നിയമലംഘനം നടത്തിയ 17 റിക്രൂട്ട്മെന്റ് ഓഫിസുകൾ താൽക്കാലികമായി അടച്ചുപൂട്ടി
text_fieldsറിയാദ്: രാജ്യത്ത് പ്രവർത്തിക്കുന്ന 18 റിക്രൂട്ട്മെന്റ് ഓഫിസുകൾ നിയമലംഘനം നടത്തിയതായി കണ്ടെത്തിയെന്ന് സൗദി മാനവ വിഭവശേഷി മന്ത്രാലയം അറിയിച്ചു. റിക്രൂട്ട്മെന്റ് മേഖല നിയന്ത്രിക്കുന്നതിനും അതിലിടപെടുന്നവരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായി ഈ വർഷം രണ്ടാം പാദത്തിൽ റിക്രൂട്ട്മെന്റ് ഓഫിസുകളിലും കമ്പനികളിലും നടത്തിയ പരിശോധനക്കിടയിലാണ് നിയമലംഘനങ്ങൾ കണ്ടെത്തിയത്.
നിയമാനുസൃത നടപടികൾ സ്വീകരിക്കേണ്ട നിരവധി ലംഘനങ്ങൾ കണ്ടെത്തിയതായി മന്ത്രാലയം വിശദീകരിച്ചു. 17 ഓഫിസുകളുടെ പ്രവർത്തനങ്ങൾ ഉടനടി താൽക്കാലികമായി നിർത്തിവെച്ചു. നിശ്ചിത കാലയളവിനുള്ളിൽ നിയമലംഘനങ്ങൾ തിരുത്തുന്നതിൽ പരാജയപ്പെട്ട ഒരു ഓഫീസിന്റെ ലൈസൻസ് റദ്ദാക്കി. റിക്രൂട്ട്മെന്റ് രീതികളുടെ ലംഘനം, തൊഴിൽ സേവനങ്ങളുടെ ലംഘനം, ക്ലയന്റുകൾക്ക് നൽകേണ്ട തുക തിരികെ നൽകുന്നതിലെ കാലതാമസം, കരാർ നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട ലംഘനങ്ങൾ എന്നിവയാണ് കണ്ടെത്തിയ ലംഘനങ്ങൾ.
തൊഴിൽവിപണിയിലെ അനുസരണം വർധിപ്പിക്കുന്നതിനും നൽകുന്ന സേവനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള മന്ത്രാലയത്തിന്റെ പ്രവർത്തനങ്ങളുടെ ചട്ടക്കൂടിനുള്ളിലാണ് ഇത് വരുന്നത്. ഗുണഭോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനും ‘വിഷൻ 2030’ ലക്ഷ്യങ്ങളെ പിന്തുണക്കുന്നതിനും സഹായിക്കുന്ന സംഘടിതവും സുതാര്യവും സുസ്ഥിരവുമായ തൊഴിൽ അന്തരീക്ഷം സാധ്യമാക്കാനാണ് മന്ത്രാലയം ശ്രമിക്കുന്നത്. റിക്രൂട്ട്മെന്റ് ഓഫിസുകളുടെ പ്രകടനം നിരന്തരം നിരീക്ഷിക്കുന്നുണ്ടെന്നും ചട്ടങ്ങൾ പാലിക്കാത്തവർക്കെതിരെ പിഴ ചുമത്തുന്നുണ്ടെന്നും മന്ത്രാലയം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

