സൗദിയിൽ കഴിഞ്ഞ വർഷം 1706 പേർ അവയവങ്ങൾ ദാനം ചെയ്തു
text_fieldsയാംബു: സൗദിയിൽ കഴിഞ്ഞ വർഷം 1,706 പേർ അവയവങ്ങൾ ദാനം ചെയ്തതായി സൗദി സെൻറർ ഫോർ ഓർഗൻ ട്രാൻസ് പ്ലാൻറേഷൻ വെളിപ്പെടുത്തി. മരണശേഷം അവയവങ്ങൾ ദാനം ചെയ്യാൻ മുന്നോട്ടുവന്നവർ 540,000 ആളുകളാണെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.
2023നെ അപേക്ഷിച്ച് 4.9 ശതമാനം വർധനയാണ് അവയവദാനത്തിൽ റിപ്പോർട്ട് ചെയ്തത്. അവയവ മാറ്റിവെക്കൽ ശസ്ത്രക്രിയകളിൽ കൂടുതൽ വൃക്ക മാറ്റിവെക്കലുകളാണ്. 1,284 വൃക്കകൾ മാറ്റിവെച്ചു. 422 കരൾ മാറ്റിവെക്കലും കഴിഞ്ഞ വർഷം നടന്നു.
കഴിഞ്ഞ വർഷം മരിച്ച അവയവദാതാക്കളിൽനിന്ന് 393 വിവിധ അവയവങ്ങൾ മാറ്റിവെച്ചതായും അധികൃതർ അറിയിച്ചു. ഇത് 12.3ശതമാനം വർധനയാണ് രേഖപ്പെടുത്തിയതെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. 101 കരളുകൾ, 40 ഹൃദയങ്ങൾ, 34 ശ്വാസകോശങ്ങൾ, 15 പാൻക്രിയാസ്, 67 കോർണിയകൾ, 7 ഹൃദയവാൽവുകൾ എന്നിവ മാറ്റിവച്ചവയുടെ കണക്കുകളിൽ പെടുന്നതായും സെൻറർ ഫോർ ഓർഗൻ ട്രാൻസ് പ്ലാൻറേഷൻ അതോറിറ്റി ചൂണ്ടിക്കാട്ടി.
സൗദി നിയമപ്രകാരം ഇസ്ലാമിക ശരീഅത്തിന് വിരുദ്ധമല്ലാത്ത രീതിയിൽ ജീവിച്ചിരിക്കെ അവയവങ്ങൾ ദാനം ചെയ്യാനും മരണാന്തരം അവയവദാനത്തിന് ‘വസിയത്ത്’ ചെയ്യാനും അനുമതിയുണ്ട്. പൂർണ മാനസികാരോഗ്യമില്ലാത്ത വ്യക്തി അവയവദാനം നടത്തുന്നത് നിയമം വിലക്കുന്നു.
മരണശേഷം തന്റെ അവയവം ദാനം ചെയ്യരുത് എന്ന് ഒരു വ്യക്തി ‘വസിയ്യത്ത്’ ചെയ്താൽ അയാളുടെ അവയവങ്ങൾ ദാനം ചെയ്യരുതെന്നും നിയമമുണ്ട്. ജീവനോടെയായാലും മരിച്ച നിലയിലായാലും അവയവദാനം ചെയ്യുന്ന ആളുടെ ശരീരവുമായി ബന്ധപ്പെട്ട ഒരു വിവരവും വെളിപ്പെടുത്തരുതെന്ന നിയമവും രാജ്യം കർശനമായി പാലിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

