സൗദിയിൽ ഒരാഴ്ചക്കിടെ 15,812 വിദേശ തൊഴിലാളികൾ അറസ്റ്റിൽ
text_fieldsRepresentational Image
അൽഖോബാർ: സൗദി അറേബ്യയുടെ വിവിധ പ്രദേശങ്ങളിൽ താമസ, തൊഴിൽ, അതിർത്തി സുരക്ഷാനിയമങ്ങൾ ലംഘിച്ച 15,812 വിദേശി തൊഴിലാളികൾ അറസ്റ്റിൽ. സെപ്റ്റംബർ ഏഴ് മുതൽ 13 വരെ രാജ്യത്തുടനീളം സുരക്ഷസേനയുടെ വിവിധ യൂനിറ്റുകൾ നടത്തിയ സംയുക്ത പരിശോധനയിലാണ് നിയമലംഘകരെ പിടികൂടിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
9,801 താമസനിയമ ലംഘകരും 3,804 അതിർത്തി സുരക്ഷ നിയമലംഘകരും 2,207 തൊഴിൽ നിയമ ലംഘകരുമാണ് അറസ്റ്റിലായത്. രാജ്യത്തേക്ക് അതിർത്തിവഴി നുഴഞ്ഞുകടക്കാൻ ശ്രമിക്കുന്നതിനിടെ 827 പേരും പിടിയിലായി. ഇതിൽ 61 ശതമാനം പേർ യമനികളും 18 ശതമാനം ഇത്യോപ്യക്കാരും 21 ശതമാനം മറ്റ് രാജ്യക്കാരുമാണ്. 45 പേർ സൗദി അറേബ്യയിൽനിന്ന് പുറത്തുകടക്കാൻ ശ്രമിച്ച് പിടിക്കപ്പെട്ടു.
താമസ-തൊഴിൽ നിയമ ലംഘകരായ ആളുകൾക്ക് ഗതാഗത, താമസ സൗകര്യം നൽകുകയും വിവരങ്ങൾ മറച്ചുവെക്കുകയും ചെയ്ത 15 പേരും അറസ്റ്റിലായിട്ടുണ്ട്. ആകെ 44,016 നിയമലംഘകർ നിലവിൽ നിയന്ത്രണങ്ങൾ ലംഘിച്ചതിന് നിയമനടപടിക്രമങ്ങൾക്ക് വിധേയരായിട്ടുണ്ട്. അതിൽ 36,701 പുരുഷന്മാരും 7,315 സ്ത്രീകളുമാണ്. 37,221 പേരുടെ യാത്രാരേഖകൾ ലഭിക്കുന്നതിന് അതത് നയതന്ത്ര ഓഫിസുകളുമായി ബന്ധെപ്പട്ടിട്ടുണ്ട്. 2,017 പേരുടെ യാത്രാടിക്കറ്റ് റിസർവേഷൻ പൂർത്തിയാക്കാൻ റഫർ ചെയ്തു. നടപടികളെല്ലാം പൂർത്തിയായ 9,576 പേരെ ഒരാഴ്ചക്കുള്ളിൽ നാടുകടത്തുകയും ചെയ്തു.
നുഴഞ്ഞുകയറ്റക്കാർക്ക് രാജ്യത്തേക്ക് കടക്കാനും തങ്ങാനും സഹായമോ സൗകര്യമോ നൽകുന്നവർക്ക് 15 വർഷം വരെ തടവും പരമാവധി 10 ലക്ഷം റിയാൽ പിഴയും ശിക്ഷയായി ലഭിക്കുമെന്നും ഗതാഗതത്തിന് ഉപയോഗിച്ച വാഹനങ്ങളും താമസ സൗകര്യമൊരുക്കിയ കെട്ടിടങ്ങളും കണ്ടുകെട്ടുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.