അബ്ദുറഹീമിന്റെ കൈ അബദ്ധത്തിൽ അനസിന്റെ കഴുത്തിൽ ഘടിപ്പിച്ച ഉപകരണത്തിൽ തട്ടി. തുടർന്ന്​ കുട്ടി ബോധരഹിതനാവുകയായിരുന്നു. പിന്നീട് യാത്ര തുടർന്ന റഹീം അനസിന്റെ ബഹളമൊന്നും കേൾക്കാതായപ്പോൾ പന്തികേട് തോന്നി പരിശോധിച്ചപ്പോഴാണ് ചലനമറ്റ് കിടക്കുന്നതായി ബോധ്യപ്പെട്ടത്.

കേസ് വഴി തിരിച്ചുവിടാൻ ശ്രമിച്ചത് വിനയായി

ഉടൻ ബന്ധുവായ കോഴിക്കോട് നല്ലളം സ്വദേശി മുഹമ്മദ് നസീറിനെ വിളിച്ചുവരുത്തി. എന്തുചെയ്യണമെന്ന്​ അറിയാതെ പരിഭ്രമത്തിലായ രണ്ടുപേരും ചേർന്ന്​ ഒരു കഥയുണ്ടാക്കി. പണം തട്ടാൻ വന്ന കൊള്ളക്കാർ റഹീമിനെ കാറിൽ ബന്ദിയാക്കി അനസിനെ ആക്രമിച്ചുവെന്ന്​ കഥ ചമയ്​ക്കുകയും നസീർ റഹീമിനെ സീറ്റിൽ കെട്ടിയിട്ടു പൊലീസിൽ വിവരമറിയിക്കുകയും ചെയ്​തു. പൊലീസെത്തി റഹീമിനെയും ചോദ്യം ചെയ്യലിന് ശേഷം നസീറിനെയും കസ്റ്റഡിയിലെടുക്കുകയാണ്​ ഉണ്ടായത്​. കേസ് വഴി തിരിച്ചുവിടാൻ ശ്രമിച്ചത് ഇരുവർക്കും വിനയായി. നസീർ 10 വർഷത്തിന് ശേഷം ജാമ്യത്തിലിറങ്ങി.

റിയാദ് കോടതി റഹീം കുറ്റക്കാരനാണെന്ന് കണ്ടെത്തി വധശിക്ഷ വിധിച്ചു. വിവിധ ഘട്ടങ്ങളിലായി മൂന്നു പ്രാവശ്യമാണ് വധശിക്ഷ വിധിച്ചത്. ശിക്ഷ കാത്ത് റിയാദിലെ അൽ-ഹൈർ ജയിലിൽ കഴിയവേയാണ് വലിയ സമ്മർദങ്ങൾക്കൊടുവിൽ ദിയാധനം തന്നാൽ മാപ്പ് നൽകാമെന്ന് സൗദി കുടുംബം അറിയിച്ചത്. ഏപ്രിൽ 16നകം ഒന്നരക്കോടി റിയാൽ (34 കോടി രൂപ) നൽകണമെന്നായിരുന്നു ആവശ്യം. തുടർന്ന് റിയാദിലെ വിവിധ സാമൂഹിക സംഘടന പ്രതിനിധികൾ ഉൾപ്പെട്ട നിയമസഹായ സമിതി രൂപവത്​കരിച്ചു. സൗദി ഭരണാധികാരിക്ക് ദയാഹരജിയും നൽകി. സാമൂഹിക പ്രവർത്തകനും റഹീമിന്റെ നാട്ടുകാരനുമായ അഷ്‌റഫ് വേങ്ങാട്, ഇന്ത്യൻ എംബസി പ്രതിനിധി യൂസുഫ് കാക്കഞ്ചേരി എന്നിവർ റഹീമിന്റെ മോചനത്തിന് പല ഇടപെടലുകളും നടത്തി.

കൈമെയ് മറന്ന് മലയാളികൾ ഒറ്റക്കെട്ടായി; സമാഹരിച്ചത് 34.45 കോടി രൂപ

ദിയാധനം കൊടുക്കാൻ പറഞ്ഞ തീയതി അവസാനിക്കാനിരിക്കെ മൂന്നാഴ്ച കൊണ്ടാണ് 34.45 കോടി രൂപ മലയാളികൾ സമാഹരിച്ചത്. നാട്ടുകാർ ഒത്തുചേർന്ന് അബ്ദുറഹീം നിയമസഹായ ട്രസ്റ്റ് രൂപവത്കരിച്ച് പ്രവർത്തനം ത്വരിതപ്പെടുത്തി. ഭാരവാഹികൾ ജില്ല ഭരണകൂടവുമായി ബന്ധപ്പെട്ട് തുക സമാഹരിക്കാൻ നിയമകാര്യങ്ങളിൽ വ്യക്തത വരുത്തി. ആദായ നികുതി വകുപ്പ്, റിസർവ് ബാങ്ക്, ഫെമ എന്നിവയിൽ നിന്ന് അനുമതി വാങ്ങി. കോഴിക്കോട്ടെ പി.എം. അ​സോസിയേറ്റ്സാണ് ഇക്കാര്യങ്ങൾക്ക് ട്രസ്റ്റിനെ സഹായിച്ചത്.

തുടർന്ന് മഞ്ചേരിയിലെ സ്പൈൻകോഡിന്റെ നേതൃത്വത്തിൽ സാമ്പത്തിക സമാഹരണത്തിന് ആപ് നിർമിച്ചു. ഓരോ സെക്കൻഡിലും അക്കൗണ്ടിലെത്തുന്ന തുക ആർക്കും കാണാ​വുന്ന തരത്തിലും സംഭാവനയായി നൽകുന്ന ഒരു രൂപക്കുപോലും രസീത് ലഭിക്കുന്ന തരത്തിലുമായിരുന്നു ​ആപ്പിന്റെ ക്രമീകരണം. പിന്നീട് ആയിരം അംഗങ്ങൾ വീതമുള്ള അഞ്ച് വാട്സ് ആപ് ഗ്രൂപ്പുകളുണ്ടാക്കി ധനസമാഹരണ വിവരങ്ങൾ ഷെയർ ചെയ്തു. ഇൻസ്റ്റഗ്രാം, ഫെയ്സ്ബുക്ക് അടക്കമുളളവ വഴിയും പ്രചാരണം തുടങ്ങി. ഇതോടെ ലോക മലയാളി ജനത സാമ്പത്തിക സമാഹരണം ഏറ്റെടുക്കുകയായിരുന്നു. ബോബി ചെമ്മണ്ണൂർ (ബോചെ) റഹീം സഹായ ഫണ്ടിനായി തെരുവിലിറങ്ങി കാമ്പയിൻ തുടങ്ങിയതും മുതൽക്കൂട്ടായി. പെരുന്നാൾ തലേന്ന് മാത്രം​ അഞ്ച്​ കോടിയോളം രൂപയാണ്​ അക്കൗണ്ടിൽ എത്തിയത്​.

ധനസമാഹരണം 34 കോടി കവിഞ്ഞെന്നും പണം പിരിക്കുന്നത് അവസാനിപ്പിച്ചെന്നും അബ്ദു റഹീം നിയമ സഹായ ട്രസ്റ്റ് ചെയർമാൻ കെ. സുരേഷ് കുമാറും ജനറൽ കൺവീനർ കെ.കെ. ആലിക്കുട്ടിയും അറിയിച്ചു. വെള്ളിയാഴ്ച വൈകീട്ടുവരെ അക്കൗണ്ടുകളിൽ 32.52 കോടി രൂപ എത്തി. വിവിധ സംഘടനകൾ സമാഹരിച്ച തുകയും ബോബി ചെമ്മണ്ണൂർ വാഗ്ദാനം ചെയ്ത ഒരുകോടി രൂപയും കൂടി ഉൾപ്പെടുത്തിയതോടെ ആകെ 34,45,46,568 രൂപയായി. ഇതോടെയാണ് പിരിവ് നിർത്തിയത്. എതാണ്ട് 30 കോടിക്ക് മുകളിൽ തുക എത്തിയതോടെ തന്നെ പണം പിരിക്കുന്ന ആപിന്റെ പ്രവർത്തനം താൽകാലികമായി നിർത്തിവെച്ചിരുന്നു. മൂന്നാഴ്ചകൊണ്ടാണ് ഇത്രയും തുക സമാഹരിച്ചത്. ഇനി വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ട് എംബസി വഴി പണം കൈമാറി റഹീമിന്റെ മോചനം സാധ്യമാക്കും. ഓഡിറ്റ് നടത്തിയശേഷം മുഴുവൻ തുകയുടെ കണക്കും ഔ​ദ്യോഗികമായി അറിയിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:abdul raheemAbdul Raheem Saudi Jail
News Summary - 2006 December 24: The day that changed Rahim's life
Next Story